ഗ്രാമീണ്‍ ബേങ്കില്‍ നിന്ന് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു

Posted on: November 22, 2016 3:13 pm | Last updated: November 22, 2016 at 3:13 pm

തിരൂരങ്ങാടി: കേരള ഗ്രാമീണ്‍ ബേങ്കിന്റെ ചെമ്മാട് ശാഖ അധികൃതര്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. എക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനെത്തുന്നവര്‍ക്ക് രണ്ടായിരം രൂപ മാത്രമാണ് അനുവദിക്കുന്നത്. അത് ലഭിക്കണമെങ്കില്‍ തന്നെ ഏറെനേരം വരിനില്‍ക്കണം. അതേസമയം സ്വന്തക്കാര്‍ക്ക് കൂടുതല്‍ തുക നല്‍കുന്നതായും പരാതിയുണ്ട്.
ഏറെനേരം വരി നിന്നവര്‍ക്ക് പണം നല്‍കാതെ മൂന്നര മണിയോടെ കൗണ്ടര്‍ അടച്ചതായും ആളുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രായംചെന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന നിര്‍ദേശമുണ്ടായിട്ടും അത് ഈ ബേങ്കില്‍ പാലിച്ചില്ല. പണ്ടം പണയം വെച്ചതിനുള്ള പലിശ അടക്കാനെത്തുന്നവരേയും വട്ടം കറക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പലിശ തുക അടക്കാന്‍ പലതവണ ആളുകളെ ബേങ്കിലേക്ക് വരുത്തുകയാണ് ചെയ്യുന്നത്. ഇത് കാരണം പിഴ പലിശ വര്‍ധിക്കാനിടയാവുന്നു. വല്ലകാര്യവും അന്വേഷിക്കാന്‍ ബേങ്കിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാല്‍ ഡിസ്‌കണക്ട് എന്നാണ് മറുപടി. രണ്ടായിരം രൂപ തോതില്‍ പരമാവധി ആളുകള്‍ക്ക് പണം നല്‍കുന്നുണ്ടെന്നാണ് ബേങ്ക് മാനേജര്‍ പറയുന്നത്. ദിവസവും അഞ്ച് ലക്ഷം, ആറ് ലക്ഷംരൂപ എന്നിങ്ങനെയാണ് ബേങ്കില്‍ എത്തുന്നതെന്നും മാനേജര്‍ അറിയിച്ചു.