എയ്ഡ്‌സ് പ്രമേയമാക്കി മലയാളത്തിലെ ആദ്യ നോവല്‍

Posted on: December 1, 2016 10:45 am | Last updated: December 1, 2016 at 10:42 am

mlp-novel2മലപ്പുറം: എയ്ഡ്‌സ് ബാധിതരുടെ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്ത് മലയാളത്തിലെ ആദ്യനോവലുമായി പ്രദീപ് പേരശ്ശനൂര്‍. മൂന്ന് മാസം മുമ്പ് പുറത്തിറങ്ങിയ ചുരുണ്ടടവ് എന്ന നോവലാണ് എച്ച് ഐ വി ബാധിതരുടെ ജീവിതത്തെക്കുറിച്ച് പറയുന്നത്. എയ്ഡ്‌സ് രോഗാണുവിനെ പരമാവധി ആളുകളിലേക്ക് പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുമായി ബന്ധപ്പെട്ടാണ് നോവല്‍ മുന്നോട്ട് നീങ്ങുന്നത്.

പ്രണയം നടിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് അണുബാധിതരാക്കി മാറ്റുന്ന ക്ലബ്ബ് അംഗങ്ങള്‍ ആകാശ് എന്ന ഒരു കോളജ് അധ്യാപകനെ ആ രീതിയില്‍ വരുതിയിലാക്കുകയും ഇയാള്‍ രോഗം വിതക്കാന്‍ യുവ എഴുത്തുകാരനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. മായ എന്ന സുന്ദരിയായ തന്റെ ഗേള്‍ഫ്രന്റിലൂടെ അയാളെ എച്ച് ഐ വി അണുബാധിതനാക്കാനും ക്ലബില്‍ ഉള്‍പ്പെടുത്താനും ആകാശ് ശ്രമിച്ചെങ്കിലും വേട്ടക്കാരനും ഇരക്കുമിടയിലുള്ള യുദ്ധത്തില്‍ പ്രകൃതി പ്രതിബന്ധമായി നിന്നതോടെ അവര്‍ രോഗബാധയില്‍ രക്ഷപ്പെട്ടു.

സത്യവും അസത്യവുമായുള്ള യുദ്ധമാണിതെന്നാണ് നോവലിനെ കഥാകൃത്ത് തന്നെ വിശേഷിപ്പിക്കുന്നത്.
പാളിപ്പോയ തന്ത്രത്തിനൊടുവില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരയും വേട്ടക്കാരനും വീണ്ടും മുഖാമുഖം വരികയും അവിടെ വെച്ച് വേട്ടക്കാരന്‍ ഇരയോട് ആ പഴയ കഥ പറയുകയും ചെയ്യുന്നതാണ് കഥയുടെ സസ്‌പെന്‍സ്.
കാരൂര്‍ സ്മാരക നോവല്‍ പുരസ്‌കാരം നേടിയ പുസ്തകം എന്‍ ബി എസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രദീപിന്റെ നാലാമത്തെ പുസ്തകമാണിത്.