Connect with us

Kerala

മത്സ്യവിപണനം കയറ്റുമതിയിലൊതുങ്ങി, അറുപത് ശതമാനത്തിന്റെ നഷ്ടം

Published

|

Last Updated

കണ്ണൂര്‍: സാധുവായ നോട്ടുകളുടെ അഭാവത്തില്‍ സംസ്ഥാനത്തെ മത്സ്യവിപണന മേഖല തളരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് ആളുകളെ കാര്യമായി ബാധിച്ചു തുടങ്ങി.അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവായതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം വിപണിയില്‍ അറുപത് ശതമാനത്തിന്റെ നഷ്ടമുണ്ടായതാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ വിപണികളില്‍ മത്സ്യം വിറ്റഴിക്കുന്നതില്‍ നേരിടുന്ന പ്രയാസം മൂലം മൊത്തക്കച്ചവടക്കാര്‍ക്ക് മത്സ്യമേറ്റെടുക്കാന്‍ കഴിയാതിരുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. മത്സ്യ ലഭ്യതയില്‍ പൊതുവേ വലിയ കുറവ് അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരള തീരങ്ങളില്‍ നിന്നു ലഭ്യമാകുന്ന മത്സ്യം തുലോം കുറവാണ്. 2014ല്‍ 5.76 ലക്ഷം ടണ്‍ ടണ്‍ മത്സ്യം ലഭിച്ചിടത്ത് 2015ല്‍ 4.82 ലക്ഷം ടണ്ണായാണ് മത്സ്യ ലഭ്യത കുറഞ്ഞത്.10,000 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ അല്‍പ്പമെങ്കിലും മത്സ്യം ലഭ്യമാകുന്ന സീസണാണ്. എന്നാല്‍ ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധി ഈ മേഖലയക്ക് താങ്ങാനാകുന്നതിലുമപ്പുറമുള്ള ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങളുടെ വിതരണത്തിലും വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചെറുകിട വിതരണക്കാര്‍ക്കും മറ്റും സാധുവായ നോട്ടുകളുടെ അഭാവത്തില്‍ ആദ്യദിനങ്ങളില്‍ കടമായാണ് മീന്‍വിതരണം നടത്തിയിരുന്നതെങ്കില്‍ പിന്നീടതും നിലച്ചു. പ്രാദേശിക വിപണിയിലുള്ള മാന്ദ്യം കാരണം ഇവര്‍ക്ക് കൃത്യമായ തിരിച്ചടവ് സാധിക്കാത്തതിനാലാണ് ചെറുകിട വിതരണക്കാരെ അന്യസംസ്ഥാന വിപണന കേന്ദ്രങ്ങള്‍ തഴഞ്ഞത്. ഇതോടെ മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനാളുകള്‍ കടുത്ത ദുരിതത്തിലായി. സംസ്ഥാനത്തിന്റെ തീരദേശഗ്രാമങ്ങളില്‍ മീന്‍പിടിച്ച് ഉപജീവനം നടത്തുന്ന രണ്ട് ലക്ഷം പേരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് കൂടാതെ ലക്ഷക്കണക്കിനാളുകള്‍ മത്സ്യസംസ്‌കരണം, വിപണനം തുടങ്ങിയവയില്‍ നിന്നും വരുമാനം കണ്ടെത്തുന്നവരാണ്. ഇവരെയെല്ലാം പ്രത്യക്ഷത്തില്‍ തന്നെ ഈ മേഖലയിലുണ്ടായ പ്രതിസന്ധി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് മത്സ്യവിതരണ രംഗത്ത് ഏഴായിരം മൊത്തക്കച്ചവടക്കരാണുള്ളത്. ഇവരുടെ ജീവിതത്തെ നേരിട്ട് സാമ്പത്തിക പ്രതിസന്ധി ഇതിനകം ബാധിച്ചു തുടങ്ങിയതായി കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ ഏജന്റസ് അസോസിഷന്‍ സംസ്ഥാന സെക്രട്ടറി നൂറുദ്ദീന്‍ പറഞ്ഞു.
സാധുവായ നോട്ടുകളുടെ അഭാവത്തില്‍ മത്സ്യക്കച്ചവടം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് മത്സ്യക്കച്ചവടക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി മത്സ്യമാര്‍ക്കറ്റുകള്‍ ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചിരുന്നു. ഇവര്‍ മാര്‍ക്കറ്റുകളിലേക്കുള്ള മത്സ്യം വാങ്ങാതിരുന്നതിനാല്‍ മത്സ്യബന്ധന ഹാര്‍ബറുകളില്‍ മത്സ്യക്കച്ചവടം സ്തംഭിക്കാനിടയാക്കുകയും ചെയ്തിരുന്നു. മത്സ്യ വിപണനത്തിന് സാധുവായ നോട്ടുകള്‍ മാത്രമേ സ്വീകരിക്കൂവെന്ന ഉറച്ച തീരുമാനം കച്ചവടക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.ആദ്യ ദിവസങ്ങളില്‍ ആയിരവുംഅഞ്ഞൂറുമായെത്തുന്നവര്‍ക്ക് മറ്റൊരു ഗതിയുമില്ലാത്തതിനാല്‍ മീന്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ കൈയില്‍ കിട്ടിയ നോട്ടുകള്‍ മാറിയെടുക്കാനുള്ള പ്രതിസന്ധി പലയിടങ്ങളിലും ഇവര്‍ക്ക് വിപരീത ഫലമുണ്ടാക്കുകയും ചെയ്തു. അതു കൊണ്ട് തന്നെ കച്ചവടക്കാര്‍ തീരുമാനം കടുപ്പിച്ചു. സാധുവായ നോട്ടുകളുടെ കുറവ് വരും ദിവസങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ കുറവുണ്ടാക്കുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.
കേരള തീരങ്ങളില്‍ മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകളില്‍ ഭൂരിഭാഗവും വിപണനരംഗത്തെ പ്രതിസന്ധി മൂലം കരക്കടുത്തു. ഔദ്യോഗികമായി അംഗീകാരമുള്ള മൂവായിരത്തോളം ബോട്ടുകളില്‍ മിക്കതും കയറ്റുമതി മത്സ്യം ശേഖരിച്ച് നല്‍കാനുള്ള മാര്‍ഗം സ്വീകരിച്ച് കടലില്‍ത്തന്നെ നങ്കൂരമിടുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിലേക്കുള്ള കച്ചവടം മാത്രമാണ് വന്‍തോതില്‍ മത്സ്യം ശേഖരിക്കുന്ന ബോട്ടുകളുടെ ഇപ്പോഴത്തെ ലക്ഷ്യം. കേരളത്തില്‍ നിന്നുള്ള സമുദ്രവിഭവം ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ യൂറോപ്പ്, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളിലെല്ലാമാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. ഇപ്പോള്‍ കേരള തീരങ്ങളില്‍ നിന്ന് ധാരാളമായി പിടിക്കപ്പെടുന്ന തളയന്‍(റിബണ്‍) മത്സ്യം ചൈനയിലേക്കടക്കം കാര്യമായി കയറ്റിയയക്കുന്നുമുണ്ട്. ഇവയുടെ കയറ്റുമതിയില്‍ വലിയ കുറവുണ്ടാകില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിപണനത്തില്‍ നേരിയ തളര്‍ച്ച അനുഭവപ്പെടുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest