സര്‍വേക്കെത്തിയ ഗെയില്‍ ജീവനക്കാരെ വീണ്ടും തടഞ്ഞു

Posted on: December 1, 2016 2:36 pm | Last updated: December 1, 2016 at 2:49 pm
താമരശ്ശേരി ചാലക്കരയില്‍ സര്‍വേ നടത്താനെത്തിയ ഗെയില്‍ ജീവനക്കാരെ തടയുന്നു
താമരശ്ശേരി ചാലക്കരയില്‍ സര്‍വേ നടത്താനെത്തിയ ഗെയില്‍ ജീവനക്കാരെ തടയുന്നു

താമരശ്ശേരി: കൊച്ചി- മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായി കെടവൂര്‍ വില്ലേജിലെ ചാലക്കരയില്‍ സര്‍വേ നടത്താനെത്തിയ ഗെയില്‍ ജീവനക്കാരെ വീണ്ടും തടഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വാതക പൈപ്പ് ലൈന്‍ ഇരകള്‍ സംയുക്തമായാണ് സര്‍വേ നടത്താനെത്തിയവരെ തടഞ്ഞ് തിരിച്ചയച്ചത്.

വെള്ളിയാഴ്ച വന്‍ പോലീസ് സന്നാഹത്തില്‍ സര്‍വേ നടത്താനെത്തിയെങ്കിലും പ്രതിഷേധം കാരണം സര്‍വേ നിര്‍ത്തിവെക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. ജനകീയ ആക്ഷന്‍ കമ്മിറ്റി ബദല്‍ അലൈന്‍മെന്റ് തയ്യാറാക്കി ചൊവ്വാഴ്ച ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കുകയും ഇതില്‍ തീരുമാനം ആകുന്നവരെ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച ഗെയില്‍ ജീവനക്കാര്‍ ഇന്നലെ രാവിലെ വീണ്ടും സര്‍വേ നടത്താനെത്തുകയായിരുന്നു.

താമരശ്ശേരി എസ് ഐ നൗഫലിന്റെ നേതൃത്വത്തിലുള്ള ഏതാനും പോലീസുകാരാണ് ഗെയില്‍ ജീവനക്കാര്‍ക്കൊപ്പം എത്തിയത്. ഇവരെ സംസ്ഥാന പാതയില്‍ തന്നെ തടയുകയായിരുന്നു. സര്‍വേ നടത്തേണ്ട പ്രദേശത്തേക്കുള്ള റോഡില്‍ കരിങ്കല്ലുകൊണ്ട് പ്രതിരോധം തീര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ മറുഭാഗത്ത് സംഘടിക്കുകയും ചെയ്തിരുന്നു. ജനകീയ കമ്മിറ്റി സമര്‍പ്പിച്ച അലൈന്‍മെന്റ് പരിശോധിക്കാനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കോമ്പിറ്റന്റ് അതോറിറ്റി വെള്ളിയാഴ്ച പ്രദേശത്തെത്തുമെന്നും അതുവരെ സര്‍വേ നടപടികള്‍ ഉണ്ടാകില്ലെന്നും ഗെയില്‍ ജീവനക്കാര്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞത്.

ഇതിനിടെ ഗെയില്‍ ജീവനക്കാര്‍ പ്രതിഷേധക്കാരുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത് നേരിയ സംഘര്‍ഷത്തിന് കാരണമായി. സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ജീവനക്കാരുടെ കാറ് പ്രതിഷേധക്കാര്‍ തടഞ്ഞെങ്കിലും പോലീസും നേതാക്കളം ഇടപെട്ട് ഇവരെ കടത്തിവിടുകയായിരുന്നു. മുന്‍ എം എല്‍ എ, വി എം ഉമ്മര്‍മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സരസ്വതി, വൈസ് പ്രസിഡന്റ് കെ സി മാമു മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂര്‍, എ അരവിന്ദന്‍, പി എസ് മുഹമ്മദലി, നവാസ് ഈര്‍പ്പോണ, അഡ്വ. ഷാജി, അഡ്വ. പ്രദീപന്‍, രാഘവന്‍ നായര്‍, പി സി അസീസ്, എ പി ഭാസ്‌കരന്‍, ശിവരാമന്‍ ചാലക്കര, രമേഷ്, സുധീഷ് നേതൃത്വം നല്‍കി. താമരശ്ശേരിയില്‍ താത്കാലികമായെങ്കിലും ഗെയില്‍ കമ്പനിയെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആവേശം ഉള്‍ക്കൊണ്ട് കാരശ്ശേരി, കൊടിയത്തൂര്‍ മേഖലകളിലും മലപ്പുറം ജില്ലയിലും പ്രതിഷേധം ശക്തമാക്കാനാണ് പൈപ്പ് ലൈന്‍ വിക്റ്റിം ഫോറത്തിന്റെ തീരുമാനം.