Connect with us

Editorial

ക്വാറി ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി

Published

|

Last Updated

ക്വാറി ഉടമകള്‍ക്കും സര്‍ക്കാറിനും കനത്ത തിരിച്ചടിയാണ് ക്വാറികള്‍ക്കുള്ള പരിസ്ഥിതി അനുമതി സംബന്ധിച്ച വെള്ളിയാഴ്ചത്തെ സുപ്രീം കോടതി വിധി. അഞ്ച് ഹെക്ടറിന് താഴെയുള്ള ചെറുകിട ക്വാറികള്‍ നിര്‍ബന്ധമായും പരിസ്ഥിതി അനുമതി വാങ്ങിയിരിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടമനുസരിച്ച് അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി വേണ്ടെന്ന ക്വാറി ഉടമകളുടെ വാദവും ചെറുകിട ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കുന്നത് നിര്‍മാണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദവും കോടതി അംഗീകരിച്ചില്ല. റോഡ് നീളെ ക്വാറികളായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പരിസ്ഥിതി സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി, ചെറുകിട ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹരജി തള്ളുകയും ചെയ്തു. നേരത്തെ ദീപക് കുമാര്‍ കേസില്‍ പരിസ്ഥിതി അനുമതിക്കാര്യത്തില്‍ സുപ്രീം കോടതി കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം കേരളത്തിന് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
പാറമടകളില്‍ കരിങ്കല്‍ ഖനനം നടത്തുന്നതിന് മലിനീകരണ നിയന്ത്രണ വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഫയര്‍ഫോഴ്‌സ്, ബ്ലാസ്റ്റിംഗ്, തൊഴില്‍വകുപ്പുകള്‍, പഞ്ചായത്ത് ഡി ആന്‍ഡ് ഒ എന്നിവയുടെയെല്ലാം അനുമതി വേണമെന്നാണ് ചട്ടം. ഇത്തരം അനുമതികളൊന്നുമില്ലാതെയാണ് മിക്ക ക്വാറികളും പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ നടന്ന ഒരു അന്വേഷണത്തില്‍ സംസ്ഥാനത്ത് 511 ക്വാറികള്‍ മതിയായ അനുമതി പത്രങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നിയമപ്രകാരം ലൈസന്‍സ് എടുക്കാതെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു അനധികൃതമായി രേഖകളുണ്ടാക്കിയാണ് ചില ക്വാറികളുടെയും പ്രവര്‍ത്തനം. പതിച്ചു നല്‍കാനായി ചട്ടപ്രകാരം പട്ടയം അനുവദിച്ച ഭൂമിയില്‍ പോലും ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചു ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ട്. ഇതുസംബന്ധിച്ചു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട പ്രൊഫ. മാധവ്ഗാഡ്ഗില്‍ കമ്മിറ്റി പരിസ്ഥിതി ദുര്‍ബലമായി കണ്ടെത്തിയ പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളിലും ക്വാറികള്‍ ധാരാളം പ്രവര്‍ത്തിക്കുന്നുണ്ട്. അതാത് പ്രദേശങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഉദ്യാഗസ്ഥ- ക്വാറി മാഫിയ അനധികൃത ബന്ധം അറിയാമെങ്കിലും ക്വാറികള്‍ അവരുടെ ഫണ്ട് ബാങ്കായതിനാല്‍ അറിയാത്ത ഭാവം നടിക്കുകയാണ്.
ജനവാസ മേഖലയില്‍ നിന്നു കുറഞ്ഞത് നൂറ് മീറ്ററും പൊതുവഴിയില്‍ നിന്ന് 400 മീറ്ററും ക്വാറികള്‍ക്ക് അകലം വേണമെന്നാണ് നിയമം. എന്നാല്‍ പല ക്വാറികള്‍ക്കും ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ പോലും അകലമില്ല. കരിങ്കല്‍ കഷ്ണങ്ങള്‍ തെറിച്ചു വീഴുന്നത് ഉള്‍പ്പെടെ ഇത്തരം ക്വാറികള്‍ സമീപത്തെ വീടുകള്‍ക്കും അങ്കണ്‍വാടികള്‍ക്കും മറ്റും ഭീഷണി ഉയര്‍ത്തുന്നു. തറനിരപ്പില്‍ നിന്ന് അമ്പത് മീറ്ററില്‍ അധികം ആഴത്തില്‍ ഖനനം നടത്താന്‍ പാടില്ലെന്ന ചട്ടവും പാലിക്കപ്പെടാറില്ല. പ്രവര്‍ത്തനം നിര്‍ത്തുന്ന പാറമടകള്‍ ഉടമകള്‍ തന്നെ മണ്ണിട്ട് നികത്തുകയോ, സുരക്ഷാ വേലികള്‍ തീര്‍ക്കുകയോ ചെയ്യണമെന്നത് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനയാണ്. ഇതും കടലാസില്‍ ഒതുങ്ങുന്നു. ആഴമേറിയ ഇത്തരം ക്വാറികളില്‍ മഴക്കാലത്ത് വെള്ളം നിറഞ്ഞു കുട്ടികള്‍ മുങ്ങിമരിക്കുന്ന സംഭവം പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് മിക്ക ക്വാറികളിലും പാറ പൊട്ടിക്കുന്നത്. ഇതിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ വിറക്കുകയും പരിസര വാസികളുടെ ജീവതം ദുസ്സഹമാവുകയും ചെയ്യുന്നു. ക്വാറികള്‍ സൃഷ്ടിക്കുന്ന ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങളും ഒട്ടേറെയാണ്.
കഴിഞ്ഞ വര്‍ഷം സി പി മുഹമ്മദ് എം എല്‍ എ അധ്യക്ഷനായുള്ള നിയമസഭാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കരിങ്കല്‍ ക്വാറികളുടെ നിയമ ലംഘനങ്ങളെും ഇത് തടയുന്നതില്‍ അധികൃതര്‍ കാണിക്കുന്ന കുറ്റകരമായ വീഴ്ചയും വിശദമായി ചുണ്ടിക്കാട്ടുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ നിന്നുണ്ടാകേണ്ട അകലവും പാറപൊട്ടിക്കാനാവശ്യമായ സ്‌ഫോടക വസ്തുക്കള്‍ കൈവശം വെക്കുന്നതും പ്രയോഗിക്കുന്നതും സംബന്ധിച്ച നിബന്ധനകളും മിക്ക ക്വാറികളും പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മിറ്റി ഇതു സംബന്ധിച്ചു പരിശോധന നടത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ നിലവിലില്ലെന്നാണ് വിലയിരുത്തിയത്. നിയമവിരുദ്ധ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി 2008ല്‍ നടത്താനിരുന്ന അന്വേഷണം റവന്യൂ ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അനധികൃത ക്വാറികള്‍ക്കെതിരെ മൈനിംഗ് ആന്‍ഡ് ജീയോളജി വകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തുകയുണ്ടായി. കേസ് വിചാരണക്കിടെ സുപ്രീംകോടതി സന്ദേഹിച്ചത് പോലെ ക്വാറി ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് സംശയിപ്പിക്കുന്നതാണ് ഇതുസംബന്ധിച്ച വകുപ്പുകളുടെ നിലപാടും നിയമസഭാ കമ്മിറ്റി റിപ്പോര്‍ട്ടും.

Latest