വിവാദങ്ങളുടെ സഹയാത്രികന്‍ മന്ത്രിപദത്തിലേക്ക്

Posted on: November 21, 2016 8:59 am | Last updated: November 21, 2016 at 8:59 am

maniതിരുവനന്തപുരം :എന്നും വിവാദങ്ങളുടെ സഹയാത്രികന്‍ മുണ്ടക്കല്‍ മാധവന്‍ മണിയെന്ന എം എം മണി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും മണി ആശാനാണ്. പ്രത്യേകിച്ച് ഇടുക്കിക്കാര്‍ക്ക്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തു കടന്നു വന്ന മണിയാശാന്‍ സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായാണ് നേതൃപദവിയിലേക്ക് ഉയര്‍ന്നത്. പഠിക്കാനായി മലകയറിയെത്തിയ മണി എന്ന ചെറുപ്പക്കാരന്‍. ഏലം, തേയില തോട്ടങ്ങളായിരുന്നു മണിയാശാന്റെ രാഷ്ട്രീയ കളിത്തട്ട്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അവരില്‍ ഒരാളായി. ഉടമകളോടു കലഹിച്ചു. ഒപ്പം രാഷ്ട്രീയത്തില്‍ പകരം വെക്കാനില്ലാത്ത തനി നാട്ടുമ്പുറത്തുകാരാനായി വളര്‍ന്നു. ദീര്‍ഘകാലം സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരളത്തിലെ സി പി എമ്മിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ നേട്ടമായിരുന്നു ഇത്. രണ്ട് തവണയില്‍ കൂടുതല്‍ സെക്രട്ടറി പദവിയില്‍ ഒരേ ആള്‍ തന്നെ തുടരേണ്ടെന്ന നയപരമായ തീരുമാനമെടുത്തപ്പോഴാണ് എം എം മണി സ്ഥാനം ഒഴിഞ്ഞത്. ഇതിന് ശേഷമായിരുന്നു സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലും മണിയാശാന്‍ എത്തിയത്.
ഹൈറേഞ്ചിന്റെ മണി മുഴക്കം ആദ്യമായി മന്ത്രിസഭയിലേക്കെത്തുമ്പോള്‍ ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ക്കും ഏറെ പ്രതീക്ഷകളാണ്. വിവാദങ്ങളില്‍ മാത്രം കണ്ടിരുന്ന മണിയാശാന്റെ മുഖമല്ല ഇടുക്കിയിലെ ജനങ്ങള്‍ക്കു പരിചയം. മൃഗ തുല്യമായ ജീവിതസാഹചര്യത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ ജീവിതത്തെ മനുഷ്യസമാനമാക്കാന്‍ പോരാടിയും വളര്‍ന്നു വന്ന മണിയാശാന്‍. നാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട കൂലി ചോദിച്ചുവാങ്ങാനും ജോലി സമയം നിശ്ചയിക്കാനും തൊഴിലാളിപ്പെണ്ണിന്റെ മാനത്തിനു വിലകല്‍പ്പിക്കാത്ത തോട്ടം മുതലാളികളുടെ നേര്‍ക്കു മുഷ്ടിയുയര്‍ത്താനും മണിയാശാന്‍ ചെങ്കൊടിയുമായി മുന്നിലുണ്ടായിരുന്നു. തൊഴിലാളികളെ സംഘടിപ്പിച്ചു. ചെങ്കൊടി ചുവട്ടിലെ വര്‍ഗ വികാരത്തിനു കീഴില്‍ അവരെ സുരക്ഷിതരാക്കി. അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ പ്രാപ്തരാക്കി.
എട്ട് തവണ ഇടുക്കിയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹം നടത്തിയ പല പ്രസ്താവനകളും പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കല്‍ വീട്ടില്‍ മാധവന്റെയും ജാനകിയുടെയും ഏഴ് മക്കളില്‍ മൂത്തയാളാണ്. നിര്‍ദന കുടുംബമായിരുന്നതിനാല്‍ തന്നെ അഞ്ചാം ക്ലാസോടെ മണിക്ക് സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. 1966 ല്‍ 21 ാം വയസ്സില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970 ല്‍ ബൈസണ്‍വാലി, 1971 ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ല്‍ ആദ്യമായി ഇടുക്കി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തിലേറെക്കാലവും ഇടുക്കി ജില്ലാ സെക്രട്ടറിയായാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്.
തീര്‍ത്തും സാധാരണക്കാരനായുള്ള ജീവിത രീതിയും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ ഏതു കാര്യത്തിനും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഏതു തീരുമാനങ്ങള്‍ക്കും ഇടുക്കിയിലെ ജനങ്ങള്‍ പൂര്‍ണ പിന്‍തുണ നല്‍കിയിരുന്നു. ആദ്യകാലങ്ങളില്‍ വി എസ് പക്ഷമായിരുന്ന മണിയാശാന്‍ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സമയത്താണ് വി എസ് വിരുദ്ധ ചേരിയിലേക്ക് ചേക്കേറുന്നത്. കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ ജനങ്ങള്‍ രംഗത്തിറങ്ങിയപ്പോള്‍ മണിയാശാനും ഒപ്പം നിന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ മറ്റൊരു വികാരവും തടസ്സമാകരുതെന്ന നയം ഇക്കാര്യത്തിലുമുണ്ടായി. വി എസ് അച്യുതാനന്ദനുമായി പരസ്യമായി കലഹിക്കാന്‍ വരെ മണിയാശാന്‍ തയ്യാറായി. അങ്ങനെ മണിയാശാന്‍ അന്നത്തെ ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്നു. ഇതോടെ ഇടുക്കിയിലെ പാര്‍ട്ടിയില്‍ വന്‍ മാറ്റങ്ങളുണ്ടായി. അച്യുതാനന്ദന് വേണ്ടി പാര്‍ട്ടി നിര്‍ദേശങ്ങള്‍ പോലും മറികടന്നിരുന്ന ഒരു വിഭാഗമാണ് ഔദ്യോഗിക വിഭാഗത്തിനൊപ്പം നിന്നത്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സി പി എം ശക്തമായ പ്രതിരോധത്തിലായിരുന്ന സമയം മണിയാശാന്‍ നടത്തിയ വണ്‍, ടു, ത്രി, പ്രസംഗം വിവാദമായി. പാര്‍ട്ടിക്കുള്ളില്‍ മണിയാശാനെതിരെ രൂക്ഷ വിമര്‍ശങ്ങളുയര്‍ന്നു. പ്രമുഖര്‍ പലരും മണിയാശാനെ തള്ളിപ്പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ജയില്‍വാസം വരെ അനുഭവിക്കേണ്ടി വന്നു. ഇടുക്കിയില്‍ കയറുന്നതിന് കോടതി വിലക്കും ഏര്‍പ്പെടുത്തി. പാര്‍ട്ടിയുടെ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ട് എന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്. സുപ്രീം കോടതി വരെ മണിയാശാന്റെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഇതോടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമായെന്ന് ശത്രുക്കള്‍ വിധിയെഴുതി. എന്നാല്‍ കോടതിയില്‍ നിന്ന് വിലക്കു നീക്കി ഇടുക്കിയിലെത്തിയ മണിയാശാനെ ജനങ്ങള്‍ തോളിലേറ്റിയാണ് സ്വീകരിച്ചത്. പിന്നാലെ വിവാദങ്ങളെല്ലാം തള്ളി സി പി എം മണിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ഇതോടെ മണിക്കെതിരെ വീണ്ടും പഴയ വിവാദങ്ങള്‍ ഉയര്‍ന്നു. രൂക്ഷമായ പ്രചാരണങ്ങളെ അതിജീവിച്ചായിരുന്നു ഉടുമ്പന്‍ചോലയില്‍ നിന്ന് നിയമസഭയില്‍ എത്തിയത്.
1996ല്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മത്സരിച്ച മണി മൂവായിരത്തില്‍ പരം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഇ എം അഗസ്തിയോടു പരാജയപ്പെട്ടിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചെങ്കിലും അവിടെയും പരാജയം. പിന്നീടാണ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നത്. എം എല്‍ എയായിട്ടും വിവാദങ്ങള്‍ മണിയെ വിട്ടൊഴിഞ്ഞില്ല. സ്വന്തം ശൈലി ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതായിരുന്നു മണിയാശനെ വിവാദങ്ങളില്‍പ്പെടുത്തിയത്. സി പി ഐ മന്ത്രിമാരെ പരിഹസിച്ചു നടത്തിയ പ്രസംഗം വീണ്ടും വിവാദത്തില്‍ കുടുക്കി. മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാറിന് കുഴപ്പമുണ്ടാക്കുന്നുമെന്നായിരുന്നു മണിയുടെ ആക്ഷേപം.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെയും കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശം. ഇതോടെ സി പി ഐ മണിയെ പരസ്യമായി വിമര്‍ശിച്ചു രംഗത്തുവന്നു. മന്ത്രിമാരും മറുപടി പറഞ്ഞു. സി പി എം നേതൃത്വത്തിനു മുന്നിലും പരാതിയെത്തി. നേതാക്കളുടെ ഇടപെടലോടെയായിരുന്നു പ്രശ്‌നം തണുത്തത്.
ഇന്നലെ മന്ത്രിയായി നിയോഗിച്ച വാര്‍ത്ത വന്ന ശേഷം നടത്തിയ പ്രതികരണത്തിലും മണിയാശാന്‍ ശൈലി പിന്തുടര്‍ന്നു. മന്ത്രിമാരെ വിമര്‍ശിച്ചതു മറന്നു പോയെന്ന് സ്വതസിദ്ധമായ ശൈലിയില്‍ പ്രതികരിച്ച മണിയാശാന്‍ കുഴപ്പത്തില്‍ ചാടാനില്ലെന്ന ആത്മഗതത്തോടെയാണ് ചാനലുകളുടെ മൈക്കുകള്‍ക്കു മുന്നില്‍ നിന്ന് തിരികെ പോയത്.
ലക്ഷ്മിക്കുട്ടിയമ്മയാണ് മണിയാശാന്റെ ഭാര്യ. സതി, ശ്യാമള, സുമ, ഗീത, ശ്രീജ എന്നിങ്ങനെ അഞ്ച് പെണ്‍മക്കളാണ്. മക്കളും ഭര്‍ത്താക്കന്മാരുമെല്ലാം സി പി എമ്മിന്റെ അനുഭാവികള്‍ തന്നെ. സതി പഞ്ചായത്ത് പ്രസിഡന്റും സുമ സി പി എം ഏരിയാകമ്മിറ്റി അംഗവുമാണ്.