പൊരിവെയിലില്‍ വിയര്‍ക്കുന്ന ഇന്ത്യ

Posted on: November 29, 2016 6:00 am | Last updated: November 29, 2016 at 6:15 pm

pune-7594വൈദേശിക കുത്തകകളില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കുട്ടിയത് ദശാബ്ദങ്ങളുടെ പോരാട്ടത്തിന്റെ ഫലമായാണെന്നത് അറിയാത്തവരായി ആരും കാണില്ല. ആ ചരിത്രങ്ങളൊക്കെ പാഠപുസ്തകങ്ങളുടെ താളുകളില്‍ വായിക്കാന്‍ കിട്ടും. വിലപ്പെട്ട സ്വാതന്ത്ര്യം നമുക്ക് കിട്ടിയത് പട്ടിണി കിടക്കുന്നവന്റെയും മണ്ണില്‍ അധ്വാനിക്കുന്നവന്റെയും വിയര്‍പ്പും രക്തവും പൊരിഞ്ഞിട്ടാണ്.

ദലിതനും പ്രാന്തവത്കൃതനും ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ന്യൂനപക്ഷങ്ങളും ആ പോരാട്ടങ്ങളില്‍ ഭാഗവാക്കായിരുന്നു. അവര്‍ക്കൊക്കെ വലിയൊരു സ്വപ്‌നമുണ്ടായിരുന്നു. അത് പട്ടിണിയില്ലാത്ത അന്തിയുറങ്ങാന്‍ ഒരു പാര്‍പ്പിടമുള്ള ജനത അധിവസിക്കുന്ന ഇന്ത്യയെന്നതായിരുന്നു അത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ ഈ സ്വപ്‌നങ്ങളെ ചൂഷണം ചെയ്താണ് അധികാരമേറിയത്.
പാവപ്പെട്ടവന്റെ സ്വപ്‌നങ്ങള്‍ ഇന്നും സ്വപ്‌നങ്ങളായി തന്നെ തുടരുകയും ഇന്ത്യയിലെ വന്‍കിട കുത്തകകള്‍ പര്‍വതം പോലെ വളരുകയും ചെയ്യുന്ന കാഴ്ചയാണ് മുന്നിലുള്ളത്. ഈയൊരു അവസ്ഥ സംജാതമാക്കിയത് അധികാരം കൈയാളിയവരുടെ സമീപനവും കാഴ്ചപ്പാടുമാണെന്നതിന് തെളിവുകള്‍ നിരത്തേണ്ടതില്ല. ഇന്നിപ്പോള്‍ കള്ളപ്പണക്കാരെ വേട്ടയാടുന്നതിന്റെ പേരില്‍ പൊരിവെയിലത്ത് നില്‍ക്കേണ്ടിവരുന്ന അടിസ്ഥാന വര്‍ഗത്തിന്റെ കഥയോളമെത്തിയിരിക്കുന്നു അത്. മറുഭാഗത്ത് കുത്തകകളെന്ന് വിശേഷിപ്പിക്കുന്നവര്‍ ബേങ്കുകളെ വെട്ടിച്ചും മറ്റും സുഖാഡംബരങ്ങളോടെ ജീവിതം നയിക്കുകയും ചിലരെല്ലാം വിദേശങ്ങളിലേക്ക് താമസം മാറ്റുകയും ചെയ്തിരിക്കുന്നു. ഇതിന്റെ പേരില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നവര്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ തന്നെ.

സമൂഹത്തെ മുച്ചൂടും ചൂഷണം ചെയ്തുകൊണ്ടേ ഒരു കുത്തകക്ക് ഏതൊരു രാജ്യത്തും വളര്‍ന്നു പന്തലിക്കാന്‍ കഴിയൂ. അതിന് ഭരണകൂടത്തിന്റെ വലിയ പിന്തുണ ആവശ്യമുണ്ട്. ഇക്കാലമത്രയും ആ പിന്തുണയും സഹവര്‍ത്തിത്വവും പരിലാളനയും ആവോളം ലഭിച്ചതുകൊണ്ടാണ് ഇന്ത്യന്‍ കുത്തകകള്‍ വളര്‍ന്നവന്നത്. നെഹ്‌റുവിന്റെ കാലത്ത് വിരലിലെണ്ണാവുന്ന കുത്തക കമ്പനികളേ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാലിന്നത് അതിനപ്പുറം കടന്നെന്നു മാത്രമല്ല, പല കമ്പനികളും ലോക കുത്തകകളെ ആസ്തികൊണ്ട് അതിശയിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത് ഭരണകൂടത്തിന്റെ കുത്തകകളോടുള്ള ഗുണകാംക്ഷ എടുത്തുകാണിക്കുന്നുണ്ട്. ജനങ്ങളെ മാത്രമല്ല, ബേങ്കുകളെ പോലും വെട്ടിച്ചുകൊണ്ടാണ് ഇവരിങ്ങനെ തടിച്ചു കൊഴുത്തത്. ഒടുവില്‍ 7016 കോടി രൂപ സമ്പന്ന വ്യവസായികളുടേതായി ബേങ്കുകള്‍ എഴുതിത്തള്ളിയെന്ന വാര്‍ത്തയാണ് ലോകം കേട്ടത്. ഒരു ഭാഗത്ത് ‘കള്ളപ്പണത്തിനു വേണ്ടിയുള്ള വേട്ട’ സര്‍ക്കാര്‍ ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ഇത്രയും ഭീമമായ സംഖ്യ എഴുതിത്തള്ളിയ വാര്‍ത്ത വരുന്നത് എന്നത് ഒരു വിരോധാഭാസമായി തോന്നാം. ഈ വിരോധാഭാസത്തിനപ്പുറം അതിന്റെ സാമ്പത്തിക പ്രത്യാഘാതം ചെറുതായിരിക്കില്ല. ബേങ്കുകള്‍ പണം സ്വരൂപിക്കുന്നത് അമിതമായി വായ്പകള്‍ക്ക് പലിശ ഈടാക്കിക്കൊണ്ടും പൊതുജനങ്ങളുടെ നിക്ഷേപങ്ങള്‍ സമാഹരിച്ചുമാണ്. സമ്പന്ന വ്യവസായികളുടെ പണം ബേങ്കുകള്‍ക്ക് അധികകാലം ക്രയവിക്രയം ചെയ്യാന്‍ കഴിയാറില്ല. പണത്തിന്റെ വരവ് പോക്കിനുള്ള ഒരു ഇടനിലക്കാരന്‍ മാത്രമാണ് സമ്പന്നരെ സംബന്ധിച്ചിടത്തോളം ബേങ്കുകള്‍. എന്നാല്‍, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബേങ്കുകള്‍ അങ്ങനെയല്ല. അവര്‍ക്ക് ഭാവി പദ്ധതികള്‍ക്കുള്ള മറ്റൊരു സ്ഥാപനമാണത്. കൃഷി ചെയ്യാനും ചെറുകിട കച്ചവടം ചെയ്യാനും വേണ്ടി ബേങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നവന്റെ മീതെ അമിത പലിശ ഈടാക്കിയും അടവ് തെറ്റിയാല്‍ കൂട്ടുപലിശ വാങ്ങിയും സമ്പാദ്യം കൂട്ടുന്ന ബേങ്കുകള്‍ കുത്തകകളുടെ കോടികള്‍ എഴുതിത്തള്ളുന്നു.

കര്‍ഷകന്റെയോ കച്ചവടക്കാരന്റെയോ കടബാധ്യതക്ക് ജപ്തി നടപടികള്‍ സ്വീകരിക്കുന്ന സമീപനമാണ് പല നാഷണലൈസ്ഡ് ബാങ്കുകളുടേതും. ബേങ്കുകള്‍ക്കോ സര്‍ക്കാറിനോ ഇന്ത്യന്‍ കുത്തകകള്‍ ബേങ്കില്‍ നിന്നെടുത്ത കോടിക്കണക്കിന് രൂപ കിട്ടാക്കടമായി എഴുതിത്തള്ളുമ്പോള്‍ സങ്കോചമൊട്ടുമില്ല. അവരൊരിക്കലും കുറ്റവാളികളോ വെട്ടിപ്പുകാരോ അല്ല തന്നെ.! എന്നാല്‍ സാധാരണ പൗരനെ നോട്ട് പരിഷ്‌കാരത്തിന്റെ പേരില്‍ വേട്ടയാടുക മാത്രമല്ല, ഇരയാക്കുക കൂടി ചെയ്യുന്നു.
ഒരര്‍ഥത്തില്‍ ഒരു വ്യവസായി ബേങ്കുകളെ കബളിപ്പിക്കുമ്പോള്‍, കബളിപ്പിക്കപ്പെടുന്നത് ബേങ്കുകളെ മാത്രമല്ല, പൊതുസമൂഹത്തെ ഒന്നടങ്കമാണ്. ഇന്ത്യയിലെ മദ്യരാജാവ് വിജയ് മല്യയുടെ കഥ തന്നെയെടുക്കാം. ഒമ്പതിനായിരം കോടി രൂപ വെട്ടിച്ചാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ഇതില്‍ 1201 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം എഴുതിത്തള്ളിയതാണ്. ഇന്ത്യയിലെ നൂറില്‍പരം വ്യവസായികളുടെ കടം ഇങ്ങനെ എഴുതിത്തള്ളിയതില്‍ ഉള്‍പ്പെടും.

സുപ്രീം കോടതിയടക്കമുള്ള നീതിന്യായ സ്ഥാപനങ്ങള്‍ പല ആവര്‍ത്തി മുന്നറിയിപ്പ് നല്‍കിയിട്ടും മല്യയെ അറസ്റ്റ് ചെയ്യാനോ ആ കള്ളപ്പണക്കാരന്റെ കൈയിലുള്ള ആസ്തി കണ്ടുകെട്ടാനോ നില്‍ക്കാതെ, അദ്ദേഹത്തിന് സുഗമമായി രാജ്യം വിടാനുള്ള പൊത ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. മല്യ രാജ്യം വിടുന്നത് സി ബി ഐ പോലും അറിഞ്ഞില്ല.! മല്യയെ ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല, ഈ കൊടും കുറ്റവാളിയുടെ കൈയിലുള്ള പൊതുപണം ഖജനാവില്‍ തിരിച്ചെത്തിക്കാനുള്ള ത്രാണി പോലും കേന്ദ്ര സര്‍ക്കാറിനില്ലാത്തത് കാണുമ്പോള്‍ ഭരിക്കുന്നവരുടെ ആത്മാര്‍ഥത പൊതുസമൂഹം ചോദ്യം ചെയ്തുപോകുന്നു.
കൃഷി നശിച്ചും വായ്പ തിരിച്ചടക്കാനാവാതെയും ആത്മഹത്യ ചെയ്യുന്ന നാടാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം മാത്രം ഇങ്ങനെ ആത്മഹത്യ ചെയ്തവര്‍ നൂറുക്കണക്കിന് വരും. ഇവരെല്ലാം ലോണെടുത്തിരിക്കുന്നത് ഇന്ത്യയിലെ മുഖ്യധാരാ ബേങ്കുകളില്‍ നിന്നാണ്. ഇന്ത്യയിലെ പൊതുമേഖലാ ബേങ്കുകളുടെ തലപ്പത്തുള്ള എസ് ബി ഐ മാത്രം അടുത്ത കാലത്ത് എഴുതിത്തള്ളിയത് 48,000 കോടിയാണ്. ഈ സംഖ്യയില്‍ കര്‍ഷകന്റെയോ ചെറുകിട കച്ചവടക്കാരന്റെയോ നയാപൈസ പോലും പെടില്ല. ഒക്കെയും കുത്തകകളുടേത് മാത്രം. മറ്റ് ബേങ്കുകളുടെ കഥ പറയാതിരിക്കുന്നതാണ് ഭേദം. അപ്പോള്‍ ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ഒത്തുകളിയുടെ ആഴം മനസ്സിലാകും. ഒരു വ്യവസായി ബേങ്കില്‍ നിന്നെടുത്ത സംഖ്യ തിരിച്ചടക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി തന്നെ പലപ്പോഴായി ഉന്നയിച്ചിട്ടുണ്ട്. ഒരിക്കലുമത് വ്യവസായി പാപ്പരായതുകൊണ്ടല്ല. മറിച്ച് ഭരണകൂടവും കുത്തകകളും ബേങ്കുകളും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടിന്റെ ഫലം കൂടിയാണ്. ഒരു ബേങ്ക് കിട്ടാക്കടമായി എഴുതിത്തള്ളുന്ന ഈ സംഖ്യ തിരിച്ചുപിടിക്കുന്നത് വീണ്ടും പൊതുസമൂഹത്തെ ചൂഷണം ചെയ്തുകൊണ്ടാണെന്നതാണ് ഇതിലെ വലിയ തമാശ.

പൊതുജനത്തിന് മറ്റൊരു മാര്‍ഗമില്ലാത്തതിനാല്‍ അതിന് ഇരയാവേണ്ടിയും വരുന്നു.
അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്തവരാണ് ബേങ്കുകളുടെ തലപ്പത്തുള്ളത്. അല്ലെങ്കില്‍ അവരത് മനഃപൂര്‍വം മറക്കുകയോ ഒളിച്ചുവെക്കുകയോ ചെയ്യുന്നു. ഒരു കുത്തക വ്യവസായിയുടെ കിട്ടാക്കടം എഴുതിത്തള്ളിയാല്‍ പിന്നീട് ആ കുത്തകക്ക് കടം കൊടുക്കുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരാവുന്നതാണ്. തീര്‍ച്ചയായും അയാള്‍ കരിമ്പട്ടികയില്‍ വരാനാണ് സാധ്യത. എന്നാല്‍ ഇന്ത്യന്‍ ബേങ്കുകള്‍ അങ്ങനെയല്ല. 2014-ല്‍ കിട്ടാക്കടമായി എഴുതിത്തള്ളിയ പല കുത്തകകള്‍ക്കും 2016-ല്‍ ബേങ്കുകള്‍ വീണ്ടും കടം കൊടുത്തു. ഇന്ത്യയിലെ ഹിരാ നന്ദിനി ഗ്രൂപ്പ് അതില്‍ ഒന്നാണ്. ഇവരുടെ സ്ഥാനത്ത് ഒരു കര്‍ഷകനാണെങ്കിലുള്ള സ്ഥിതി ആലോചിച്ചുനോക്കാവുന്നതാണ്. അപ്പോള്‍ ബേങ്കിന് അതൊന്നും ഒരു പ്രശ്‌നമല്ല. പാവപ്പെട്ടവന്റെ കേസ് വരുമ്പോള്‍ മാത്രമാണ് അവര്‍ ഉണര്‍ന്നുതുടങ്ങുന്നതെന്ന് സാരം. പൊതുപണം കൊള്ളയടിക്കുന്നതിന്റെ ഈ ഒത്തുകളി പുതിയതൊന്നുമല്ല. ഒരു ‘ചെയിഞ്ചിനു’ വേണ്ടി അധികാരത്തില്‍ വന്ന ഈ സര്‍ക്കാര്‍ കള്ളപ്പണ വേട്ടയുടെ പേരില്‍ ജനങ്ങളെ ‘ചെയിഞ്ചി’നു വേണ്ടി തെരുവിലേക്കിറക്കിയിരിക്കുന്നു.