Connect with us

International

റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ഗ്രാമങ്ങള്‍ ചുട്ടെരിച്ചു

Published

|

Last Updated

അഗ്നിക്കിരയാകുന്ന ഗ്രാമങ്ങളിലൊന്ന് (ഫയല്‍)

അഗ്നിക്കിരയാകുന്ന ഗ്രാമങ്ങളിലൊന്ന് (ഫയല്‍)

നായ്പിഡോ: മ്യാന്മറിലെ റോഹിംഗ്യന്‍ വംശജര്‍ താമസിക്കുന്ന അഞ്ച് ഗ്രാമങ്ങള്‍ ചുട്ടെരിച്ചതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു. റാഖിന സംസ്ഥാനത്തുള്ള അഞ്ച് ഗ്രാമങ്ങളിലെ 820 കെട്ടിടങ്ങള്‍ ചുട്ടെരിച്ചതിന്റെ വ്യക്തമായ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം സൈന്യം ഇവിടെ അതിക്രമിച്ചു കയറി നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടതായി നേരത്തെ മ്യാന്മര്‍ സൈന്യം തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ചുട്ടെരിക്കപ്പെട്ടതായി സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ കാണപ്പെടുന്ന ഗ്രാമങ്ങളില്‍ ചെന്ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘം പരിശോധന നടത്തണമെന്ന് യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. ഇന്നലെയാണ് ഇതുസംബന്ധിച്ച പുതിയ കണ്ടെത്തലുകള്‍ ഈ മനുഷ്യാവകാശ സംഘം പുറത്തുവിട്ടിരുന്നത്. ഒരാഴ്ച മുമ്പ്, റാഖിനയില്‍ നിരവധി ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടതായി സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ചൂണ്ടക്കാട്ടി ഇതേസംഘം പരാതിപ്പെട്ടിരുന്നു. സര്‍ക്കാര്‍ സമ്മതിച്ചതിലും എത്രയോ ഭീമമായ രീതിയിലാണ് റോഹിംഗ്യന്‍ വംശജരുടെ വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് എച്ച് ആര്‍ ഡബ്ല്യൂ ഏഷ്യ ഡയറക്ടര്‍ ബ്രാഡ് ആഡംസ് ചൂണ്ടിക്കാട്ടി.

ഗ്രാമങ്ങള്‍ തീവെച്ച് നശിപ്പിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യം

ഗ്രാമങ്ങള്‍ തീവെച്ച് നശിപ്പിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യം

കഴിഞ്ഞ തവണ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടപ്പോള്‍ 430 കെട്ടിടങ്ങള്‍ ചുട്ടെരിക്കപ്പെട്ടുവെന്നായിരുന്നു കണ്ടെത്തിയത്. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സര്‍ക്കാര്‍, ഈ സംഘം ഇല്ലാത്ത കണക്കുകളാണ് അവതരിപ്പിക്കുന്നതെന്നും ആരോപിച്ചിരുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ റാഖിന സംസ്ഥാനത്ത് നടക്കുന്ന ഭീകര നടപടികള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും ഈ ഭാഗത്ത് മ്യാന്‍മര്‍ സൈന്യം സുരക്ഷാ സൈനികരെ വന്‍തോതില്‍ നിയോഗിച്ചിരിക്കുകയാണെന്നും മനുഷ്യാവകാശ സംഘങ്ങള്‍ വ്യക്തമാക്കുന്നു.

മ്യാന്മറിലെ റോഹിംഗ്യന്‍ വംശജര്‍ നേരിടുന്ന വിവേചനങ്ങളും മനുഷ്യത്വരഹിത നടപടികളും നേരത്തെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങളും സന്നദ്ധ സംഘടനകളും പുറത്തുകൊണ്ടുവന്നതാണ്.
എന്നാല്‍, പുതുതായി അധികാരത്തിലേറിയ സൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമൊന്നുമില്ല. ഇതിനെതിരെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.