ഇന്ത്യയിലെ ഏറ്റവും മികച്ച 15 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒമ്പതും കേരളത്തില്‍

Posted on: December 5, 2016 6:12 am | Last updated: December 5, 2016 at 11:16 am

keralaകൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒമ്പത് എണ്ണവും കേരളത്തിലാണെന്ന് ലോകത്തിലെ ഏറ്റവും മികച്ച ട്രാവല്‍ സൈറ്റായ ട്രിപ് അഡൈ്വസറിന്റെ അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്‌സ് വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ശരത്കാലത്തില്‍ പ്രസ്തുത കേന്ദ്രങ്ങളിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്. 2015 സെപ്തംബര്‍ മുതല്‍ 2016 ഒക്‌ടോബര്‍ 15 വരെയുള്ള സഞ്ചാരികളുടെ എണ്ണമാണ് അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്‌സിന്റെ മാനദണ്ഡം.
അതിരപ്പിള്ളി വെള്ളച്ചാട്ടം, വയനാട്ടിലെ ബാണാസുരസാഗര്‍, തേക്കടി പെരിയാര്‍ തടാകം, വാഗമണ്‍, മാട്ടുപെട്ടി ഡാം, കോവളം ബീച്ച്, കല്‍പ്പറ്റയിലെ സൂചിപ്പാറ (സെന്റിനെല്‍റോക് വാട്ടര്‍ ഫോള്‍സ്) വെള്ളച്ചാട്ടം, കൊച്ചിയിലെ ചെറായി ബീച്ച്, കല്‍പ്പറ്റയിലെ ചെമ്പറ പീക് എന്നിവയാണ് കേരളത്തില്‍ ഏറ്റവും
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

thekkady_0ഗോവയിലെ അര്‍പോര സാറ്റര്‍ഡേ നൈറ്റ് മാര്‍ക്കറ്റ്, സിക്കിം ഗാങ്‌ടോക്കിലെ നാഥുലചുരം, മഹാരാഷ്ട്ര കാണ്ഡലയിലെ ലോഹ്ഘട്ട് കോട്ട, ന്യൂഡല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്‍, ഗോവ പോണ്ടായിലെ സഹാകരി സ്‌പൈസ് ഫാം, ആന്ധ്രയിലെ സാന്‍ കഡാപ ഗണ്ടികോട്ട ഫോര്‍ട്ട് എന്നിവയാണ് ഇന്ത്യയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ലോകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ അതിരപ്പിള്ളി നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണെന്ന് ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു. അതിരപ്പള്ളിയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 507 ശതമാനമാണ് പ്രതിവര്‍ഷ വര്‍ധന. ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയില്‍ വലുപ്പത്തില്‍ രണ്ടാമത്തേതുമായ എര്‍തേണ്‍ ഡാമായ ബാണാസുര സാഗര്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ 136 ശതമാനമാണ് വര്‍ധന.

തേക്കടി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 115 ശതമാനം വര്‍ധനയാണുള്ളത്.