Connect with us

Thrissur

ഏക സിവില്‍ കോഡ്; രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുക്കും: കാന്തപുരം

Published

|

Last Updated

തൃശൂര്‍: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങളിലൂടെ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുങ്ങുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.— ബഹുസ്വരതയിലാണ് ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുന്നത്. മത വൈജാത്യങ്ങള്‍ ഉള്‍ക്കൊണ്ട് സൗഹൃദത്തോടെ ജീവിച്ചവരാണ് പൂര്‍വികരായ നമ്മുടെ രാഷ്ട്ര ശില്‍പികള്‍. അവരാരും തന്റെ വിശ്വാസത്തിനനുസരിച്ച് മറ്റു മതങ്ങളുടെ വിശ്വാസാചാരങ്ങളെ മാറ്റിമറിക്കണമെന്ന് പറഞ്ഞിട്ടില്ല.

ഇസ്‌ലാം വിശ്വ മാനവികതയുടെ ദര്‍ശനമാണ്. തീവ്രവാദവും ഭീകരവാദവും മതം അംഗീകരിക്കുന്നില്ല. മാനവികതയില്‍ വിശ്വസിച്ച് സ്‌നേഹത്തിന്റെ ദര്‍ശനം പകര്‍ന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ) സ്രഷ്ടാവിന്റെ കല്‍പനക്കനുസൃതമായി നടത്തിയ അധ്യാപനങ്ങളാണ് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം. അതില്‍ ഒരു തരത്തിലുള്ള മാറ്റങ്ങളും സാധ്യമല്ല. ഇത് മാറ്റാന്‍ ആര്‍ക്കും അധികാരമില്ല. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മത സ്വാതന്ത്ര്യമാണ് ബഹുസ്വരതയിലധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത. ഓരോ വ്യക്തിക്കും വിശ്വാസ ആചാരങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഇവിടെ ഹനിക്കപ്പെടരുത്. ദേശിയോദ്ഗ്രഥനവും ഐക്യവും ആഗ്രഹിക്കുന്ന ഭരണത്തലവനില്‍ നിന്നും ജനങ്ങളാഗ്രഹിക്കുന്നത് മതങ്ങളുടെ വ്യക്തിത്വം അംഗീകരിച്ച് ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനെയാണ്.—

ഏതെങ്കിലും മതത്തിന്റെ നയങ്ങളല്ല രാജ്യത്തിന്റെ “ഭരണഘടന അനുശാസിക്കുന്നത്. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ മുഖമുദ്ര. ഏക സിവില്‍ കോഡിലൂടെ ഏത് മതത്തിന്റെ വ്യവസ്തൃതിയാണ് നടപ്പിലാക്കുകയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇതുവരെ ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാര്‍ സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി മാടവന പി എസ് കെ മൊയ്തു ബാഖവി പ്രമേയ പ്രഭാഷണം നടത്തി.