Connect with us

Sports

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: എറണാകുളം കുതിക്കുന്നു

Published

|

Last Updated

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ എറണാകുളം കുതിപ്പ് തുടരുന്നു. രണ്ടാം ദിന പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ 113 പോയിന്റോടെ വ്യക്തമായ ലീഡ് നേടിയാണ് എറണാകുളത്തിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 92 പോയിന്റാണുള്ളത്. 36 പോയിന്റുമായി കോഴിക്കോട് മൂന്നാമതാണ്.

ഇന്നലെ നാല് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. ആദ്യ ഇനമായ ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തിലാണ് ആദ്യ റെക്കോര്‍ഡ്. പാലക്കാട് കല്ലടി സ്‌കൂളിന്റെ എ പി അശ്വിന്‍ ശങ്കറാണ് റെക്കോര്‍ഡിന് അവകാശിയായത്. 22:48.02 സെക്കന്‍ഡിലാണ് അശ്വിന്‍ ഈ ദൂരം നടന്നുതീര്‍ത്തത്. കഴിഞ്ഞ വര്‍ഷം പറളിയുടെ സി ടി നിതീഷ് സ്ഥാപിച്ച 23:04.96 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് അശ്വിന്‍ പഴങ്കഥയാക്കിയത്. വെള്ളി നേടിയ കണ്ണൂര്‍ എളയാവൂര്‍ സി എച്ച് എം എച്ച് എസ് എസിലെ മുഹമ്മദ് അഫ്ഷാനും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 22:53.46 സെക്കന്‍ഡിലാണ് അഫ്ഷാന്‍ ഫിനിഷ് ചെയ്തത്.

ആദ്യമായി 5000 മീറ്ററില്‍ മത്സരിക്കാനിറങ്ങിയ കോതമംഗലം മാര്‍ബേസില്‍ എച്ച് എസ് എസിലെ അനുമോള്‍ തമ്പിക്കാണ് രണ്ടാം റെക്കോര്‍ഡ്. 17 മിനുട്ട് 14.27 സെക്കന്‍ഡില്‍ എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് അനുമോള്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത്. 2013ല്‍ മുണ്ടൂര്‍ സ്‌കൂളിന്റെ പി യു ചിത്ര കുറിച്ച 17:24.94 സെക്കന്‍ഡിന്റെ റെക്കോര്‍ഡ് അനുമോള്‍ കീഴടക്കിയത്. ആദ്യ ദിനം 3000 മീറ്ററില്‍ അനുമോള്‍ വെള്ളി നേടിയിരുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ്‌ത്രോയില്‍ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച് എസ് എസിലെ പി എ അതുല്യയാണ് മൂന്നാം റെക്കോര്‍ഡിന് അവകാശി. 13 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അതുല്യയുടെ കൈക്കരുത്തില്‍ ഇന്നലെ വഴിമാറിയത്. 35.41 മീറ്ററാണ് പുതിയ റെക്കോര്‍ഡ്. 2003ല്‍ കോതമംഗലം മാര്‍ബേസിലിന്റെ അനിത എബ്രഹാം സ്ഥാപിച്ച 35.17 മീറ്ററിന്റെ റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലാണ് നാലാം റെക്കോര്‍ഡ്. ഉയരങ്ങള്‍ താണ്ടുന്നത് ഹരമാക്കിയ മാറ്റിയ പാലക്കാട് കല്ലടി സ്‌കൂളിന്റെ നിവ്യ ആന്റണി ദേശീയ റെക്കോര്‍ഡും മറികടന്ന പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് നിവ്യ തന്നെ സ്ഥാപിച്ച 3.30 മീറ്ററിന്റെ റെക്കോര്‍ഡ് 15 സെന്റമീറ്റര്‍ കൂടുതല്‍ ചാടിയാണ് തിരുത്തിയത്. 3.45 മീറ്ററാണ് ഇന്നലെ നിവ്യ കീഴടക്കിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ മാര്‍ ബേസില്‍ സ്‌കൂളിന്റെ ദിവ്യ മോഹന്‍ 3.20 മീറ്റര്‍ ചാടി സ്ഥാപിച്ചതാണ് ദേശീയ റെക്കോര്‍ഡ്.

 

Latest