Connect with us

Kerala

കേരള പോലീസ് തിരയുന്നത് തലക്ക് ലക്ഷങ്ങള്‍ വിലയിട്ട 20ഓളം മാവോയിസ്റ്റുകളെ

Published

|

Last Updated

തിരുവനന്തപുരം: കേരള പോലീസ് സംസ്ഥാനത്ത് തിരയുന്നത് ആയുധധാരികളായ ഇരുപതോളം മാവോയിസ്റ്റുകളെ. ഇതില്‍ പകുതിയോളം പേര്‍ സ്ത്രീകളാണ്. ഛത്തീസ്ഗഡിലും ബീഹാറിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും ലക്ഷങ്ങള്‍ തലക്കു വില പ്രഖ്യാപിക്കപ്പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും.
പാണ്ടിക്കാടുണ്ടായിരുന്ന സ്റ്റേറ്റ് റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ അടക്കമുളള മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം പ്രകടമായതെന്ന് സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഇരുപതോളം പ്രധാന മാവോയിസ്റ്റുകള്‍ കേരളത്തിലെ വനത്തിനുള്ളിലോ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി വനങ്ങളിലോ തമ്പടിച്ചിട്ടുണ്ടെന്ന് 2014 ഡിസംബറില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസിനു വിവരം നല്‍കിയിരുന്നു. ഇവരുടെ ചിത്രങ്ങളും അന്ന് കൈമാറിയിരുന്നു. ഇതില്‍ 11 പേരെ ആദിവാസികളോ, നാട്ടുകാരോ കോഴിക്കോട് റേഞ്ചില്‍ സായുധ വേഷത്തില്‍ കണ്ടിരുന്നു. മറ്റുള്ളവര്‍ ഒന്നിലധികം പ്രാവശ്യം കേരളത്തിലെത്തി മടങ്ങിയതായി സംസ്ഥാന ഇന്റലിജന്‍സും സ്ഥിരീകരിച്ചിരുന്നു.

ഇതില്‍പ്പെട്ട എട്ടംഗ സംഘമാണ് വയനാട്ടില്‍ മൂന്ന് വര്‍ഷം മുമ്പ് കേരള പോലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്‌സിനു നേരെ നിറയൊഴിച്ചത്. വിക്രം ഗൗഡ എന്ന ശ്രീകാന്ത്, സുന്ദരി എന്ന ഗീത, ലത എന്ന മുണ്ടാഗരു, മഹേഷ് എന്ന ജയണ്ണ, മല്ലിക എന്ന കവിത, കന്യാകുമാരി എന്ന സുവര്‍ണ, രവീന്ദ്ര, എ എസ് സുരേഷ്, ജഗനാഥ എന്ന ഉമേഷ് എന്നിവരാണ് കേരളത്തില്‍ സജീവമായിട്ടുള്ള പ്രധാന മാവോയിസ്റ്റുകള്‍. മറ്റു സംസ്ഥാനങ്ങളില്‍ ആക്ഷനില്‍ പങ്കെടുത്ത ശേഷം കേരള വനാതിര്‍ത്തി ഇവര്‍ സുരക്ഷിത ഒളിത്താവളമായി തിരഞ്ഞെടുക്കുന്നതാണ് രീതി. മാവോയിസ്റ്റുകള്‍ വയനാട്, മലപ്പുറം മേഖലകളിലെ വന പ്രദേശത്തുണ്ടെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണക്ക്. 24 ആളുകളുടെ പേരും റിപ്പോര്‍ട്ടിലുണ്ട്. ഇവരുടെ കൈവശം എ കെ 47 അടക്കമുള്ള തോക്കുകളും സ്‌ഫോടക വസ്തുക്കളും ഉള്ളതായും ഇന്റലിജന്‍സ് സംശയിക്കുന്നു.