മോദി ഭരണത്തില്‍ ജനങ്ങള്‍ക്ക് വിലയില്ല: എം എ ബേബി

Posted on: November 20, 2016 12:45 am | Last updated: November 19, 2016 at 11:22 pm

ma-babyതിരുവനന്തപുരം: നരേന്ദ്രമോദിയുടെ സ്വേച്ഛാധിപത്യഭരണത്തില്‍ ജനങ്ങള്‍ക്ക് വിലയില്ലാതായെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സാംസ്‌കാരിക പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യമാകെ സാംസ്‌കാരിക പ്രവര്‍ത്തകരും ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന വിദ്യാര്‍ഥികളും വേട്ടയാടപ്പെടുകയാണ്. ജെ എന്‍ യുവിലെ മിടുക്കനായ വിദ്യാര്‍ഥി നജീബിനെ നിരന്തരം സംഘപരിവാരം വേട്ടയാടിയതിനെ തുടര്‍ന്നാണ് കാണാതാവുന്നത്. എ ബി വി പിയുടെ ഒട്ടേറെ കടന്നാക്രമങ്ങള്‍ക്ക് ഇരയായ നജീബിനെ കാണാതായിട്ട് ഒരു മാസം പിന്നിട്ടു. ഉമ്മയും ഉപ്പയും കണ്ണീര്‍ പൊഴിച്ച് കഴിയുകയാണ്. 35 ദിവസമായിട്ടും നജീബിന്റെ തിരോധാനത്തില്‍ അന്വേഷക സംഘത്തിന് തുമ്പുണ്ടാക്കാനായില്ല. ഇത് കുറ്റകരമായ കൃത്യവിലോപമാണ്. നജീബിനെ കണ്ടെത്താന്‍ ശക്തമായ പ്രക്ഷോഭമുണ്ടായില്ലെങ്കില്‍ രാജ്യമാകെ ഇനിയും ഒട്ടേറെ നജീബുമാര്‍ സൃഷ്ടിക്കപ്പെടും. ജനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് അവസാനം നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെയും തെളിയിക്കപ്പെട്ടിരിക്കുകയാണ് എം എ ബേബി പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിഷേധം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന്് ആരംഭിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി അധ്യക്ഷതവഹിച്ചു. പ്രൊഫ. കെ എന്‍ ഗംഗാധരന്‍, ഡോ. എസ് രാജശേഖരന്‍, ധനുവച്ചപുരം സുകുമാരന്‍, എ ഗോകുലേന്ദ്രന്‍, സി അശോകന്‍, ഷൈലജ പി അമ്പു ,ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി പ്രസംഗിച്ചു.