ഹൈക്കോടതിയുടെ സര്‍ക്കുലര്‍ പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന് കെ യു ഡബ്ല്യു ജെ

Posted on: November 19, 2016 10:10 am | Last updated: November 19, 2016 at 10:10 am

തൃശൂര്‍: കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമ ബിരുദം വേണമെന്ന് വ്യക്തമാക്കി ഹൈക്കോടതി പുറത്തിറക്കിയ സര്‍ക്കുലര്‍ സുഗമമായ മാധ്യമ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ കുറച്ചുകാലമായി നിലനില്‍നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഇത് ഉപകരിക്കൂ. ഇത്തരം വ്യവസ്ഥകള്‍ കൊണ്ടുവന്നാല്‍ കോടതിയിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കാത്ത സ്ഥിതി വരും. സുഗമമായ മാധ്യമ പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടിയാകണം ഹൈക്കോടതയില്‍ നിന്നുണ്ടാകേണ്ടത്.
കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്തെ കോടതികളില്‍ നടക്കുന്ന കാര്യങ്ങളൊന്നും പൊതുസമൂഹം അറിയുന്നില്ല. അഭിഭാഷകരുടെ ആവശ്യങ്ങള്‍ മാത്രം അംഗീകരിച്ചുള്ളതാണ് ഹൈക്കോടതിയുടെ സര്‍ക്കുലര്‍.
അഞ്ച് മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതി റിപ്പോര്‍ട്ടിംഗില്‍ നിന്ന് മാറ്റണമെന്ന ആവശ്യമാണ് മുമ്പ് അഭിഭാഷകര്‍ മുന്നോട്ട് വച്ചത്- അദ്ദേഹം പറഞ്ഞു. പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗങ്ങളായ ജോയ് എം മണ്ണൂര്‍, എം വി ഫിറോസ്, ജില്ലാ വൈസ് പ്രസിഡന്റ് എം വി വിനീത എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.