Connect with us

Kannur

സഹകരണ ബേങ്കുകള്‍ക്ക് വിലക്ക്; കാര്‍ഷിക വളര്‍ച്ച തകിടം മറിയുന്നു

Published

|

Last Updated

കണ്ണൂര്‍: സാമ്പത്തിക വിനിമയത്തിന് റിസര്‍വ് ബേങ്ക് സഹകരണ ബേങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും നീക്കാന്‍ നടപടിയില്ലാത്തത് സംസ്ഥാനത്തെ സാധാരണക്കാരെ കാര്യമായി ബാധിച്ചു തുടങ്ങി. ചികിത്സാ ചെലവുകള്‍ക്കുള്‍പ്പടെ സഹകരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങളും വായ്പകളും നിര്‍ത്തലാക്കിയത് ആയിരക്കണക്കിനാളുകളെയാണ് കനത്ത ദുരിതത്തിലേക്ക് തള്ളിവിട്ടത്. കൃഷിയെയും സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ വികസന പദ്ധതികളെയും സാമ്പത്തിക നിയന്ത്രണം പാടെ അട്ടിമറിച്ചു. സ്വന്തം അക്കൗണ്ടില്‍ നിന്ന് ഒരു നിശ്ചിത തുകക്കപ്പുറം പിന്‍വലിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച വന്‍ പ്രതിസന്ധിക്കൊപ്പം വ്യക്തിഗത വായ്പകള്‍ ലഭ്യമാകാത്തതുമൂലം ഗ്രാമീണ മേഖലകളില്‍ വിവാഹ ചടങ്ങുകളുടക്കം മാറ്റിവെക്കേണ്ട സഹചര്യം പോലും സൃഷ്ടിക്കപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവുമധികം സഹകരണ സംഘങ്ങളുള്ള കണ്ണൂര്‍ ജില്ലയിലെ ജില്ലാ ബേങ്കുള്‍പ്പടെ വിവിധ സഹകരണ സംഘങ്ങള്‍ നൂറുകണക്കിന് പാവപ്പെട്ടവര്‍ക്ക് നിത്യേനയെന്നോണം നല്‍കുന്ന ചികിത്സാ സഹായം പൂര്‍ണമായും നിലച്ചു. സഹകരണ ബേങ്കുകളുടെ ഇടപാടുകള്‍ നിലച്ച അവസരം മുതലെടുത്ത് കഴുത്തറപ്പന്‍ പലിശയുമായി സ്വകാര്യപണമിടപാടുകാരും പലയിടത്തും രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാന സഹകരണബാങ്ക്, 14 ജില്ലാ സഹകരണ ബേങ്കുകള്‍, 1602 പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍, ജീവനക്കാരുടെ 1023 സഹകരണ സംഘങ്ങള്‍, 58 പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബേങ്കുകള്‍, 803 പട്ടികജാതിപട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍, 373 ഹൗസിംഗ് സഹകരണ സംഘങ്ങള്‍ തുടങ്ങിയവയാണ് സംസ്ഥാനത്തെ വായ്പാ സഹകരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവിടങ്ങളില്‍ നിന്നെല്ലാമാണ് സാധാരണക്കാര്‍ കൂടുതലും ഇടപാട് നടത്താറുള്ളത്. ഇത്തരം സംഘങ്ങള്‍ വായ്പയായും അല്ലാതെയും നല്‍കുന്ന പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാസഹായം വഴിമുട്ടിയതാണ് പാവപ്പെട്ട ജനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായത്.

മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ദേശസാല്‍കൃത ബേങ്കുകളില്‍ നിന്നോ ധനസഹായം ലഭിക്കുന്നതിനുള്ള കാലതാമസവും നടപടിക്രമങ്ങളുടെ കുരുക്കും സഹകരണ സംഘങ്ങളില്‍ നിന്നുണ്ടാവാറില്ലെന്നുള്ളതിനാലാണ് ആളുകള്‍ കൂടുതലും സഹകരണ സംഘങ്ങളെ ആശ്രയിക്കുന്നത്. ജില്ലാ സഹകരണ ബേങ്കില്‍ നിന്ന് പാവപ്പെട്ട ആര്‍ക്കും ഏത് സമയത്ത് ചികിത്സക്കായി രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ നല്‍കാനുള്ള സംവിധാനമുണ്ട്. കണ്ണൂരിലെ ജില്ലാ ബേങ്കില്‍ നിന്ന് മാത്രം ഇത്തരത്തില്‍ രണ്ട് ലക്ഷം രൂപവരെ പ്രതിമാസം സഹായമായി നല്‍കുന്നുണ്ട്. ഹൃദയശസ്ത്രക്രിയക്കും മറ്റും പെട്ടെന്ന് വലിയ തുക ആവശ്യമായി വരുന്ന സാധാരണക്കാരന് എത്രയും വേഗം പണമെത്തിച്ചു നല്‍കാനുള്ള സംവിധാനമുള്‍പ്പടെ വിവിധ സ്ഥാപനങ്ങള്‍ക്കുണ്ട്. ഓരോ ദിവസവും ഇത്തരത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത എത്രയോ വായ്പകളും ധനസഹായങ്ങളുമാണ് സഹകരണ സ്ഥാപനങ്ങള്‍ നല്‍കുന്നത്. ഇതെല്ലാമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൂര്‍ണമായും നിലച്ചത്. ഇതിനു പുറമെ കിസാന്‍ക്രഡിറ്റ് വായ്പ, സ്വാശ്രയ ഗ്രൂപ്പുകള്‍ക്കുള്ള വായ്പ, ക്ഷീരസംഘങ്ങള്‍ക്കുള്ള വിവിധയിനം വായ്പകള്‍, കുടുംബശ്രീയുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകള്‍ തുടങ്ങിയവയും അനിശ്ചിതത്വത്തിലായി. സംസ്ഥാന സര്‍ക്കാറിന്റെ നെല്‍കൃഷി വികസന പദ്ധതി പ്രകാരവും വിഷരഹിത പച്ചക്കറി ഉത്പാദന പദ്ധതിപ്രകാരവും ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വായ്പ പ്രതീക്ഷിച്ച് നിലമൊരുക്കിയ ആയിരക്കണക്കിന് കര്‍ഷകരും ഇപ്പോള്‍ വെട്ടിലായി.

കാര്‍ഷിക മേഖലക്ക് ഇത് കനത്ത തിരിച്ചടിയാണുണ്ടാക്കിയിട്ടുള്ളതെന്ന് കാര്‍ഷിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാത്തരം കാര്‍ഷിക ഉത്പന്നങ്ങളുടെയും സ്ഥിരം വിപണി എന്ന നിലയില്‍ താലൂക്കില്‍ ഒന്ന് എന്ന ക്രമത്തില്‍ സഹകരണ സ്ഥാപനങ്ങളോടുബന്ധിച്ച് വരാന്‍ പോകുന്ന സുവര്‍ണം സ്‌റ്റോറുകളുള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാകും.
ബ്ലേഡ് പലിശക്കാരെ ഉന്മൂലനം ചെയ്യാന്‍ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അവയെ കുടുംബശ്രീയുമായി സഹകരിപ്പിച്ച് ഡിസ്ട്രിബ്യൂഷന്‍ കളക്ഷന്‍ നെറ്റ്‌വര്‍ക്ക് നടപ്പിലാക്കുന്നതിനായി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതി, ഉത്സവകാലങ്ങളില്‍ 30 ശതമാനം വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവയെല്ലാം സഹകരണ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള നിയന്ത്രണം ബാധിച്ചേക്കും.
അതേസമയം, സഹകരണ സ്ഥാപനങ്ങളിലെ നൂറ്കണക്കിന് ദിവസപ്പിരുവുകാരുടെ ജീവിതം വഴിമുട്ടി. നോട്ട് അസാധുവാക്കലിന് ശേഷം ഒരു ദിവസം പോലും പലര്‍ക്കും പിന്നീട് കളക്ഷനെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മീന്‍ കച്ചവടത്തിനും പച്ചക്കറി വില്‍പ്പനക്കും മറ്റുമായി നിരവധി ചെറുകിട കച്ചവടക്കാര്‍ വായ്പയെടുക്കുകയും അവര്‍ക്ക് ദിനേന ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ചെറിയ തുക വലിയ ബാധ്യതയില്ലാതെ ബേങ്കില്‍ അടച്ചിരുന്നത് ദിവസപ്പിരിവുകാരിലൂടെയാണ്. ചെറിയ കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഇത്തരത്തിലുള്ള നൂറുകണക്കിന് ആളുകള്‍ ഇതിനകം ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞു.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest