അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റം: അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി വേദിവിട്ടു

Posted on: November 26, 2016 6:04 am | Last updated: November 26, 2016 at 12:05 am

pinarayiകൊച്ചി: അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിവിട്ടു. കൊച്ചി സിറ്റി പോലീസിന്റെ പിങ്ക് പെട്രോളിംഗ് ഫഌഗ് ഓഫ് ചടങ്ങായിരുന്നു വേദി. സിറ്റി പോലീസ് ഒരുക്കിയ കാവലാള്‍ ഹ്രസ്വചിത്ര പ്രകാശനവും സ്ത്രീസുരക്ഷക്കായുള്ള പിങ്ക് പെട്രോളിംഗ് വാഹനത്തിന്റെ ഫഌഗ് ഓഫ് കര്‍മവും നിര്‍വഹിക്കാനാണ് സംഘാടകര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി മാത്രമാണ് പ്രസംഗകനെന്നും രണ്ട് പരിപാടിയുടെയും ഉദ്ഘാടനം അദ്ദേഹമാണ് നിര്‍വഹിക്കുകയെന്നുമാണ് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നത്. പ്രോഗ്രാം നോട്ടീസിലും ഇങ്ങനെ തന്നെയായിരുന്നു. വിഷയം സ്ത്രീ സുരക്ഷയായതിനാല്‍ നടി ഷീല ഉള്‍പ്പെടെയുള്ള പ്രമുഖ വനിതകളെ സാന്നിധ്യത്തിനായി ക്ഷണിച്ചിരുന്നു.

എന്നാല്‍ പരിപാടിയില്‍ മാറ്റം വന്നത് ഇന്നലെ രാവിലെയാണ്. എന്തെങ്കിലും ചുമതല നിര്‍വഹിക്കാനില്ലാതെ എത്താന്‍ കഴിയില്ലെന്നു ഷീല അറിയിച്ചതോടെ, പിങ്ക് പെട്രോളിംഗ് കണ്‍ട്രോള്‍ റൂം നമ്പര്‍ ലോഞ്ച് ചെയ്യുന്ന ചുമതല ഷീലയെ ഏല്‍പ്പിച്ചു. മേയര്‍ സൗമിനി ജെയിനെ കാഴ്ചക്കാരിയായി ഇരുത്താന്‍ കഴിയില്ലെന്ന് വന്നതോടെ ഹ്രസ്വചിത്ര പ്രകാശനം അവരെ ഏല്‍പ്പിച്ചു. എ ഡി ജി പി. ബി സന്ധ്യ പങ്കെടുക്കുന്നതിനാല്‍ പിങ്ക് പെട്രോളിംഗിനെ പരിചയപ്പെടുത്തുന്ന ചുമതല എ ഡി ജി പിക്കും നല്‍കി. ഇതേ തുടര്‍ന്ന് പിങ്ക് പെട്രോള്‍ ഫഌഗ് ഓഫ് മാത്രമായി മുഖ്യമന്ത്രിയുടെ ചുമതല ഒതുങ്ങി. ഇത് അദ്ദേഹത്തെ അറിയിക്കുകയും അദ്ദേഹം സമ്മതമറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവതാരകയുടെ ഇടപെടലും സന്ധ്യ എത്താന്‍ വൈകിയതും മൂലം പരിപാടികള്‍ തകിടം മറിഞ്ഞു.
ചടങ്ങ് തുടങ്ങിയയുടന്‍ സന്ധ്യയെ പിങ്ക് പെട്രോളിംഗ് പരിചയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ സ്ഥലത്ത് എത്തിയിരുന്നില്ല. തുടര്‍ന്ന് അവതാരക, ഉദ്ഘാടകനായ മുഖ്യമന്ത്രിയെ ക്ഷണിച്ചത്, സ്വാഗതം പ്രസംഗം നടത്താന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നു എന്ന മുഖവുരയോടെ. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശ് ഇടപെട്ട് അവതാരകയെ തിരുത്തുകയും മൈക്ക് വാങ്ങി മുഖ്യമന്ത്രിയെ ഉദ്ഘാടന പ്രസംഗത്തിനു ക്ഷണിക്കുകയും ചെയ്തു.

പ്രസംഗം കഴിഞ്ഞു മുഖ്യമന്ത്രി ഇരുന്നതിനു ശേഷം നടി ഷീലയും മേയറും പ്രസംഗിച്ചു. ഇതിന് ശേഷമാണു ഫഌഗ് ഓഫ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അപ്പോഴേക്കും എ ഡി ജി പി. ബി സന്ധ്യ വേദിയിലെത്തി. മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതെ വേദിയിലിരുന്ന മറ്റുള്ളവരുടെ അടുത്തേക്ക് എ ഡി ജി പി നീങ്ങി. ഫഌഗ് ഓഫിനായി മുഖ്യമന്ത്രി എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും അവതാരക പ്രസംഗത്തിനായി എ ഡി ജി പിയെ ക്ഷണിച്ചു. ഇതോടെ, മുഖ്യമന്ത്രി എഴുന്നേറ്റു വേദി വിട്ടു. കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരും ഫഌഗ് ഓഫ് കര്‍മം നിര്‍വഹിച്ചശേഷം പോകണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചെങ്കിലും അടുത്ത പരിപാടിയില്‍ എത്താന്‍ വൈകുമെന്നറിയിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി. പിന്നീട്, എ ഡി ജി പി. ബി സന്ധ്യയാണ് ഫഌഗ് ഓഫ് നിര്‍വഹിച്ചത്. അനിഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കിയെന്നാണ് വിവരം. അതേസമയം, അവതാരകയെ ക്ഷണിച്ചത് ആരെന്ന തര്‍ക്കം സിറ്റി പോലീസിന്റെ തലപ്പത്ത് ആരംഭിച്ചിട്ടുണ്ട്.