Connect with us

Editorial

ജനങ്ങള്‍ ദുരിതക്കയത്തില്‍

Published

|

Last Updated

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം സൃഷ്ടിച്ച പ്രതിസന്ധിക്ക് പന്ത്രണ്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അയവില്ല. ദിവസങ്ങള്‍ക്കകം എല്ലാം നേരെയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുമ്പോള്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ ദിനംപ്രതി വര്‍ധിക്കുയാണ്. പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നറിയാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണെന്നാണ് അടിക്കടി മാറിക്കൊണ്ടിരിക്കുന്ന അവരുടെ നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നത്. തുടക്കത്തില്‍ പഴയ നോട്ടിന് പകരം 4,000 രൂപയാണ് മാറ്റിയെടുക്കാന്‍ അനുവദിച്ചിരുന്നത്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പിന്നീട് പരിധി ഉയര്‍ത്തി 4,500 രൂപയാക്കി. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ അത് 2,000 രുപയാക്കി വെട്ടിച്ചുരുക്കിയിരിക്കയാണ്. 2,000 രൂപ ഒരിക്കല്‍ മാറ്റി വാങ്ങിയവര്‍ക്ക് ഡിസംബര്‍ അവസാനിക്കുന്നത് വരെ രണ്ടാമത് മാറ്റാന്‍ അവസരവുമില്ല. നോട്ടുകള്‍ മാറ്റി വാങ്ങിയവര്‍ തന്നെ പിന്നെയും മാറ്റാനായി എത്തുന്നതിനാല്‍ വരിയില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുന്ന മറ്റു പലര്‍ക്കും കൗണ്ടറിന് മുന്നിലെത്തി നോട്ടുകള്‍ മാറ്റാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണമെന്നാണ് സര്‍ക്കാര്‍ ന്യായീകരണമെങ്കിലും ആവശ്യത്തിന് നോട്ടുകളില്ലാത്തതാണ് യഥാര്‍ഥ കാരണം. പുതിയ നോട്ടുകള്‍ ബേങ്കുകളില്‍ എത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി സുപ്രീം കോടതി മുമ്പാകെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചതുമാണ്. മാറ്റിയെടുക്കാകുന്ന നോട്ടുകളുടെ പരിധി 2000 മാക്കി വെട്ടിച്ചുരുക്കിയ കേന്ദ്ര നടപടിയോട് കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ജനങ്ങളെ പിഴിയുന്നതിന് തുല്യമായ ഈ കടുത്ത തീരുമാനം രാജ്യത്ത് കലാപം ഉടലെടുക്കാന്‍ ഇടയാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. അവരുടെ ആശങ്ക അകറ്റാന്‍ അടിയന്തിര മാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് സര്‍ക്കാറിനോടാവശ്യപ്പെട്ടു.
അതിനിടെ പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംവിധാനം പാടേ അവസാനിപ്പിച്ചു നിരോധിച്ച നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം പിന്‍വലിക്കണമെന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണ് സര്‍ക്കാറെന്ന് വാര്‍ത്തയുണ്ട്. അതോടെ ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും ഇനിയും ശതഗുണീഭവിക്കും. ബേങ്കുകളില്‍ അക്കൗണ്ടില്ലാത്തവര്‍ പുതിയ അക്കൗണ്ട് തുറക്കണം. അതിനായി ബേങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കണം. പിന്നീട് കൈയിലുള്ള തുക ബേങ്കുകളില്‍ നിക്ഷേപിക്കണം. തുടര്‍ന്ന് അത് പിന്‍വലിക്കാനും ബേങ്കുകളിലെത്തണം. അഷടിക്ക് വക കണ്ടെത്താന്‍ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവരുടെ എത്ര തൊഴില്‍ ദിനങ്ങളാണ് ഇതിലൂടെ നഷ്ടമാകുന്നത്. കുടുംബഭാരം വഹിക്കുന്നവര്‍ക്കേ ഇതിന്റെ പ്രയാസവും ദുരിതവും അറിയൂ. കുടുംബത്തോടെ ജീവിക്കാന്‍ സൗഭാഗ്യമില്ലാത്തവര്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയണമെന്നില്ല.
മാറ്റിക്കൊടുക്കാന്‍ മതിയായ പുതിയ നോട്ടുകള്‍ അച്ചടിച്ച് ബേങ്കുകള്‍ക്കെത്തിച്ചിട്ടുണ്ടെന്നാണ് റിസര്‍വ് ബേങ്ക് മാനേജര്‍ വ്യാഴാഴ്ച പറഞ്ഞത്. എന്നാല്‍ ഒരു ബേങ്കിലും ആവശ്യത്തിന് നോട്ടുകളില്ല. എ ടി എമ്മുകള്‍ മിക്കതും കാലിയാണ്. നോട്ടുകള്‍ പരിമിതമായതിനാല്‍ മിക്ക ബേങ്കുകളും തങ്ങളുടെ സേവനം സ്വന്തം ഇടപാടുകാര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുമുണ്ട്. നൂറിന്റെയും അമ്പതിന്റെയും പത്തിന്റെയും നോട്ടുകളെല്ലാം വിതരണം ചെയ്തു തീര്‍ന്നതിനാല്‍ രണ്ടായിരത്തിന്റെ നോട്ടുകളാണ് ബേങ്കുകള്‍ ഇപ്പോള്‍ നല്‍കുന്നത്. ഇനി മുതല്‍ ഈ നോട്ടുകളേ നല്‍കുകയുള്ളൂവെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നോട്ടുകള്‍ ആവശ്യത്തിന് ബേങ്കുകളിലെത്തിക്കാന്‍ ആര്‍ ബി ഐയുടെ കൈവശം മതിയായ സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ താമസിയാതെ രണ്ടായിരത്തിന്റെ നോട്ടുകളുടെ വിതരണവും താറുമാറാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ഡിസംബര്‍ അവസാനത്തോടെ പ്രശ്‌നങ്ങളെല്ലാം പരിഹൃതമാകുമെന്നും സാധാരണ നില കൈവരിക്കുമെന്നുമാണ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അസാധുവാക്കിയ നോട്ടുകള്‍ക്ക് തുല്യമായ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകാന്‍ ആറ് മാസമെങ്കിലുമെടുക്കുമെന്നാണ് നോട്ടടിക്കുന്ന പ്രസുകളുടെ ശേഷി വിലയിരുത്തിയ വിദഗ്ധരുടെ പക്ഷം. മഹാരാഷ്ട്രയിലെ നാസിക്, മധ്യപ്രദേശിലെ ദേവാസ്, പശ്ചിമ ബംഗാളിലെ സാല്‍ബോനി, കര്‍ണാടകയിലെ മൈസൂരു എന്നിവിടങ്ങളിലാണ് രാജ്യത്തെ നോട്ടുകള്‍ അച്ചടിക്കുന്ന കേന്ദ്രങ്ങള്‍. ഈ പ്രസുകള്‍ അവയുടെ പരമാവധി ശേഷി വിനിയോഗിച്ചാലും ആറ് മാസത്തിന് മുമ്പ് പിന്‍വലിച്ച നോട്ടുകളുടെ പോരായ്മ പരിഹരിക്കാനാവശ്യമായ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കാനാകില്ലത്രെ. ആറ് മാസത്തിനിപ്പുറം ദുരിതക്കയത്തില്‍ നിന്ന് കരകയറാന്‍ ജനത്തിനാകില്ലെന്ന് സാരം.
നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലെ കൃഷിമന്ത്രിയും ബി ജെ പിനേതാവുമായ ദിലീപ് സംഗാനി അഭിപ്രായപ്പെട്ടത് പോലെ രാജ്യത്തെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എതിരെയുള്ള വെല്ലുവിളിയാണ് നോട്ട് പിന്‍വലിക്കലും തുടര്‍ നടപടികളും. അംബാനിയെയും അദാനിയെയും പോലുള്ള കുത്തക ഭീമന്മാരെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെന്ന് രാജസ്ഥാനിലെ ബി ജെ പി എം ല്‍ എ ഭവാനിസിംഗ് തന്നെ വെളിപ്പെടുത്തിയതാണ്. അവരെല്ലാം ഇതിനെ അതിജീവിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരാണ് ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നത്. എന്തിനാണ് ഒരു ഭരണകൂടം സ്വന്തം ജനതയെ ഈ വിധം കഷ്ടപ്പെടുത്തുന്നത്?

Latest