Connect with us

National

നോട്ട് പിന്‍വലിക്കല്‍: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങളെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അതിനാലാണ് അവര്‍ കോടതിയെ സമീപിക്കുന്നതെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നോട്ട് പിന്‍വലിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കേന്ദ്ര സര്‍ക്കാറിന് നിഷേധിക്കാനാകില്ല. ദുരിതം തുടര്‍ന്നാല്‍ തെരുവില്‍ കലാപം ഉണ്ടാകുന്ന സ്ഥിതി സംജാതമാകുമെന്നും കോടതി വ്യക്തമാക്കി.

നോട്ട് മാറ്റി വാങ്ങുന്നതിനുള്ള പരിധി 4500 രൂപയില്‍ നിന്ന് 2000 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടിയെയും കോടതി വിമര്‍ശിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പരിധി ഉയര്‍ത്തുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അത് കുറയ്ക്കുകയാണ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ പ്രശനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും കോടതി പറഞ്ഞു.

വിവിധ ഹൈക്കോടതികളില്‍ ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. കേസുകള്‍ സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. എന്നാല്‍ എല്ലാ കേസുകളും ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി അറ്റോര്‍ണി ജനറലിനെ അറിയിച്ചു.

---- facebook comment plugin here -----

Latest