ദലൈ ലാമ മംഗോളിയയില്‍; എതിര്‍പ്പുമായി ചൈന

Posted on: November 20, 2016 7:27 am | Last updated: November 19, 2016 at 11:27 pm

ഉലാന്‍ബാറ്റാര്‍ (മംഗോളിയ) : ചൈനയുടെ ശക്തമായ എതിര്‍പ്പിനിടെ തിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ മംഗോളിയയിലെത്തി. ഗാന്‍ന്ധന്‍ തെഗ്‌ചെലിനിലെ ആശ്രമത്തില്‍ ആയരക്കണക്കിന് അനുയായികളെ സാക്ഷിയാക്കിയാണ് ലാമ ആത്മീയ പ്രഭാഷണം നടത്തി. ലാമയുടെ നാല് ദിവസത്തെ സന്ദര്‍ശനം തികച്ചും മതപരമാണെന്നും ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നും തന്നെ നടത്തുന്നില്ലെന്നും മംഗോളിയ വ്യക്തമാക്കിയിട്ടുണ്ട്. ലാമ 2002ല്‍ മംഗോളിയ സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് ചൈന അതിര്‍ത്തി അടച്ചിരുന്നു. ലാമയുടെ സന്ദര്‍ശനം ഇപ്പോഴും ചൈനയുമായുള്ള ബന്ധത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വലയിരുത്തല്‍. തിബറ്റിനെ ചൈനയില്‍ നിന്ന് അടര്‍ത്താന്‍ ശ്രമിക്കുന്ന വിഘടനവാദിയാണ് ലാമയെന്നാണ് ചൈനയുടെ ആരോപണം. ഇക്കാരണത്താല്‍ ലാമയെ സ്വീകരിക്കുന്നതില്‍ ചൈന മറ്റ് രാജ്യങ്ങളോട് കടുത്ത എതിര്‍പ്പ് തുടര്‍ന്നുവരികയാണ്. 1959ല്‍ ചൈനീസ് ഭരണത്തിനെതിരായ വിപ്ലപം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പലായനം ചെയ്ത ലാമ ഇന്ത്യ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലാമയുടെ സന്ദര്‍ശനം തടയണമെന്നും ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ അത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം മംഗോളിയയോട് പറഞ്ഞിരുന്നു.