വിവാഹത്തിന് പണം പിന്‍വലിക്കാം; പക്ഷേ കൊടുക്കുന്നയാള്‍ക്ക് അക്കൗണ്ടുണ്ടാകാന്‍ പാടില്ല

Posted on: November 22, 2016 9:07 pm | Last updated: November 23, 2016 at 12:04 am

marriageന്യൂഡല്‍ഹി: വിവാഹ ആവശ്യത്തിന് രണ്ടര ലക്ഷം രൂപ പിന്‍വലിക്കുന്നത് എളുപ്പമല്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ മാനദണ്ഡങ്ങള്‍. പിന്‍വലിക്കുന്ന പണം ആര്‍ക്കാണോ നല്‍കുന്നത് അവര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കാന്‍ പാടില്ലെന്ന് ആര്‍ബിഐ വ്യ്ക്തമാക്കുന്നു. പിന്‍വലിക്കുന്ന പണം എന്തൊക്കെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് പിന്‍വലിക്കുന്നയാള്‍ വ്യക്തമാക്കണം. ആര്‍ക്കൊക്കെ പണം നല്‍കുന്നുവെന്നും അറിയിക്കണം. ഇതോടൊപ്പം പണം സ്വീകരിക്കേണ്ട ആള്‍ തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല എന്ന് സത്യാവാങ്മൂലം നല്‍കുകയും വേണം. നിര്‍ദേശം വിവാദമായതോടെ റിസര്‍വ് ബേങ്ക് ഇതില്‍ നേരിയ ഇളവ് വരുത്തിയിട്ടുണ്ട്. പതിനായിരം രൂപക്ക് മുകളില്‍ നല്‍കാനുള്ള ആളുകള്‍ മാത്രം അക്കൗണ്ട് ഇല്ല എന്ന സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.

500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ നവംബര്‍ എട്ട് വരെ അക്കൗണ്ടില്‍ ഉള്ള പണത്തില്‍ നിന്ന് മാത്രമേ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഡിസംബര്‍ 30ന് ഉള്ളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമാണ് പണം പിന്‍വലിക്കാന്‍ ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.

കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചുള്ള അക്കൗണ്ടില്‍ നിന്ന് മാത്രമേ പണം പിന്‍വലിക്കാനാകൂ, വിവാഹിതരാകുന്നവരുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് മാത്രമേ പണം പിന്‍വലിക്കാനാകൂ, പിന്‍വലിക്കുന്ന പണം കറന്‍സിയായി മാത്രമേ വിനിയോഗിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങളും ആര്‍ബിഐ മുന്നോട്ടുവെച്ചിട്ടുണ്ട്.

applicationപണം പിന്‍വലിക്കുന്നതിനായി പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കുകയും വിവാഹക്ഷണക്കത്തിന്റെ കോപ്പി ഹാജരാക്കുകയും വേണം. ഹാള്‍, കാറ്ററിംഗ് തുടങ്ങി ആവശ്യങ്ങള്‍ക്കായി മുന്‍കൂറായി പണം നല്‍കിയതിന്റെ ബില്ലുകളും ഹാജരാക്കണമെന്നാണ് നിര്‍ദേശം.