അരൂരില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

Posted on: November 17, 2016 9:38 am | Last updated: November 17, 2016 at 1:25 pm

aroor-bridge

അരൂര്‍: ദേശീയപാതയില്‍ അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന് ബൊലേറോ വാന്‍ കായലിലേക്ക് മറിഞ്ഞ് കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ അഞ്ചുപേരെയാണ് കാണാതായത്. നാലുപേരെ രക്ഷപെടുത്തിയിരുന്നു. മലയാളിയായ ഡ്രൈവറേയും നേപ്പാളുകാരായ നാല് തൊഴിലാളികളേയുമാണ് കാണാതായത്.

ബൊലേറൊ വാന്‍ ബുധനാഴ്ച രാത്രി 11 ഓടെ രക്ഷാദൗത്യസേന കണ്ടത്തെിയെങ്കിലും ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസ്സമായി. ഫയര്‍ഫോഴ്‌സിന്റെ 40 അംഗ സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. സാധാരണഗതിയിലുണ്ടാവുന്ന അപകടത്തില്‍നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് അരൂരിലുണ്ടായത്. വീതിയേറിയ വിശാല കായലിലേക്ക് മറിഞ്ഞ വാഹനം കണ്ടത്തൊന്‍ ഇരുട്ടായിരുന്നു പ്രധാന തടസം.

ബുധനാഴ്ച വൈകീട്ട് 6.30ഓടെയാണ് അരൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച വാന്‍ കായലിലേക്ക് മറിഞ്ഞത്. വേമ്പനാട്ടുകായലില്‍ 30 മീറ്ററോളം ആഴമുള്ള ഭാഗത്താണ് വാന്‍ പതിച്ചത്. സന്ധ്യക്ക് കായലില്‍ വീണ വാഹനം പൊടുന്നനെ മുങ്ങിപ്പോവുകയും ചെയ്തു.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അരൂര്‍ റെയില്‍വേ പാലത്തിന് സമീപത്തുനിന്നാണ് വാന്‍ കണ്ടത്തെിയത്.
വാനില്‍നിന്ന് ഒരാള്‍ നീന്തി രക്ഷപ്പെട്ടതുമാത്രമാണ് ഓടിയത്തെിയവര്‍ കണ്ടത്. അപകടസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിലിടപെടാന്‍ കാലതാമസമുണ്ടായതായി ആരോപണമുണ്ട്.