റോഹിംഗ്യകളെ മ്യാന്മര്‍ ഉന്മൂലനം ചെയ്യുന്നു: യു എന്‍

Posted on: November 26, 2016 8:31 am | Last updated: November 25, 2016 at 11:32 pm

നായ്പിഡോ: റോഹിംഗ്യന്‍ മുസ്‌ലിംകളെ വംശീയമായ ഉന്മൂലനം നടത്തുകയാണ് മ്യാന്മര്‍ സര്‍ക്കാറും സൈന്യവും എന്ന് ഐക്യരാഷ്ട്ര സഭ. കൂട്ട ബലാത്സംഗം, പീഡനം, കൂട്ടക്കൊലപാതകം തുടങ്ങിയ ക്രൂര പീഡനങ്ങള്‍ക്ക് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഇരയാകുന്നതായാണ് ഐക്യരാഷ്ട്ര സഭയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. പീഡനങ്ങളേറ്റു സഹികെട്ട ആയിരക്കണക്കിന് റോംഹിംഗ്യന്‍ വംശജര്‍ ബംഗ്ലാദേശിലേക്ക് അടുത്തിടെ കൂടുതലായി കുടിയേറുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റോഹിംഗ്യന്‍ വംശജര്‍ കൂടുതലായി തിങ്ങിത്താമസിക്കുന്ന ഇടങ്ങളില്‍ കഴിഞ്ഞ മാസം മ്യാന്മര്‍ സൈന്യം നടത്തിയ അതിക്രൂരമായ ആക്രമണങ്ങളെ തുടര്‍ന്ന് 30,000ത്തോളം പേര്‍ അവരുടെ വീടുപേക്ഷിച്ചതായി സ്ഥിരീകരിച്ചതായും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു.

പുരുഷന്‍മാരെ മ്യാന്മര്‍ സൈന്യം വെടിവെച്ചു കൊല്ലുന്നു, കുട്ടികളെ കഴുത്തറുത്ത് കൊല്ലുന്നു, സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുന്നു, വീടുകള്‍ കൊള്ളയടിച്ച് ചുട്ടെരിക്കുന്നു, നദികള്‍ കടന്ന് മറ്റു ദേശങ്ങളിലേക്ക് പോകാന്‍ അവരെ നിര്‍ബന്ധിക്കുന്നു തുടങ്ങിയ ക്രൂരകൃത്യങ്ങളാണ് മ്യാന്മര്‍ സൈന്യം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് യു എന്നിന്റെ അഭയാര്‍ഥി വിഭാഗമായ യു എന്‍ എച്ച് സി ആര്‍ മേധാവി ജോണ്‍ മാക് കിസ്സിക് ബി ബി സിയോട് വ്യക്തമാക്കി.
ലക്ഷക്കണക്കിന് റോഹിംഗ്യന്‍ വംശജര്‍ ദുരിതമനുഭവിക്കുന്ന വിഷയം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ തന്നെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗ്ലാദേശ് അവരുടെ അതിര്‍ത്തി തുറന്നു കൊടുത്ത് ഇവര്‍ക്ക് ആശ്വാസം പകരണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ അത്ര അനുകൂലമായ സമീപനമല്ല ബംഗ്ലാദേശ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നതും റോഹിംഗ്യനുകള്‍ക്ക് തിരിച്ചടിയാകുകയാണ്. നേരത്തെ ഇവിടെയെത്തിച്ചേര്‍ന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുമെന്നായിരുന്നു ബംഗ്ലാദേശിന്റെ നിലപാട്. ഇതിന് ന്യായവാദവും ബംഗ്ലാദേശ് പറയുന്നുണ്ട്. ഇപ്പോള്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി അതിര്‍ത്തി തുറന്നുകൊടുത്താല്‍ മ്യാന്മറില്‍ നിന്ന് അവരെ വംശീയ ഉന്മൂലനം നടത്തുകയെന്ന മ്യാന്മര്‍ സൈന്യത്തിന്റെ ലക്ഷ്യം എളുപ്പത്തില്‍ നേടാന്‍ സഹായിക്കുന്നതായിരിക്കും ഈ നടപടിയെന്നാണ് അവര്‍ പറയുന്നത്.