Connect with us

Kerala

വിദേശ മിസ്ഡ് കോള്‍ തട്ടിപ്പ് വീണ്ടും

Published

|

Last Updated

കൊച്ചി: പ്രീപെയ്ഡ് മൊബൈല്‍ഫോണ്‍ വരിക്കാരെ മിസ്ഡ് കോളിലൂടെ കബളിപ്പിച്ച് അക്കൗണ്ടിലെ തുക ചോര്‍ത്തുന്ന വിദേശസംഘം വീണ്ടും സജീവം. മുന്‍കാലങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തട്ടിപ്പുകാരായിരുന്നു അധികമെങ്കില്‍ ഇപ്പോള്‍ കൊറിയ ഉള്‍പ്പെടെ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള തട്ടിപ്പുകാരാണ് രംഗത്ത്. ഒരുവര്‍ഷം മുമ്പ് കേരളത്തില്‍ വ്യാപകമായി ഇത്തരം സംഘങ്ങള്‍ തട്ടിപ്പു നടത്തിയിരുന്നു. ഇതുസംബന്ധിച്ച് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ നൈജീരിയന്‍സംഘം മുമ്പ് പിടിയിലായിട്ടുണ്ട്. ഒരുവര്‍ഷത്തിനുശേഷം തട്ടിപ്പുസംഘം വീണ്ടും തലപൊക്കിയതായി പൊതുമേഖലാ ടെലികോം സേവനദാതാവായ ബി എസ് എന്‍ എല്‍ ഉള്‍പ്പെടെ വിവിധ ടെലികോം കമ്പനികള്‍ക്ക് ലഭിക്കുന്ന പരാതികള്‍ വ്യക്തമാക്കുന്നു. ബി എസ് എന്‍ എല്‍ കേരള സര്‍ക്കിളില്‍ മാത്രം രണ്ടാഴ്ചക്കകം ലഭിച്ച പരാതികളുടെ എണ്ണം മുന്നൂറോളമാണ്.
വലിയ തുകക്ക് പ്രീപെയ്ഡ് കണക്ഷന്‍ റീചാര്‍ജ് ചെയ്താല്‍ ഉടന്‍ ബാലന്‍സ് തീരുന്നുവെന്ന പരാതിയാണ് പലര്‍ക്കുമുള്ളത്. എങ്ങനെയാണ് നഷ്ടമാകുന്നതെന്ന് അറിയാനുമാകുന്നില്ല. പരാതികളേറിയപ്പോള്‍ അധികൃതര്‍ സി ഡി ആര്‍ (കോള്‍ ഡാറ്റയില്‍ റെക്കോഡ്) പരിശോധിച്ചപ്പോഴാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള മിസ്ഡ് കോളുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. മിസ്ഡ്‌കോള്‍ കണ്ട് തിരിച്ചുവിളിച്ചവര്‍ക്കാണ് റീചാര്‍ജ് ചെയ്തതത്രയും നഷ്ടമായതും. കോളുകള്‍ സ്വീകരിച്ചവര്‍ക്കും പണം നഷ്ടമായിട്ടുണ്ട്. ചില ഫോണുകളില്‍ വിളികള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. നൈജീരിയക്കുപുറമെ മാലിദ്വീപ്, ഘാന, കെനിയ എന്നിവിടങ്ങളാണ് അധികം വിളികളുടെയും ഉറവിടം. മിസ്ഡ് കോളുകളുടെ നമ്പറില്‍ 11 അക്കങ്ങളുണ്ട്. പ്ലസ് ചേര്‍ത്താണ് 11 അക്ക നമ്പര്‍. ഇന്ത്യയിലെ മൊബൈല്‍ നമ്പറുകള്‍ 10 അക്കത്തിലധികമുണ്ടാകാറില്ല. വിദേശത്ത് ബന്ധുക്കളുള്ള പലരും ബന്ധുക്കളുടെ വിളിയാകാമെന്ന ധാരണയില്‍ തിരിച്ചുവിളിക്കാറുണ്ട്.
ഇന്റര്‍നാഷനല്‍ സബ്‌സ്‌ക്രൈബര്‍ ഡയലിംഗ് (ഐ എസ് ഡി)സംവിധാനം മൊബൈല്‍ഫോണില്‍ ഉപയോഗപ്പെടുത്തിയ പ്രീപെയ്ഡ് ഉപയോക്താക്കളുടെ പണമാണ് അധികവും ചോര്‍ന്നത്. എന്നാലിപ്പോള്‍ ഈ സംവിധാനം ഉപയോഗിക്കാത്തവരുടെ പണവും ചോരുന്നു. മൊബൈല്‍ കമ്പനികളുടെ വാഗ്ദാനങ്ങള്‍ കണ്ട് ചെറിയ തുകക്ക് പാക്കേജ് എടുക്കുന്നവരും അക്കൗണ്ടില്‍ 50 രൂപയില്‍ താഴെയുള്ളവരും ഇതുവരെ തട്ടിപ്പിനിരയായിട്ടില്ല. കഴിഞ്ഞദിവസം 500 രൂപക്ക് പ്രീപെയ്ഡ് കണക്ഷന്‍ റീചാര്‍ജ് ചെയ്ത ഉപഭോക്താവിന് വന്ന 11 അക്ക നമ്പര്‍ +85099930592 എന്നതാണ്. ഇത് ഉത്തരകൊറിയയില്‍നിന്നുള്ളതാണ്. ഈ നമ്പറില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്കും വിളികള്‍ പോയതായും കബളിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുള്ളതായി അധികൃതര്‍ പറയുന്നു. പരിചയമില്ലാത്ത വിദേശ കോളുകള്‍ വന്നാല്‍ സ്വീകരിക്കാതിരിക്കുകയോ മിസ്ഡ്‌കോള്‍ കണ്ടാല്‍ തിരിച്ചുവിളിക്കാതിരിക്കുകയോ ആണ് ഉചിതമെന്ന് സേവനദാതാക്കള്‍ പറയുന്നു.

Latest