നോട്ട് പ്രതിസന്ധിയില്‍ തളര്‍ന്ന് മില്‍മയും ക്ഷീരകര്‍ഷകരും

Posted on: November 20, 2016 8:39 am | Last updated: November 19, 2016 at 11:40 pm
SHARE

കൊച്ചി: നോട്ട് പ്രതിസന്ധി മില്‍മപാലിന്റെ വിപണിയെയും ക്ഷീരകര്‍ഷകരെയും പ്രതികൂലമായി ബാധാച്ചു. പാല്‍ വിപണനത്തില്‍ വന്‍ ഇടിവാണ് മില്‍മക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള 10 ദിവസത്തില്‍ അഞ്ച് ലക്ഷം ലിറ്റര്‍ പാലാണ് ബാക്കിയായത്. മിച്ചം വന്ന പാല്‍ പൊടിയാക്കി മാറ്റിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണി സാധ്യത കുറവാണെന്നാണ് മില്‍മ അധികൃതര്‍ വ്യക്തമാക്കുന്നത്. പഴയ നോട്ടുകള്‍ എടുക്കാതായതോടെ ഗ്രാമപ്രദേശങ്ങളിലടക്കം പാല്‍ വില്‍പ്പന കുറഞ്ഞു. പ്രതിസന്ധിക്ക് മുമ്പുള്ള ദിവസങ്ങളേക്കാള്‍ ശരാശരി അമ്പതിനായിരത്തോളം ലിറ്റര്‍ കൂടുതല്‍ പാല്‍ ഓരോ ദിവസവും ഇതുമൂലം മില്‍മയ്ക്കു ശേഖരിക്കേണ്ടി വന്നു. അധികം ശേഖരിച്ച പാല്‍ പക്ഷേ വിപണിയില്‍ മില്‍മയെ തുണച്ചില്ല. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി അഞ്ച് ലക്ഷം ലിറ്റര്‍ പാല്‍ ബാക്കിവന്നത് മൂലം വില്‍പ്പനയില്‍ ഒരു കോടിയില്‍പരം രൂപയുടെ കുറവാണ് സംഭവിച്ചത്. ബാക്കി വന്ന പാലില്‍ രണ്ട് ലക്ഷം ലിറ്റര്‍ പാല്‍പൊടിയാക്കി മാറ്റി സംഭരിച്ചിട്ടുണ്ട്. എന്നാല്‍ എത്രമാത്രം വിപണി സാധ്യത ഉണ്ടെന്ന് ഉറപ്പില്ലാത്ത സ്ഥിതിയിലാണ്മില്‍മ അധികൃതര്‍. അധികം പാല്‍ സംഭരിക്കുന്നതിനാല്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ വാങ്ങുന്നത് മില്‍മ നിര്‍ത്തി വെച്ചിരിക്കുകയാണ്. പുതിയ നോട്ടുകള്‍ എത്തി തുടങ്ങിയിട്ടും കച്ചവട കാര്യത്തില്‍ പുരോഗതി ഇല്ലെന്നാണ് മില്‍മയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here