Connect with us

Kerala

മാവോയിസ്റ്റുകളുടെ വധം: പോലീസ് വനത്തിനുളളില്‍ പ്രവേശിച്ചത് വനം വകുപ്പ് അറിയാതെ

Published

|

Last Updated

തിരുവനന്തപുരം: നിലമ്പൂരില്‍ പോലീസുമായുളള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി പി എമ്മും സി പി ഐയും തുറന്ന പോരിലേക്ക്. പോലീസ് നടപടിയെ പരസ്യമായി ന്യായീകരിച്ച് ഇന്നലെ മുഖ്യമന്ത്രി രംഗത്തെത്തി. കഴമ്പില്ലാത്ത ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം, വനത്തില്‍ മാവോയിസ്റ്റ് വേട്ടക്കായി പോലീസിന്റെ കമാന്റോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ട് പ്രവേശിച്ചത്് വനം വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നാണ് വനം വകുപ്പിലെ ഉന്നതര്‍ പറയുന്നത്. സി പി ഐ മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണ് വനം. വനത്തിനുളളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെങ്കില്‍ ആദ്യം അറിയേണ്ടത് വനം വകുപ്പാണ്. എന്നാല്‍ വനം വകുപ്പ്്് ഇത്തരത്തില്‍ ഒരു സന്ദേശം പോലീസിന് കൈമാറിയിട്ടില്ലെന്നാണ് വിവരം.

വനത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് ചെറുതോക്ക് അല്ലാതെ മറ്റ് ആയുധങ്ങളൊന്നും കണ്ടെടുക്കാന്‍ പോലീസിന് ആയിട്ടില്ല. ഇത് ഏറ്റുമുട്ടല്‍ നാടകമാണെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച ഭരണകക്ഷിയായ സി പി ഐ ജുഡീഷ്യല്‍ അന്വേഷണ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

ചെറുത്തുനില്‍പ്പില്ലാതെ ഏകപക്ഷീയമായ വെടിവെപ്പാണ് മാവോയിസ്റ്റുകള്‍ക്കു നേരെയുണ്ടായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍ (61), ചെന്നൈ പുത്തൂര്‍ വാര്‍ഡ് എട്ടില്‍ സെക്കന്‍ഡ് ക്രോസില്‍ താമസിച്ചിരുന്ന അജിത പരമേശന്‍ (46) എന്നിവരുടെ മൃതദേഹത്തില്‍ നിന്ന് 26ഓളം വെടിയുണ്ടകളാണ് കോഴിക്കോട് ഫോറന്‍സിക് സംഘം കണ്ടെടുത്തത്. കുപ്പുദേവരാജിന്റെ ശരീരത്തില്‍ 11 വെടിയുണ്ടയേറ്റതിന്റെ മുറിവുകള്‍ കണ്ടെത്തി. നാല് വെടിയുണ്ട ശരീരത്തില്‍ നിന്ന് കണ്ടെടുത്തു. ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റിട്ടുണ്ട്. കാവേരിയുടെ മൃതദേഹത്തില്‍ 19 വെടിയുണ്ടയേറ്റതിന്റെ മുറിവുകള്‍ ഉണ്ടായിരുന്നു. ആറ് വെടിയുണ്ടകള്‍ കണ്ടെടുത്തു. നെഞ്ചിലാണ് വെടിയുണ്ടകള്‍ ഏറ്റിരിക്കുന്നത്. കുപ്പുസ്വാമിക്ക് പിന്നില്‍ നിന്നാണ് കൂടുതല്‍ വെടിയേറ്റത്. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഇരുവരും മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എ കെ 47, എസ് എല്‍ ആര്‍ മോഡല്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളാണ് കണ്ടെടുത്തത്. നിമിഷങ്ങളുടെ ഇടവേളയില്‍ ഒട്ടേറെ വെടിയുണ്ടകള്‍ ഉതിര്‍ക്കുന്ന തോക്കില്‍ നിന്നേറ്റ വെടികളാണ് ഇരുവര്‍ക്കുമേറ്റത്. ശരീരത്തിന്റെ മുന്‍ ഭാഗങ്ങളിലും വശങ്ങളിലും വെടിയേറ്റിട്ടുണ്ട്. 20 മുതല്‍ 60 മീറ്റര്‍ വരെ ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് ഫോറന്‍സിക് നിഗമനം. കൊലയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മറ്റ് നിയമനടപടികള്‍ ആലോചിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നും അവിചാരിതമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്നുമാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ പറയുന്നത്. സംഭവ ദിവസം എസ് പിയുടെ നേതൃത്വത്തില്‍ അറുപതോളം വരുന്ന വന്‍ പോലീസ് സംഘം നിലമ്പൂര്‍ വനത്തിലെത്തിയത് വ്യക്തമായ ആസൂത്രണത്തോടെയാണെന്ന വാദത്തിന് ബലം പകരുന്നതാണ്. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്ക് ആര്‍ക്കും നിസാര പരുക്ക് പോലും ഏല്‍ക്കാത്തതും വ്യാജ ഏറ്റുമുട്ടലാണെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

 

Latest