വിവാഹ ധൂര്‍ത്തില്‍ ജനാര്‍ദന്‍ റെഡ്ഢി കുടുങ്ങിയേക്കും

Posted on: December 2, 2016 8:28 am | Last updated: December 2, 2016 at 12:17 pm

gali-janardhan-reddy-daughter-lcd-screen-video-wedding-invitationബെംഗളൂരു: കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബി ജെ പി നേതാവും മുന്‍ കര്‍ണാടക മന്ത്രിയുമായ ജി ജനാര്‍ദന്‍ റെഡ്ഢിക്കെതിരായി എന്ത് നടപടിയെടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്. 500 കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹ മാമാങ്കം നടത്തിയതിലൂടെ ഇതിനകം ആദായ നികുതി വകുപ്പിന്റെ നടപടികള്‍ക്ക് വിധേയമായിട്ടുണ്ട് റെഡ്ഢി.

50 കോടിയുടെ സ്വര്‍ണവും 17 കോടി രൂപയുടെ സാരിയുമാണ് വധു വിവാഹ സമയത്ത് ധരിച്ചത്. കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹിതയായ സ്ത്രീക്ക് ഇനി മുതല്‍ 62.5 പവന്‍ സ്വര്‍ണം മാത്രമേ കൈവശം വെക്കാന്‍ കഴിയൂ. അതല്ലെങ്കില്‍ കൃത്യമായ സ്രോതസ്സ് കാണിക്കണം. കള്ളപ്പണത്തിലൂടെ വാങ്ങിക്കൂട്ടിയ സ്വര്‍ണം പിടിച്ചെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ആദ്യം പിടിവീഴേണ്ടത് ജനാര്‍ദന്‍ റെഡ്ഢിക്ക് മേല്‍ തന്നെയാണ്.

അതിനിടെ, കര്‍ണാടകയിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ വരവില്‍ വ്യാപകമായി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ആദായ നികുതി വകുപ്പിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പണം സമ്പാദിച്ചവരുടെ പേര് വിവരങ്ങള്‍ പൂര്‍ണമായും അധികൃതര്‍ ശേഖരിച്ച് കഴിഞ്ഞു. ഇന്നലെ നടന്ന റെയ്ഡ് പലരേയും പരിഭ്രാന്താരാക്കിയിരിക്കുകയാണ്.