മലപ്പുറം ജലനിധി ഓഫീസിലെ സാമ്പത്തിക തട്ടിപ്പ്; മൂന്നാം പ്രതി അറസ്റ്റില്‍

Posted on: November 19, 2016 12:51 am | Last updated: November 19, 2016 at 12:51 am

മലപ്പുറം: ജലനിധി ഓഫീസില്‍ കരാര്‍ ജീവനക്കാരന്‍ ആറ് കോടി രൂപ ക്രമക്കേട് നടത്തിയ കേസില്‍ മൂന്നാം പ്രതി അറസ്റ്റില്‍. ഒന്നാം പ്രതി പ്രവീണ്‍ കുമാറിന്റെ സഹോദരിയുടെ മകന്‍ കാസര്‍കോട് നീലേശ്വരം സ്വദേശി മിഥുന്‍ കൃഷ്ണ (25)നെയാണ് മലപ്പുറം സി ഐ പ്രേംജിത്ത് കാസര്‍കോട് വെച്ച് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി പ്രവീണ്‍ കുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ജലനിധി മലപ്പുറം റീജ്യനല്‍ പ്രോജക്ട് ഡയറക്ടര്‍ കഴിഞ്ഞ മൂന്നിന് നല്‍കിയ പരാതിയിലാണ് മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇതോടെ ഒളിവില്‍ പോയ ഒന്നാം പ്രതിയെ പിടികൂടാനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ന് പ്രവീണ്‍ കുമാറിന്റെ ഭാര്യ ദീപയെ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ദീപയെ ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി.

മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 41 പഞ്ചായത്തുകളിലെ 500 ഓളം പദ്ധതികള്‍ക്കുള്ള ജലനിധി സഹായം പഞ്ചായത്തുകള്‍ക്കുള്ള അക്കൗണ്ടിലേക്ക് കൈമാറുന്നതിനിടെ കൃത്രിമ രേഖയുണ്ടാക്കി ഒന്നാം പ്രതി പ്രവീണ്‍ കുമാര്‍ സ്വകാര്യ അക്കൗണ്ടിലേക്ക് വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. 2012 മുതല്‍ 25 ഓളം തവണകളായി 6.13 കോടി രൂപയാണ് ഒന്നാം പ്രതി തട്ടിയത്. ഈ തുക ഉപയോഗിച്ച് ആഡംബര വാഹനങ്ങള്‍ വാങ്ങുകയും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് കൂട്ടുനിന്ന കുറ്റത്തിനാണ് ഭാര്യ ദീപയെ അറസ്റ്റ് ചെയ്തത്.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒന്നാം പ്രതിയെ അങ്ങാടിപ്പുറത്തുള്ള വീട്ടില്‍ നിന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകുകയും കര്‍ണാടക സംസ്ഥാനത്തെ കുടകിലെ മട്കരിയില്‍ ലോഡ്ജില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്ത കുറ്റത്തിനാണ് മൂന്നാം പ്രതി മിഥുന്‍ കൃഷ്ണനെ ഇന്നലെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് സബ്ജയിലേക്ക് റിമാന്‍ഡ് ചെയ്തു. എ എസ് ഐ അബ്ദുല്‍ അസീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാബുലാല്‍, ശശി കുണ്ടറക്കാടന്‍, സി പി ഒ അബ്ദുല്‍ കരിം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.