സഹകരണ മേഖല സംരക്ഷിക്കപ്പെടണം, പക്ഷേ…

മോദിയുടെ നയങ്ങളെ ശക്തമായി വിമര്‍ശിക്കുമ്പോഴും മുന്നണികളുടെ ആവശ്യം, കേരളത്തിലെ സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രം. കോടിക്കണക്കിനു മനുഷ്യര്‍ തെരുവില്‍ അലയുന്നത് അവര്‍ക്കു പ്രശ്‌നമല്ലേ? അവര്‍ക്കു വേണ്ടി ഇവര്‍ നിലകൊള്ളാത്തതെന്തു കൊണ്ട്? സഹകരണരംഗത്തെ നിക്ഷേപങ്ങള്‍ സംരക്ഷിക്കപ്പെട്ടാല്‍ പിന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് നോട്ടു നിരോധനം കൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നാണോ? സഹകരണ സംഘങ്ങള്‍ക്ക് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച മുന്നണികള്‍ എന്ത് കൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ചെയ്തതു പോലെ ജനദ്രോഹകരമായ ഈ നോട്ട് നിരോധനം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്നില്ല? എത്ര കാലം കൊണ്ട് കറന്‍സി ക്ഷാമം പരിഹരിക്കപ്പെടുമെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സാധാരണക്കാര്‍ ബേങ്കുകളിലിട്ട പണം എന്ന് തിരിച്ചുകിട്ടുമെന്നു ചോദിക്കാനുള്ള ധൈര്യം പോലും മുന്നണി നേതാക്കള്‍ക്കില്ല.
Posted on: November 24, 2016 6:00 am | Last updated: November 23, 2016 at 10:44 pm
SHARE

pinarayiകറന്‍സി റദ്ദാക്കിയിട്ടു രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. തുടക്കത്തില്‍ ഭരണകൂടത്തിനുണ്ടായിരുന്ന ധൈര്യം ഇന്നില്ല എന്ന് തീര്‍ച്ച. ഈ നടപടിയെ മുക്തകണ്ഠം പ്രശംസിച്ചവര്‍ തന്നെ പിന്നീട് പതുക്കെ ചുവട് മാറ്റുന്നതാണ് നാം കണ്ടത്. മോദിക്കും കോര്‍പറേറ്റുകള്‍ക്കും ജയ ജയ പാടുന്ന മാധ്യമങ്ങള്‍ പോലും ഒന്ന് പിന്നാക്കം പോയതായിക്കാണുന്നു. കോടിക്കണക്കിനു മനുഷ്യര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭരണകൂടങ്ങളെ ശപിച്ചുകൊണ്ട് വെയിലിലും മഞ്ഞിലും വരി നിന്നു എരിപൊരി കൊള്ളുകയാണ്. ഇതൊക്കെ നല്ലൊരു നാളേക്ക് വേണ്ടിയാണെന്ന് പറയുന്നതില്‍ വിശ്വസിക്കാന്‍ അത് നടപ്പാക്കുന്നവരുടെ പാര്‍ട്ടിക്കാര്‍ തന്നെ തയ്യാറാകുന്നില്ല. കാര്‍ഷിക ചെറുകിട വ്യവസായ ചില്ലറ വ്യാപാര മേഖലകളും ഏതാണ്ട് പൂര്‍ണമായും തകര്‍ച്ചയിലാണ്. വന്‍കിട മാളുകളെ ആശ്രയിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി വലിയ തോതില്‍ സാമ്പത്തിക മാന്ദ്യം താഴേ തലങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. നിര്‍മാണമേഖല പൂര്‍ണമായും നിശ്ചലാവസ്ഥയിലാണ്. ദാരിദ്ര്യം അവരെ തുറിച്ചു നോക്കുന്നു. വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതം നിലനില്‍ക്കുമോ എന്ന ചോദ്യം തന്നെ ഉയര്‍ന്നിരിക്കുന്നു.
കമ്പോളത്തില്‍ നിലനിന്നിരുന്ന നോട്ടുകളുടെ 86 ശതമാനത്തിലധികമാണ് ഇപ്പോള്‍ വിലയില്ലാത്തതാക്കിയിരിക്കുന്നത്. അതായത് നാണയം വഴി വ്യാപാരവും കൈമാറ്റവും നടത്താന്‍ ഇനി എല്ലാവരുടെയും കയ്യില്‍ ബാക്കിയുള്ളത് നൂറു മുതല്‍ താഴേക്കുള്ള നോട്ടുകള്‍ മാത്രം. അത് മുമ്പുണ്ടായിരുന്നതിന്റെ ഏഴിലൊന്നു മാത്രം. അതിനാലാണ് ബേങ്കുകാരും ജനങ്ങളുമായി സംഘര്‍ഷം ഉണ്ടാകുന്നത്. മുന്‍പത്തെ നോട്ടു പിന്‍വലിക്കലിനെ അപേക്ഷിച്ച് ഇത്തവണ മറ്റ് ചില പ്രത്യേകതകള്‍ ഉണ്ട്. റദ്ദാക്കിയ നോട്ടുകള്‍ക്കു പകരം പുതിയവ അടിച്ചു തയ്യാറാക്കി വിതരണം ചെയ്യുക എന്നതായിരുന്നു അന്നത്തെ രീതി. ഇത്തവണ അതുണ്ടായില്ല. ആദ്യം അടിച്ചത് കുറെ രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രം. 2000 രൂപയുടെ നോട്ടുകള്‍ കിട്ടിയത് കൊണ്ട് സാധാരണ ജനങ്ങള്‍ക്കൊരു ഗുണവുമില്ല. കമ്പോളത്തില്‍ അതിനു സ്വീകാര്യതയില്ല. കാരണം വ്യക്തം. മിക്കവാറും പണം കൊടുത്തു വാങ്ങുന്ന നിത്യോപയോഗ വസ്തുക്കള്‍ക്ക് അഞ്ഞൂറോ അറന്നൂറോ രൂപ വരെയേ വില കാണൂ. അപ്പോള്‍ ബാക്കി കൊടുക്കാന്‍ ഒട്ടനവധി നൂറു രൂപ നോട്ടുകള്‍ വേണം. അത് അവരുടെ കയ്യില്‍ കാണില്ല. ഇതുകൊണ്ട് ഒരിക്കല്‍ ക്യൂ നിന്ന് വാങ്ങിയ രണ്ടായിരത്തിന്റെ നോട്ടു ചില്ലറയാക്കാന്‍ വീണ്ടും ബാങ്കില്‍ ക്യൂ നില്‍ക്കണം.
ജനങ്ങളുടെ ബുദ്ധിമുട്ടു ഒഴിവാക്കാന്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ പുതിയ നോട്ടുകള്‍ മുമ്പേ തന്നെ അടിച്ചു വെക്കാമായിരുന്നില്ലേ എന്നാണു പലരും ചോദിക്കുന്നത്. ഇനി പുതിയ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ വന്നാലും ഈ പ്രശനം ഉണ്ടാകുകയും ചെയ്യും. ചുരുക്കത്തില്‍ ഇപ്പോള്‍ കമ്പോളത്തിലുള്ള പതിനാലു ശതമാനം നോട്ടുകള്‍ കൊണ്ട്, അല്ലെങ്കില്‍ വളരെ കുറഞ്ഞ അളവിലുള്ള നോട്ടുകള്‍ കൊണ്ട് പല മാസങ്ങള്‍ നാം ജീവിക്കേണ്ടി വരും. അഞ്ഞൂറിന്റെ പുതിയ നോട്ടുകള്‍ അത്ര അധികമൊന്നും ഇപ്പോള്‍ അടിക്കുന്നില്ല. നിലവില്‍ മൊത്തമുണ്ടായിരുന്ന നോട്ടുകളില്‍, മൂല്യം വച്ച് അമ്പത് ശതമാനവും അഞ്ഞൂറിന്റെതായിരുന്നു. അതിന്റെ ചെറിയൊരു ശതമാനമേ പുതുതായി വരുന്നുള്ളൂ. പ്രശനം അത്ര എളുപ്പം തീരില്ലെന്നര്‍ഥം.
ജനങ്ങള്‍ക്ക് ഇത്ര ബുദ്ധിമുട്ടുണ്ടാകും എന്ന് അറിയാതിരുന്നതിനാല്‍ പറ്റിയ ഒരബദ്ധമാണിത് എന്ന രീതിയിലാണ് എതിരാളികളുടെ പ്രധാന വിമര്‍ശനം. ചില സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് കൊണ്ട് ധൃതിയില്‍ ഇങ്ങനെ ചെയ്തത് കൊണ്ടാണ് ജനങ്ങള്‍ വലയുന്നത് എന്ന വാദം എത്രമാത്രം ശരിയാണ്? പ്രധാനമന്ത്രിയും ഉന്നത ബാങ്ക് തലവന്മാരും പറയുന്നത് പത്ത് മാസത്തെ ആലോചനക്ക് ശേഷം നടപ്പിലാക്കിയ ഒന്നാണിതെന്നാണ്. ഇത്തരം ചില പ്രധാന വിഷയങ്ങള്‍ക്ക് (വേണ്ടത്ര പുതിയ നോട്ടുകള്‍ അടിക്കാത്തതിന്റെയും അടിച്ചത് രണ്ടായിരം മാത്രമാകുന്നതിന്റെയും ) കാരണം കേവലം വിവരദോഷം മാത്രമാണെന്ന് പറഞ്ഞാല്‍ അത് സര്‍ക്കാരിനെ സഹായിക്കലാണ്. നല്ല ഉദ്ദേശം വച്ച് കൊണ്ട് ചെയ്ത ഒരു കാര്യം അനവധാനതയോടെ നടപ്പാക്കി എന്ന താരതമ്യേന ചെറിയൊരു തെറ്റ് മാത്രം. ഉദ്ദേശ ശുദ്ധിക്ക് മാപ്പു നല്‍കാവുന്ന ഒന്ന്. സര്‍ക്കാര്‍ അവകാശപ്പെടുന്ന ഗുണം ഉണ്ടായാല്‍ ജനങ്ങള്‍ ഈ തെറ്റിന് മാപ്പു നല്‍കുകയും ചെയ്യും. (മിക്കവാറും മറക്കുകയാകും ഉണ്ടാകുക)
എന്നാല്‍ ഈ നീക്കത്തിന് പിന്നില്‍ മറ്റൊരു മറച്ചു പിടിക്കപ്പെട്ട ലക്ഷ്യമുണ്ടെന്നു സംശയിക്കാന്‍ ന്യായമുണ്ട്. മേല്‍പ്പറഞ്ഞ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് അഥവാ മറന്നു എന്നത് കേവലം ഒരു കൈത്തെറ്റല്ല എന്ന് കരുതാനാണ് സാമാന്യബുദ്ധി പറയുന്നത്. അത്ര മന്ദബുദ്ധികളൊന്നുമല്ല ഈ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും. നോട്ടിനു ക്ഷാമം ഉണ്ടാകും എന്നറിയാമായിരുന്നല്ലോ. അതിന്റെ അളവും അവര്‍ക്കറിയാം. പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ കൊണ്ട് , ചില്ലറ നോട്ടുകള്‍ കൂടുതലില്ലാതെ ഒരു ഗുണവും സാധാരണക്കാര്‍ക്കുണ്ടാകില്ലെന്നും ഇവര്‍ക്കറിയാത്തതോ? പുതിയ ഒരു നോട്ടു രൂപകല്‍പന ചെയ്യുന്നത് ഒരു ദിവസം കൊണ്ടല്ല. മാസങ്ങള്‍ തന്നെ വേണം. ഇക്കാലമത്രയും അതിനു പറ്റിയ ഒരു എ ടി എം ഉണ്ടാക്കാനോ നിലവിലുള്ളവ പരിഷ്‌കരിക്കാനോ കഴിയാതിരുന്നത് കേവല അശ്രദ്ധ കൊണ്ടാണെന്നു കരുതുന്നതെങ്ങനെ? ഇന്ന് ഏതു നോട്ടിന്റെയും വിതരണത്തിനുള്ള പ്രധാന വഴി എ ടി എം അല്ലെ? അവിടെയാണ് മറ്റൊരു അജന്‍ഡ കൂടി ഇതിലുണ്ടെന്നു സംശയിക്കാന്‍ ഇട നല്‍കുന്നത്.
ഇതിനു അല്പം ചരിത്രം കൂടി നോക്കണം. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിനു ശേഷം ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന റേറ്റിംഗ് ഏജന്‍സിയായ മൂഡി നടത്തിയ പഠനത്തില്‍ വായ്പയുമായുള്ള അനുപാതത്തില്‍ ബാങ്കുകളുടെ നിക്ഷേപം കാര്യമായി താഴ്ന്നിരുന്നു എന്ന് കണ്ടെത്തി. ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ കുറവാണ് അവര്‍ കണ്ടത്. നിഷ്‌ക്രിയ വായ്പാ ഇനത്തില്‍ ആറര ലക്ഷം കോടി രൂപയുണ്ട്. അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ഇതിനുള്ള ശരിയായ ഒരു പരിഹാരം നിര്‍ദേശിച്ചു. കിട്ടാക്കടത്തിന്റെ കാല്‍ ഭാഗമെങ്കിലും തിരിച്ചു പിടിക്കുക എന്നതായിരുന്നു അത്. അങ്ങനെ കിട്ടിയാല്‍ ഒന്നര ലക്ഷം കോടി രൂപ ബാങ്കുകള്‍ക്കു ലഭിക്കും. ഇത് വഴി ബാങ്കുകളുടെ അടിത്തറ ഉറപ്പിക്കാം. അല്ലാത്ത പക്ഷം വായ്പയുടെ പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരും. ഇത് വ്യാവസായിക മാന്ദ്യം ഉണ്ടാക്കും. ഇതോടൊപ്പം പ്രധാന കടക്കാരുടെ പട്ടികയും അദ്ദേഹം നല്‍കി. അതില്‍ ഒന്നാം സ്ഥാനത്ത് ഒരു ലക്ഷത്തിലധികം കോടിയുടെ ബാധ്യതയുള്ള അംബാനിയായിരുന്നു. അടുത്ത സ്ഥാനം അല്പം താഴെയായി കടമുള്ള വേദാന്തയും മൂന്നാമത് അദാനിയും തുടര്‍ന്ന് വീഡിയോകോണ്‍, എസ്സാര്‍ തുടങ്ങിയവരുമായിരുന്നു.
എന്നാല്‍ പിന്നീട് നാം കാണുന്നത് മോദിയുടെ വിചിത്രമായ നീക്കങ്ങളാണ്. ഈ നിര്‍ദേശം മുന്നോട്ടു വച്ച രഘുറാം രാജന് സ്ഥാനചലനം സംഭവിക്കുന്നു. പുതുതായി ആ സ്ഥാനത്ത് വന്ന ഊര്‍ജിത് പട്ടേല്‍ അംബാനിയുടെ ഉന്നത ഉദ്യോഗസ്ഥനാണ്. കാര്യങ്ങള്‍ വളരെ വ്യക്തം. കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ ഒരു നീക്കവുമുണ്ടാകില്ല എന്ന് ഉറപ്പായി. അംബാനിയെ തൊടില്ല . അത് കൊണ്ട് തന്നെ താഴെയുള്ളവരും സുരക്ഷിതര്‍. ബാങ്കുകളുടെ പ്രതിസന്ധി മറികടക്കാന്‍ മറ്റു വഴികള്‍ തേടണം. ആ വഴിയാണ് ഇന്ന് ഇന്ത്യന്‍ ജനങ്ങളുടെ മേല്‍ ഇടിതീയായി വീണിരിക്കുന്നത്.
പാവപ്പെട്ടവന്റെ സമ്പത്ത് നിര്‍ബന്ധിതമായി പിടിച്ചെടുത്തു കോര്‍പറേറ്റുകളുടെ ആവശ്യത്തിന് പണം നല്‍കാനുള്ള പദ്ധതി ആണിത്. ജനങ്ങള്‍ ചെലവ് ചുരുക്കണം. ഇതിന്റെ ഫലമായി നാട്ടിലെ കമ്പോളം ചുരുങ്ങില്ലേ എന്ന സംശയം ന്യായം. പക്ഷെ, കോര്‍പറേറ്റുകളുടെ പ്രധാന കമ്പോളം ഈ ദരിദ്രവാസികള്‍ അല്ല. മറിച്ചു മാളുകളില്‍ പോയി കാര്‍ഡുപയോഗിച്ചു വ്യാപാരം നടത്തുന്നവരാണ്. ഇത്തരം പരിഷ്‌കാരങ്ങള്‍ വഴി അവരുടെ എണ്ണം കൂട്ടാം. അതിനു കഴിയാത്തവരെ നമ്മള്‍ പൗരന്മാരായി അംഗീകരിക്കുന്നില്ല. വോട്ടു ചെയ്യല്‍ മാത്രമാണ് അവരുടെ കടമ. അത് നേടാന്‍ പല വഴികളും ഉള്ളതിനാല്‍ അവരെ കറന്‍സി റേഷന് വിധേയരാകുന്ന ഈ മോദി തന്ത്രം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് പോലും കഴിയുന്നില്ല എന്നതാണ് നമ്മുടെ രാഷ്ട്രീയ പ്രശ്‌നം.
കോണ്‍ഗ്രസും ഇടതുപക്ഷവും രാഷ്ട്രീയമായി മോദിയെയും ബി ജെ പിയെയും എതിര്‍ക്കുന്നു എന്നത് ശരി തന്നെ. നാട്ടിലെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് നരകം വിതച്ച ഒരു നടപടിയാണെന്നു അവരും പറയുന്നു. എന്നാല്‍ ഇതിനുള്ള പരിഹാരം എന്താണ് എന്ന് പറയാന്‍ അവര്‍ക്കു കഴിയുന്നില്ല. ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളുമാണ് ഇതിന്റെ പിന്നില്‍ കോര്‍പ്പറേറ്റു അജന്‍ഡകള്‍ ഉണ്ടെന്നു ആദ്യം തന്നെ തുറന്നടിച്ചത്. തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇതേ നിലപാടെടുത്തു. പക്ഷേ, കോണ്‍ഗ്രസും ഇടതുപക്ഷവും മാത്രമല്ല ബി ജെ പി വിരുദ്ധരായ സമാജ്‌വാദി, ജനതാദള്‍ (യു) തുടങ്ങിയവരും മൃദുസ്വരത്തിലെ പറയുന്നുള്ളൂ. ഇത് മോദിക്ക് വളരെയധികം സഹായകമാണ്.
കേരളത്തിലെ കാര്യം തന്നെ എടുക്കാം. ബി ജെ പിയെ അപേക്ഷിച്ചു വളരെ കൂടുതല്‍ ശേഷിയുള്ളവരാണ് ഇടതു വലതു മുന്നണികള്‍. മോദിയുടെ നയങ്ങളെ ശക്തമായി വിമര്‍ശിക്കുമ്പോഴും അവരുടെ ആവശ്യം, കേരളത്തിലെ സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രം. ബാക്കി വരുന്ന കോടിക്കണക്കിനു മനുഷ്യര്‍ തെരുവില്‍ അലയുന്നത് അവര്‍ക്കു പ്രശ്‌നമല്ലേ? അവര്‍ക്കു വേണ്ടി ഇവര്‍ നിലകൊള്ളാത്തതെന്തു കൊണ്ട്?
സാമൂഹിക പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ എന്ന തു സത്യം തന്നെ. ദരിദ്രരായ കര്‍ഷകരും തൊഴിലാളികളും മുതല്‍ ചൂഷണത്തെ പ്രതിരോധിക്കാന്‍ വേണ്ടി ഗ്രന്ഥകാരന്മാര്‍ വരെ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കിയ നാടാണിത്. ദിനേശ് ബീഡിയും ഇന്ത്യന്‍ കോഫി ഹൗസുമെല്ലാം പ്രതിരോധത്തിന്റെ ചിഹ്നങ്ങളാണ്. പക്ഷെ ഇന്നത്തെ അവസ്ഥ എന്താണ്? ഇന്ന് തൊണ്ണൂറു ശതമാനം പാവപ്പെട്ടവര്‍ അംഗങ്ങളായുള്ള സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങളില്‍ സിംഹ ഭാഗവും അവരുടേതല്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍, ബ്ലേഡ് കമ്പനിക്കാര്‍ അടക്കം ഉള്ള കള്ളപ്പണക്കാര്‍ വന്‍തോതില്‍ അവിടെ പണം നിക്ഷേപിച്ചിട്ടുണ്ട് എന്നത് ഒരു രഹസ്യമൊന്നുമല്ല. ഇതിനു വ്യക്തമായ തെളിവുകള്‍ ഉണ്ട്. ആ പണം വെളിയില്‍ വരാതിരിക്കുന്നതിനു വേണ്ടി ഇടത് വലത് മുന്നണികള്‍ യോജിച്ചു കൊണ്ട് ഈ രാജ്യത്തെ വഞ്ചിക്കുകയാണ്.
കേരളത്തില്‍ വിവിധ തലങ്ങളില്‍ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷി നേതാക്കളുടെ സഹായികളും മറ്റു കള്ളപ്പണക്കാരും സമ്പാദിച്ച പണം സംരക്ഷിക്കാന്‍ പാവപ്പെട്ട സഹകാരികളെ മറയാക്കുകയാണ്. സഹകരണ സംഘങ്ങള്‍ അവരുടെ നിക്ഷേപകരുടെ വിവരങ്ങള്‍ മറ്റു ബാങ്കുകള്‍ പോലെ ആര്‍ ബി ഐക്ക് നല്‍കണം എന്ന നിര്‍ദേശം ഇവര്‍ അവഗണിക്കുകയാണ്. നിയമപരമായി ചെയ്യേണ്ട കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാകുന്ന നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സംരക്ഷണം നല്‍കാവൂ. ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞു എതിര്‍ക്കുന്നതിനു പകരം സഹകരണ സ്ഥാപനങ്ങളെ പറ്റി മാത്രം വിലപിക്കുന്നത് ജനങ്ങളുടെ മുമ്പില്‍ ഇവരുടെ സമരങ്ങളുടെ വിശ്വാസ്യത കുറക്കും.
സഹകരണരംഗത്തെ നിക്ഷേപങ്ങള്‍ സംരക്ഷിക്കപ്പെട്ടാല്‍ പിന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് നോട്ടു നിരോധനം കൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നാണോ? കേരളത്തിലെ ഇടത് വലത് മുന്നണികള്‍ സഹകരണ സംരക്ഷണം എന്ന പേരില്‍ നടത്തുന്ന പൊറോട്ട് നാടകങ്ങള്‍ യഥാര്‍ഥത്തില്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന ബി ജെ പിയുടെ വാദങ്ങള്‍ക്ക് ശക്തി പകരും. സഹകരണ സംഘങ്ങള്‍ക്ക് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച മുന്നണികള്‍ എന്ത് കൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ചെയ്തതു പോലെ ജനദ്രോഹകരമായ ഈ നോട്ട് നിരോധനം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്നില്ല? എത്ര കാലം കൊണ്ട് ഇന്ന് നിലനില്‍ക്കുന്ന കറന്‍സി ക്ഷാമം പരിഹരിക്കപ്പെടുമെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ തയ്യാറാകാത്ത സാഹചര്യത്തില്‍ സാധാരണക്കാര്‍ ബാങ്കുകളിലിട്ട പണം എന്ന് തിരിച്ചുകിട്ടുമെന്നു ചോദിക്കാനുള്ള ധൈര്യം പോലും മുന്നണി നേതാക്കള്‍ക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here