Connect with us

Kerala

കെ എസ് ടി പി രണ്ടാംഘട്ട പ്രവൃത്തികള്‍ കാലാവധിക്കുള്ളില്‍ തീര്‍ക്കും: മന്ത്രി ജി സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ടി പിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുളള പത്ത് പ്രവൃത്തികള്‍ സംബന്ധിച്ച വിശദമായ അവലോകനം തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 282 കിലോ മീറ്റര്‍ നീളത്തിലുള്ള 1,349.52 കോടിക്കുള്ള ഒമ്പത് പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതില്‍ ഉള്‍പ്പെട്ട കാസര്‍കോട്-കാഞ്ഞങ്ങാട് റോഡ്, കണ്ണൂര്‍ ജില്ലയിലെ പിലാത്തറ-പാപ്പിനിശ്ശേരി റോഡ്, തലശ്ശേരി- കളറോഡ്, കളറോഡ്- വളവുപാറ റോഡ്, ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ റോഡ്, ഏറ്റുമാനൂര്‍- ചെങ്ങന്നൂര്‍ റോഡിലെ തിരുവല്ല ബൈപ്പാസ്, ഏറ്റുമാനൂര്‍- മൂവാറ്റുപുഴ റോഡ്, പൊന്‍കുന്നം-തൊടുപുഴ റോഡ്, പെരുമ്പിലാവ്-പെരിന്തല്‍മണ്ണ റോഡ് ഉപരിതലം പുതുക്കല്‍ എന്നീ എട്ട് പ്രവൃത്തികള്‍ നല്ല പുരോഗതിയില്‍ മുന്നേറുന്നുണ്ട്. ഇതില്‍ 4 പ്രവൃത്തികള്‍ മാര്‍ച്ച് 2017 ല്‍ പൂര്‍ത്തിയാകുമെന്നും, കളറോഡ്-വളവുപാറ പ്രവൃത്തി കാലാവധിക്കു മുമ്പ് പൂര്‍ത്തിയാകുമെന്നും ബന്ധപ്പെട്ട എഞ്ചിനീയറും കരാറുകാരും അറിയിച്ചതായും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡിന്റെ (45.40 കി.മീ) 293.58 കോടി രൂപയുടെ പ്രവൃത്തി മണ്ണ് ലഭ്യമാകാത്ത പ്രശ്‌നം നിലനില്‍ക്കുന്നതായി കരാറുകാരന്‍ അറിയിക്കുകയുണ്ടായി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ കലക്ടര്‍മാരെ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ഒരു പരിഹാരമുണ്ടാക്കണമെന്നും, മറ്റു മേഖലകളില്‍ നിന്നും മണ്ണ് ലഭ്യമാകുമോയെന്ന കാര്യം പരിശോധിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. കഴക്കൂട്ടം-അടൂര്‍ റോഡ് (80 കിമീ) നിര്‍മ്മാണത്തിനുളള ടെണ്ടര്‍ നടപടി സംബന്ധിച്ച ലോകായുക്ത കേസ് നടക്കുന്നതിനാല്‍, തുടര്‍നടപടികള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്. കേസിന്റെ അന്തിമ തീരുമാനമനുസരിച്ച് പ്രവൃത്തി തുടങ്ങുന്നതാണ്. കേസ് തീര്‍പ്പാക്കാന്‍ വകുപ്പുതല നടപടി പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. കെ എസ് ടി പിയുടെ ഒന്നാംഘട്ട പ്രവൃത്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാംഘട്ടത്തിലെ ചില പ്രവൃത്തികള്‍ക്ക് നിലവാരത്തകര്‍ച്ചയുണ്ടാകുന്നതായി പരാതിയുണ്ട്. കൂടാതെ പാരിസ്ഥിതിക പ്രത്യേകതകളും സ്ഥലത്തിന്റെ അവസ്ഥയും മുന്‍കൂട്ടി പരിശോധിച്ച് ഡി പി ആര്‍ തയ്യാറാക്കുന്നതിലുണ്ടാകുന്ന വീഴ്ച കൊണ്ട് എസ്റ്റിമേറ്റുകളില്‍ വലിയ വ്യതിയാനങ്ങള്‍ പിന്നീട് ഉണ്ടാകുന്നുണ്ട്. ഇത് ആശാസ്യമായ കാര്യമല്ലെന്നും, പുതിയ നിര്‍മ്മാണരീതികള്‍ ഉപയോഗിക്കണമെന്നും, ഇതുസംബന്ധിച്ച് എഞ്ചിനീയര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.

Latest