ശമ്പള വിതരണവും അവതാളത്തില്‍

Posted on: December 3, 2016 6:00 am | Last updated: December 3, 2016 at 10:10 am

SIRAJകറന്‍സി പ്രതിസന്ധിയില്‍ ശമ്പളവും പെന്‍ഷന്‍ വിതരണവും അലങ്കോലപ്പെട്ടു. മതിയായ തുക ലഭിക്കാത്തതിനെ തുടര്‍ന്ന് നോട്ട് നിരോധത്തിന് ശേഷമുള്ള ആദ്യ മാസത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം പിന്നിട്ടിട്ടും ട്രഷറികള്‍ക്കായില്ല. ഒന്നാം തീയതി ബേങ്കുകള്‍ക്കും ട്രഷറികള്‍ക്കുമായി 1,000 കോടി രൂപ അനുവദിച്ചെങ്കിലും ബേങ്കുകള്‍ കുറഞ്ഞ തുകയാണ് ട്രഷററികള്‍ക്ക് നല്‍കിയത്. ഒന്നാം തിയതിലെ ശമ്പള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 167 കോടി രൂപ ആവശ്യപ്പെട്ടിടത്ത് ട്രഷറിയിലെത്തിയത്111 കോടി രൂപ മാത്രം. ചില ട്രഷറികളില്‍ ഒന്നാം തിയതി തീരെ പണമെത്തിയില്ല. മാസാദ്യത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരും ശമ്പളത്തിനായി ബേങ്കുകളെ സമീപിക്കുന്നത് കണക്കിലെടുത്താണേത്ര ബേങ്കുകള്‍ ട്രഷറികള്‍ക്കുള്ള വിഹിതം കുറച്ചത്. കിട്ടിയ തുക തങ്ങളുടെ ആവശ്യത്തിന് തന്നെ തികയുന്നില്ലെന്നായിരുന്നു ബേങ്ക് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇതെതുടര്‍ന്ന് ശമ്പളത്തിനായി ട്രഷറികളിലെത്തിയ ഒട്ടേറെ ജീവനക്കാര്‍ മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം നിരാശരായി മടങ്ങി.

ഇന്നലെയും സ്ഥിതി ഭിന്നമായിരുന്നില്ല. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഇന്നലെ 250 കോടിയെങ്കിലും നല്‍കണമെന്നും ഇതില്‍ 127 കോടി രാവിലത്തെ വിതരണത്തിനായി ലഭ്യമാക്കണമെന്നുമായിരുന്നു ധനവകുപ്പ് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ രാവിലത്തെ ഇടപാടിന് ട്രഷറികളില്‍ ലഭിച്ചത് 57 കോടി മാത്രം. തുച്ഛമായ തുകകള്‍ മാത്രമാണ് പല ട്രഷറികള്‍ക്കും ഇന്നലെ വിതരണം ചെയ്തത്. ജില്ലാ ട്രഷറികളില്‍ സ്വല്‍പം മെച്ചമായിരുന്നെങ്കിലും നഗരങ്ങള്‍ക്ക് പുറത്തുള്ള ട്രഷറികളിലേക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ആവശ്യമായതിന്റെ നാലിലൊന്ന് പണം പോലും എത്തിയില്ല. ശമ്പള ദിവസങ്ങളായതിനാല്‍ ഇന്നലെയും മിനിയാന്നും സാധാരണക്കാരന്റെ ദുരിതം വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പണം ലഭിച്ചുകൊണ്ടിരുന്ന മിക്ക എ ടി എമ്മുകളും ഇപ്പോള്‍ കാലിയാണ്.

ആവശ്യത്തിന് പണം ലഭിക്കാതെ ബേങ്കുകള്‍ വിഷമിക്കുമ്പോള്‍ പുറത്ത് ചിലരുടെ കൈകളില്‍ യഥേഷ്ടം പുതിയ നോട്ടുകള്‍ വന്നു ചേരുന്നത് ദുരൂഹമാണ്. ബംഗളുരുവിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 4.7 കോടിയുടെ പുതിയ 2,000 രൂപയുടെ നോട്ടുകളാണ്. സേലത്ത് നടന്ന വാഹന പരിശോധനയില്‍ ബി ജെ പിയുടെ സേലം യുവജന വിഭാഗം സെക്രട്ടരി ജെ വി ആര്‍ അരുണ്‍ പിടിയിലായത് 20.5 ലക്ഷത്തിന്റെ പുതിയ കറന്‍സിയുമായാണ്. ഇത് പരിശോധനയില്‍ പിടിക്കപ്പെട്ടത് മാത്രമാണ്. പുതിയ നോട്ടുകള്‍ കോടിക്കണക്കിന് കൈവശപ്പെടുത്തിയവര്‍ ഇനിയുമുണ്ടാകും ധാരാളം. ബേങ്കുകളില്‍ നിന്ന് പുതിയ നോട്ടുകളുടെ വിതരണം ഒരാഴ്ചയില്‍ 24,000 രൂപ മാത്രമാണെന്നിരിക്കെ ഒരാള്‍ മൂന്നാഴ്ച കൊണ്ട് 4.7 കോടിയുടെ നോട്ടുകള്‍ എങ്ങനെ സമ്പാദിച്ചുവെന്ന ചോദ്യത്തിന് അധികൃതര്‍ മറുപടി പറയേണ്ടതുണ്ട്. ബേങ്ക് ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് ഇതിന് പിന്നിലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നതെങ്കിലും അതിലുമപ്പുറം ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്കും സംശയിക്കണം. അംബാനിയെയും അദാനിയെയും പോലെയുള്ള കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് മുന്നേ വിവരം നല്‍കിയാണ് നോട്ട് നിരോധം നടപ്പാക്കിയതെന്ന വസ്തുത വെളിപ്പെടുത്തിയത് ഒരു ബി ജെ പി നേതാവ് തന്നെയാണല്ലോ.

ധീര നടപടിയെന്ന് ചില കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ച നോട്ട് നിരോധം തനി മണ്ടത്തരമായെന്ന് ഇപ്പോള്‍ അവര്‍ തന്നെ പറഞ്ഞു കൊണ്ടിരിക്കയാണ്. കള്ളപ്പണം കണ്ടെത്താനെന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ നിരോധത്തിന് ശേഷം പിന്നിട്ട നാലാഴ്ചകളില്‍ ബേങ്കുകളിലെത്തിയ പഴയ കറന്‍സിയുടെ കണക്കെടുക്കുമ്പോള്‍ പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് കള്ളപ്പണം പോലും ബേങ്കുകളില്‍ എത്തിയിട്ടില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. അല്ലെങ്കിലും കറന്‍സികളിലല്ലല്ലോ അതിസമ്പന്നര്‍ കള്ളപ്പണം സൂക്ഷിക്കുന്നത്. കള്ളപ്പണത്തില്‍ നിന്ന് കറന്‍സി രഹിത ഇന്ത്യയിലേക്കുള്ള മോദിയുടെയും ജയ്റ്റ്‌ലിയുടെയും ചുവടുമാറ്റവും ദൗത്യം പാളിയതിന്റെ സൂചനയാണ്. നിരോധ നടപടി സര്‍ക്കാറിനുണ്ടാക്കിയ ചെലവും ഇതുവരെ ലഭിച്ച കള്ളപ്പണവും കണക്കിലെടുക്കുമ്പോള്‍ ഇതൊരു നഷ്ടക്കച്ചവടമാണെന്ന് ബോധ്യമാകും. മൂന്ന് ലക്ഷം കോടിയിലേറെ കള്ളപ്പണം എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എത്തിയത് ഒരു ലക്ഷം കോടി രൂപയില്‍ തഴെ മാത്രമാണ്. പുതിയ നോട്ടിന്റെ അച്ചടി, വിമാനത്തിലും ഹെലികോപ്ടറിലുമായി എത്തിക്കാനുള്ള ചിലവ്, പഴയനോട്ട് ഒഴിവാക്കല്‍ ഉള്‍പ്പെടെ നടത്തിപ്പ് ചെലവ് തുടങ്ങിയവക്കായി 1,28,000 കോടി രൂപ ചിലവ് വരുമെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമിയുടെ വിലയിരുത്തല്‍. പ്രതിസന്ധി വ്യാപാര, വ്യാവസായിക മേഖലക്കും മറ്റും ഉണ്ടാക്കിയ ക്ഷീണം കൂടി കണക്കാക്കിയാല്‍ നഷ്ടം പല മടങ്ങാകും.