Connect with us

Ongoing News

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മുന്നേറുന്നു

Published

|

Last Updated

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം വിരാട് കോഹ്‌ലിയുടെയും ചേതേശ്വര്‍ പുജാരയുടെയും സെഞ്ച്വറികളുടെ ബലത്തില്‍ ഇന്ത്യ സ്വന്തമാക്കി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അമ്പതാം ടെസ്റ്റില്‍ പതിനാലാം ടെസ്റ്റ് സെഞ്ച്വറി നേടിയ കോഹ്‌ലി 151 റണ്‍സുമായി ക്രീസിലുണ്ട്. പത്താം സെഞ്ച്വറി പൂര്‍ത്തിയാക്കിയ ചേതേശ്വര്‍ പുജാര (119)യെ പുറത്താക്കിയതാണ് അവസാന സെഷനില്‍ ഇംഗ്ലണ്ട് അനുഭവിച്ച ആശ്വാസം. ഒരു റണ്‍സുമായി ആര്‍ അശ്വിനാണ് കോഹ്‌ലിക്കൊപ്പം ക്രീസിലുള്ളത്.
ഗൗതം ഗംഭീറിന് പകരം ടീമിലെത്തിയ ലോകേഷ് രാഹുല്‍ നേരിട്ട അഞ്ചാം പന്തില്‍ ഡക്ക് ആയത് കോച്ച് അനില്‍ കുംബ്ലെയുടെ പ്രതീക്ഷക്കേറ്റ തിരിച്ചടിയായി. ബ്രോഡിന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ചാവുകയായിരുന്നു. മുരളി വിജയ് ഇരുപത് റണ്‍സിനും അജിങ്ക്യരഹാനെ 23 റണ്‍സിനും പുറത്തായി. മുരളി ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളില്‍ ഒതുങ്ങിയപ്പോള്‍ ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റിന് പിറകില്‍ ബെയര്‍‌സ്റ്റോവിന് ക്യാച്ചായി. പുജാരയേയും ആന്‍ഡേഴ്‌സന്‍ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു.
പരുക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ഇന്നെ വീണ നാല് വിക്കറ്റുകളില്‍ മൂന്നും സ്വന്തമാക്കി. സ്റ്റുവര്‍ട് ബ്രോഡിനാണ് ഒരു വിക്കറ്റ്.
ടീമില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അമിത് മിശ്രക്ക് മകരം വലംകൈയ്യന്‍ ഓഫ് ബ്രേക്കര്‍ ജയന്ത് യാദവും ഗൗതം ഗംഭീറിന് പകരം ലോകേഷ് രാഹുലും ഇടം പിടിച്ചു. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ തുടരെ പത്തൊമ്പതാം ടെസ്റ്റിലാണ് ഇന്ത്യ വ്യത്യസ്ഥ ഇലവനെ പരീക്ഷിക്കുന്നത്.
കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച ജയന്ത് യാദവ് ഇന്നലെ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറി. യാദൃച്ഛികമാകാം രണ്ട് അരങ്ങേറ്റവും വിശാഖപട്ടണത്തായിരുന്നു.
ടോസ് നേടിയ കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. തീരുമാനം പാളിയെന്ന മട്ടിലായിരുന്നു തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സായപ്പോള്‍ ആദ്യ വിക്കറ്റ്. ഇരുപത്തിരണ്ട് റണ്‍സിന് രണ്ട് വിക്കറ്റ്. ഇവിടെ നിന്നാണ് കോഹ്‌ലിയും പുജാരയും 226 റണ്‍സ് സഖ്യമുണ്ടാക്കി ടീമിനെ രക്ഷിച്ചത്. ആക്രമണവും ജാഗ്രതയും സമന്വയിപ്പിച്ചു കൊണ്ടാണ് കോഹ്‌ലി മുന്നോട്ട് നീങ്ങുന്നത്. അഞ്ച് മണിക്കൂറും 52 മിനുട്ടും ക്രീസില്‍ ചെലവഴിച്ച കോഹ്‌ലി ഇന്ന് തന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍.

ഉപദേശം പൂജാരയെ മാറ്റിമറിച്ചു
കരീബിയന്‍ ക്രിക്കറ്റ് പര്യടനത്തില്‍ ചേതേശ്വര്‍ പുജാരയുടെ മന്ദഗതിയിലുള്ള ബാറ്റിംഗ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ചൊടിപ്പിച്ചിരുന്നു. കോച്ച് അനില്‍ കുംബ്ലെയും കോഹ്‌ലിയും പുജാരയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയുണ്ടായി. സ്‌ട്രൈക്ക് റേറ്റ് വര്‍ധിപ്പിക്കാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഫലമുണ്ടാക്കാനാകില്ലെന്നായിരുന്നു പുജാരക്ക് നല്‍കിയ ഉപദേശം. അതിന് ശേഷം പുജാര ആ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കുന്നതാണ് കണ്ടത്. അഞ്ച് ടെസ്റ്റുകളില്‍ തുടരെ മൂന്ന് സെഞ്ച്വറികള്‍, മൂന്ന് അര്‍ധസെഞ്ച്വറികള്‍. സൗരാഷ്ട്ര ബാറ്റ്‌സ്മാന്‍ തകര്‍ത്താടുകയാണ്. രാഹുല്‍ ദ്രാവിഡിന്റെ യഥാര്‍ഥ പിന്‍ഗാമിയെന്ന വിശേഷണവും പുജാരയെ തേടിയെത്തുന്നു.
കോച്ച് അനില്‍ഭായ് നല്‍കിയ ടിപ്‌സാണ് കരിയറില്‍ തനിക്കേറെ ഗുണകരമായതെന്ന് പുജാര പറയുന്നു. ന്യൂസിലാന്‍ഡിനെതിരെ നന്നായി കളിച്ചിട്ടും സെഞ്ച്വറിക്കരികെ പുറത്തായ അനുഭവമുണ്ടായിരുന്നു. എന്നാല്‍, തന്റെ ബാറ്റിംഗില്‍ പിഴവുകളില്ലെന്നു ഏകാഗ്രത വര്‍ധിപ്പിച്ചാല്‍ മതിയെന്നുമായിരുന്നു പുജാരക്ക് കുംബ്ലെ നല്‍കിയ ഉപദേശം.
ഇംഗ്ലണ്ടിനെതിരെ ഇന്നലെ വിരാട് കോഹ്‌ലിയെ കാഴ്ചക്കാരനാക്കുന്ന പ്രകടനമായിരുന്നു പുജാരയുടേത്. 22 റണ്‍സെടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ കരകയറ്റാന്‍ കോഹ്‌ലി ശ്രദ്ധാപൂര്‍വം നീങ്ങിയപ്പോള്‍ പുജാര ആക്രമണ മൂഡിലായിരുന്നു.
കോഹ്‌ലി പതിനഞ്ച് ബൗണ്ടറികളുമായി സ്‌കോറിംഗ് നടത്തിയപ്പോള്‍ പുജാര പന്ത്രണ്ട് ബൗണ്ടറികളും രണ്ട്‌സിക്‌സറുകളും പറപ്പിച്ചു. ഇംഗ്ലണ്ട് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കാനെന്നോണം പുജാര സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുത്തത് സിക്‌സറായിരുന്നു. പിഴവുകളില്ലാത്ത ഇന്നിംഗ്‌സ് പുറത്തെടുക്കാനായിരുന്നു പുജാരയും കോഹ്‌ലിയും തീരുമാനിച്ചത്. സ്‌ട്രൈക്ക് മാറിക്കൊണ്ട് അനായാസം സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ സാധിച്ചു.
ഇതിനിടെ ആകെയൊരു പിഴവ് മാത്രമാണ് സംഭവിച്ചത്. അത് കോഹ്‌ലിയുടെ ഭാഗത്ത് നിന്നായിരുന്നു. ഒരു പുള്‍ഷോട്ട് കളിച്ചപ്പോള്‍ അത് നിയന്ത്രണമില്ലാത്തതായി. ബൗണ്‍സ് മനസിലാക്കുന്നതില്‍ സംഭവിച്ച ചെറിയൊരു പിഴവ്. പക്ഷേ, വിക്കറ്റ് നഷ്ടമാകാന്‍ അത് ധാരാളം. അതിന് ശേഷം കൂടുതല്‍ ജാഗ്രത കാണിച്ചുവെന്ന് പുജാര പറയുന്നു.
കോഹ്‌ലിക്കൊപ്പം കളിക്കുന്നത് വലിയ അനുഭവമാണെന്ന് പുജാര സാക്ഷ്യപ്പെടുത്തുന്നു. ബൗളര്‍മാര്‍ക്ക് മേല്‍ കോഹ്‌ലി ആധിപത്യം സ്ഥാപിക്കും. മറുഭാഗത്ത് നിന്ന് അത് കാണുന്നത് ആസ്വാദ്യകരം മാത്രമല്ല, ആത്മവിശ്വാസം നിറയ്ക്കുന്നതുമാണ് – പുജാര പറയുന്നു.
പുജാര 22 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഒരോവറില്‍ തന്നെ രണ്ട് തവണ റണ്ണൗട്ടാകാന്‍ പോയി. കോഹ്‌ലിയുമായുള്ള ആശയവിനിമയത്തിലെ പാളിച്ച കാരണമായിരുന്നു ഇത്. ക്യാപ്റ്റന്‍ കോഹ്‌ലിയെ ദേഷ്യം പിടിപ്പിച്ചു പുജാരയുടെ അനാവശ്യ തിടുക്കം. ജാഗ്രതകാണിക്കാന്‍ നിര്‍ദേശവും നല്‍കി.