Connect with us

Editorial

ചേരി ചേരാത്ത വിപ്ലവം

Published

|

Last Updated

ഫിദല്‍ കാസ്‌ട്രോ ലോകത്തിനാകെ ആവേശോജ്ജ്വലമായ സാന്നിധ്യമായിരുന്നു. വിപ്ലവത്തിന്റെ പ്രതീകവും ആത്മവിശ്വാസത്തിന്റെ ആള്‍രൂപവുമായി ഫിദല്‍ ആഘോഷിക്കപ്പെട്ടു. സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെ എല്ലാ ആവിഷ്‌കാരങ്ങളിലും കാസ്‌ട്രോ അവിരാമമായ ഊര്‍ജം നിറച്ചു. നവ കൊളോണിയല്‍ വാഴ്ചയില്‍ ഞെരിഞ്ഞമര്‍ന്ന ഏത് ജനതക്കും ക്യൂബ എന്ന കൊച്ചു രാജ്യം പ്രിയപ്പെട്ട സ്വപ്‌നമാകുന്നത് അവിടെ ഫിദല്‍ കാസ്‌ട്രോ ഉള്ളത് കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ലോകം കാതോര്‍ത്തത് ആ വാക്കുകളില്‍ ചരിത്രത്തിന്റെ മുഴക്കവും അനുഭവത്തിന്റെ ആര്‍ജവവും സ്ഥൈര്യത്തിന്റെ കൃത്യതയുമുള്ളത് കൊണ്ടായിരുന്നു. ഫിദല്‍ കാസ്‌ട്രോ വിട പറയുമ്പോള്‍ വിപ്ലവത്തിന്റെ ഒരു യുഗം അവസാനിച്ചുവെന്ന് പറയുന്നത് അത്രമേല്‍ ധീരതയുള്ള മനുഷ്യര്‍ ഇനിയുണ്ടായില്ലെങ്കിലോയെന്ന നിരാശ നിറയുന്നത് കൊണ്ടാണ്. പ്രത്യയശാസ്ത്രം ഫിദലിലെ വിപ്ലവകാരിയെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരിക്കാം. ഭരണ സാരഥ്യത്തിന്റെ സമ്മര്‍ദങ്ങള്‍ക്കും അമേരിക്കയില്‍ നിന്നുള്ള കടുത്ത ഭീഷണികള്‍ക്കുമിടയില്‍ ശക്തമായ ബന്ധുബലം ആര്‍ജിക്കാന്‍ ആ പ്രത്യയശാസ്ത്രം അദ്ദേഹത്തെ തുണച്ചിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹത്തെ ആഗോള പ്രസക്തനാക്കുന്നത് ചെറുത്തുനില്‍പ്പിന്റെ ഉജ്ജ്വലമായ ബദല്‍ സൃഷ്ടിച്ചുവെന്നതിനാലാണ്.
ആദ്യം സ്പാനിഷ് അധിനിവേശത്തിനെതിരെയും പിന്നെ ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെയും പോരാട്ടത്തിന് നേതൃത്വം നല്‍കിയ കാസ്‌ട്രോ അവിടെ അവസാനിപ്പിച്ചില്ല. ഗാന്ധിജി ചെയ്ത പോലെ ഭരണ സാരഥ്യത്തില്‍ നിന്ന് മാറി നിന്നില്ല. അദ്ദേഹം ഭരണചക്രം തിരിച്ചു. കടുത്ത ഉപരോധത്തെയും നിരന്തരമായ ആക്രമണത്തെയും വധശ്രമങ്ങളെയും അതിജീവിച്ചു. തനിക്ക് മാത്രം സാധ്യമായ ഒരു സോഷ്യലിസ്റ്റ് ഭരണക്രമം സ്ഥാപിക്കാന്‍ ഫിദലിന് സാധിച്ചു. സാമ്രാജ്യത്വത്തിന്റെ എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച് ഒരു ചെറു രാജ്യത്തിന് അതിന്റെ ബോധ്യങ്ങള്‍ ബലി കഴിക്കാതെ നിലനില്‍ക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഫിദല്‍ കാസ്‌ട്രോ ചെയ്തത്. എല്ലാ തരം പ്രലോഭനങ്ങളെയും തട്ടിമാറ്റി രാജ്യത്തിന് നെടുനായകത്വം വഹിച്ചുവെന്നതാണ് കാസ്‌ട്രോയുടെ മഹത്വം. അദ്ദേഹം പ്രസംഗിക്കുക മാത്രമായിരുന്നില്ല. പ്രയോഗവത്കരിക്കുകയായിരുന്നു. അമേരിക്കയെ വെല്ലുവിളിക്കാന്‍ സോവിയറ്റ് യൂനിയന്‍ ഉള്ളപ്പോഴും അത് തകര്‍ന്നപ്പോഴും വിപ്ലവ ക്യൂബ അതിന്റെ സാമ്രാജ്യത്വ വിരുദ്ധ സമീപനം മുറുകെ പിടിച്ചു. ഞെങ്ങി ഞെരുങ്ങിയിട്ടും തന്റെ ജനതയെ ഇത്തരമൊരു ആര്‍ജവത്തിലേക്ക് നയിക്കാനായി എന്നതാണ് ഫിദല്‍ കാസ്‌ട്രോയുടെ വിജയം. അങ്ങനെയാണ് ബദല്‍ സാധ്യമാണെന്ന യഥാര്‍ഥ്യത്തിന്റെ ജീവസ്സുറ്റ നിദര്‍ശനമായി ക്യൂബയും ലാറ്റിനമേരിക്കയും മാറിയത്.
ചേരി ചേരായ്മയായിരുന്നു ഫിദല്‍ കാസ്‌ട്രോയുടെ അടിസ്ഥാന നയം. സോവിയറ്റ് യൂനിയന്‍ തകര്‍ന്നിട്ടും ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ കമ്പോള സാമ്പത്തിക ക്രമത്തിന്റെ ഉപകരണങ്ങളിലേക്ക് ചുവട് മാറിയിട്ടും ക്യൂബ അതിന്റെ നയത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ബാറ്റിസ്റ്റയുടെ പാവ സര്‍ക്കാറിനെ തകര്‍ത്തെറിഞ്ഞ ഫിദല്‍ കാസ്‌ട്രോയും കൂട്ടരും എതിരിട്ടത് അമേരിക്കന്‍ കടന്നുകയറ്റത്തെയായിരുന്നു. അത് ദേശീയതയുടെ സമരമായിരുന്നു. തുടക്കത്തില്‍ ക്യൂബയിലെ ചില കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഫിദലും റൗളും ചെഗുവേരയും ഉള്‍പ്പെട്ട സംഘത്തെ അംഗീകരിച്ചിരുന്നില്ല എന്നതാണ് വിചിത്ര സത്യം. സോവിയറ്റ് യൂനിയനുമായി ഫിദല്‍ ഭരണകൂടം ബന്ധം സ്ഥാപിക്കുന്നത് ഒറ്റക്ക് നിന്ന് നേടിയ നിരവധി വിജയങ്ങളുടെ തലയെടുപ്പോടെയായിരുന്നു; ആപച്ഛങ്കയുടെ വളവോടെയായിരുന്നില്ല. ഒരു ഘട്ടത്തില്‍ സോവിയറ്റ് യൂനിയന്‍ അമേരിക്കയിലേക്ക് അയക്കാന്‍ പാകത്തില്‍ ക്യൂബയില്‍ തങ്ങളുടെ ആണവ മിസൈലുകള്‍ സജ്ജമാക്കി വെച്ചു. അമേരിക്ക ശരിക്കും വിറച്ചു. ലോകവും. ഭൂഗോളത്തെയാകെ ഭസ്മമാക്കാന്‍ ശേഷിയുള്ള ഉഗ്ര യുദ്ധത്തിന്റെ കാഹളധ്വനിയായിരുന്നു അത്. അന്ന് ഫിദല്‍ കാസ്‌ട്രോ പുറത്തെടുത്ത അസാമാന്യമായ നയതന്ത്രം ഇന്നും ലോകത്തിന് പാഠപുസ്തകമാണ്.
അമേരിക്കന്‍ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഒരു സഖ്യം ലാറ്റിനമേരിക്കയില്‍ രൂപപ്പെടുത്തുന്നതിലും ഫിദല്‍ കാസ്‌ട്രോ നിര്‍ണായക പങ്കു വഹിച്ചു. വെനിസ്വേല, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സോഷ്യലിസ്റ്റ് സാമ്പത്തിക, രാഷ്ട്രീയ പാതയിലേക്ക് സഞ്ചരിക്കുന്നതിന് കരുത്തു പകര്‍ന്നത് കാസ്‌ട്രോയായിരുന്നു. ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും എന്നായിരുന്നുവല്ലോ അദ്ദേഹത്തിന്റെ വിഖ്യാത പ്രസംഗത്തിന്റെ തുടക്കം. മുതലാളിത്ത ലോകക്രമത്തിന് വഴങ്ങുന്നുവെന്ന് തോന്നിക്കുന്ന പരിഷ്‌കാരങ്ങളിലേക്കും അമേരിക്കയുമായുള്ള ഹസ്തദാനങ്ങളിലേക്കും നടക്കുന്ന ക്യൂബയെയാണ് ഫിദല്‍ വിടവാങ്ങുമ്പോള്‍ കാണുന്നത്. അതിലദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഹവാനയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് വ്യക്തമാണ്. ഗ്രാന്‍മയില്‍ തന്നോടൊപ്പമുണ്ടായിരുന്ന സഹോദരന്‍ റൗള്‍ കാസ്‌ട്രോ തന്നെ ഇങ്ങനെ ഇടറുന്നുവെങ്കില്‍ കാസ്‌ട്രോ ലെഗസിയുടെ സമ്പൂര്‍ണ അന്ത്യത്തിന് ശേഷം ക്യൂബയെ പുതുതലമുറ എങ്ങോട്ടാകും നയിക്കുക? വരാനിരിക്കുന്ന ലോക ചരിത്രം ഫിദലിന്റെ തുടര്‍ച്ചകള്‍ സൃഷ്ടിക്കുമോ? അതോ സാമ്രാജ്യത്വത്തിന്റെ സമ്പൂര്‍ണ വാഴ്ചയാണോ കാണാനിരിക്കുന്നത്?

Latest