Connect with us

National

നോട്ടുമാറ്റം: സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ടുനിരോധവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് റിസര്‍വ് ബേങ്ക്. ഇതുമായി ബന്ധപ്പെട്ട വ്യാജ സര്‍ക്കുലറുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നിര്‍ദേശം നല്‍കി. റിസര്‍വ് ബേങ്ക് നേരിട്ടുനല്‍കുന്ന നിര്‍ദേശങ്ങള്‍ മാത്രം പാലിക്കുക. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റിസര്‍വ് ബേങ്ക് അറിയിച്ചു. പുതിയ നിര്‍ദേശങ്ങളെല്ലാം ഉടന്‍ തന്നെ ആര്‍ ബി ഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ഔദ്യോഗിക മെയില്‍ സന്ദേശം അയക്കുകയും ചെയ്യാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സമൂഹിക മാധ്യമങ്ങളിലൂടെ മാര്‍ഗരേഖകള്‍ എന്ന നിലയില്‍ പ്രചരിക്കുന്ന ചില കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയിലും ബേങ്ക് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നാണ് റിസര്‍വ് ബേങ്കിന്റെ വിലയിരുത്തല്‍. 2000ന്റെ നോട്ടില്‍ നാനോ ചിപ്പുകള്‍ ഉണ്ടെന്നതടക്കമുള്ള കല്‍പ്പിത കഥകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് നിഷേധിച്ച് ബേങ്ക് അധികൃതര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, നോട്ടുമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാറും, റിസര്‍വ് ബേങ്കും അടിക്കടി പുതിയ ചട്ടങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായിരിക്കുന്നത്.

Latest