യു എസില്‍ മുസ്‌ലിം സ്ത്രീകള്‍ സ്വയം പ്രതിരോധ മുറകള്‍ പരിശീലിക്കുന്നു

Posted on: November 23, 2016 6:35 am | Last updated: November 23, 2016 at 11:49 am

download-1വാഷിംഗ്ടണ്‍: ഹിജാബിന് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ സംഭവമായ സാഹചര്യത്തില്‍ അമേരിക്കയിലെ മുസ്‌ലിം സ്ത്രീകള്‍ സ്വയം പ്രതിരോധ മുറകള്‍ പരിശീലിക്കുന്നു. രാജ്യവ്യാപകമായി സ്വയംപ്രതിരോധ ക്ലാസുകളിലെത്തിയാണ് മുസ്‌ലിം സ്ത്രീകള്‍ പുതിയ പരിശീലന മുറകളിലേര്‍പ്പെടുന്നതെന്ന് യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ജെ ട്രംപ് അധികാരത്തിലെത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഹിജാബ് ധാരികളായ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്കയിലെ സൗത്തേണ്‍ പോവര്‍ട്ടി ഓര്‍ഗനൈസേഷന്‍, കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്, ആന്റി ഡിഫമേഷന്‍ ലീഗ് എന്നീ മൂന്ന് സംഘടനകള്‍ നടത്തിയ പഠനത്തിലും ഹിജാബ് ധാരികള്‍ക്കെതിരെ ആക്രമണം കുത്തനെ ഉയര്‍ന്നതായി കണ്ടെത്തിയിരുന്നു.

നിരവധി മുസ്‌ലിം സ്ത്രീകള്‍, തങ്ങളുടെ ഹിജാബിന് നേരെ ആക്രമണം ഉണ്ടായത് അവരുടെ സോഷ്യല്‍മീഡിയകളിലൂടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രധാന നഗരങ്ങളില്‍ ജീവിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം സ്ത്രീകള്‍ സ്വയം പ്രതിരോധ മുറകള്‍ പരിശീലിക്കുന്ന സാഹചര്യത്തിലേക്ക് എത്തിപ്പെട്ടതെന്ന് യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിക്കാഗോ കേന്ദ്രമായി സ്വയംപ്രതിരോധ പരിശീലനം നടത്തുന്ന സൈനബ അബ്ദുല്ല, തന്റെ എട്ടാമത്തെ വയസ്സില്‍ മുസ്‌ലിമായതിന്റെ പേരില്‍ ചിലര്‍ ആക്രമിച്ച വിവരം വെളിപ്പെടുത്തുന്നു. ഇപ്പോള്‍ 24 വയസ്സായ ഇവര്‍, സ്ത്രീകള്‍ സ്വയം പ്രതിരോധ മുറ പഠിച്ചിരിക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വയം പ്രതിരോധ മുറകള്‍ പഠിക്കാനെത്തുന്ന മുസ്‌ലിം സ്ത്രീകള്‍ ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.