ഉമ്മന്‍ ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബെംഗളൂരു കോടതി

Posted on: November 22, 2016 6:10 am | Last updated: November 22, 2016 at 1:11 am
SHARE

ബെംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബെംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി. തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് ഡിസംബര്‍ പതിമൂന്നിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി നടപ്പാക്കുന്നതിന് സ്റ്റേ നല്‍കാന്‍ കോടതി വിസമ്മതിച്ചു. വിധി നടപ്പാക്കുന്നതിന് ജനുവരി 24 വരെ സമയമുണ്ടെന്നും അതിനാല്‍ സ്റ്റേ അനുവദിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ബെംഗളൂരു അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് ജഡ്ജി എം ആര്‍ ചെന്നകേശവയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സോളാര്‍ കേസിലെ വിധി സ്റ്റേ ചെയ്യണമെന്നും തന്റെ വാദം കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നും തന്നെകൂടി ഉള്‍പ്പെടുത്തി വീണ്ടും വാദം കേട്ട് തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹരജി നല്‍കിയത്.
സോളാര്‍ പദ്ധതിയില്‍ നിക്ഷേപിച്ച പണം തിരികെ തന്നില്ലെന്ന് ചൂണ്ടിക്കാട്ടി വ്യവസായിയായ എം കെ കുരുവിള നല്‍കിയ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ പന്ത്രണ്ട് ശതമാനം പലിശയുള്‍പ്പെടെ 1.61 കോടി രൂപ നല്‍കണമെന്നായിരുന്നു കോടതി വിധി. രണ്ട് മാസത്തിനുള്ളില്‍ തുക കെട്ടി വെക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇത് ചോദ്യം ചെയ്താണ് അഭിഭാഷകനായ സന്തോഷ് മുഖേന ഉമ്മന്‍ ചാണ്ടി ഹരജി നല്‍കിയത്.
ദക്ഷിണ കൊറിയയില്‍ നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി 1.35 കോടി രൂപ ഉമ്മന്‍ ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് കൈക്കലാക്കിയെന്നായിരുന്നു പരാതി. നാലായിരം കോടി രൂപയുടെ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി 1,600 കോടി രൂപ വാങ്ങാനുള്ള ഏര്‍പ്പാട് ചെയ്യാമെന്നും പ്രത്യുപകാരമായി ആയിരം കോടി രൂപ നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടതായും കുരുവിളയുടെ പരാതിയിലുണ്ട്. എന്നാല്‍, ഇതൊന്നും നടപ്പായിട്ടില്ലെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് 2015 മാര്‍ച്ച് 23നാണ് കുരുവിള പരാതി നല്‍കിയത്.
സോസ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. ഈ കമ്പനിയാണ് കുരുവിളയില്‍ നിന്ന് പണം കൈപ്പറ്റിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കൂടാതെ ബന്ധു എന്ന് പറയപ്പെടുന്ന ആന്‍ഡ്രൂസ് വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോസ എജുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി എം ഡി ബിനു നായര്‍ എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍.
എറണാകുളം ആസ്ഥാനമായുള്ള സോസ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, സോസ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ വഴി സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതി. ഈ കമ്പനികള്‍ക്ക് വേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടും ഫോണിലൂടെയും ഉറപ്പ് നല്‍കിയെന്ന് കാണിച്ചാണ് എം കെ കുരുവിള കോടതിയില്‍ ഹരജി നല്‍കിയത്. 2012 ഒക്‌ടോബര്‍ 11ന് ക്ലിഫ്ഹൗസില്‍ ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ 45 മിനുട്ട് കൂടിക്കാഴ്ചയിലും ഉറപ്പ് ആവര്‍ത്തിച്ചുവെന്ന് കുരുവിള പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here