അമേരിക്കയില്‍ മുസ്‌ലിംവിരുദ്ധ ആക്രമണം 67 ശതമാനം വര്‍ധിച്ചു

Posted on: November 16, 2016 12:26 pm | Last updated: November 16, 2016 at 12:26 pm

usന്യൂയോര്‍ക്ക്: അമേരിക്കയിലെ മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ ആക്രമണങ്ങള്‍ 67 ശതമാനം വര്‍ധിച്ചതായി എഫ് ബി ഐ സ്ഥിതിവിവരക്കണക്കുകള്‍.വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട വര്‍ഷത്തിന് ശേഷം ഇത്രയധികം വിദ്വേഷ ആക്രമണങ്ങളുണ്ടാകുന്നത് ആദ്യമാണെന്നും എഫ് ബി ഐ കണക്കുകള്‍ വ്യക്തമാക്കുന്നു.
2015 വര്‍ഷത്തിലാണ് ആക്രമണ തോത് വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 5850 കേസുകളില്‍ 57 ശതമാനവും വംശീയമായതോ വര്‍ഗപരമായതോ ആയ ആക്രമണങ്ങളാണ്. ഇരുപത് ശതമാനത്തോളം മതപരമായ വിദ്വേഷ ആക്രമണങ്ങളുമാണ്. 2015 വര്‍ഷത്തില്‍ മുസ്‌ലിം വിരുദ്ധമായതെന്ന് കണക്കാക്കാവുന്ന 257 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2014ല്‍ ഇത്154 ആയിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമുണ്ടായ 2001ല്‍ മുസ്‌ലിംകള്‍ക്കെതിരെ 481 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
അതേസമയം, മതപരമായ വിദ്വേഷങ്ങളുടെ പേരില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ജൂതന്മാരാണെന്ന് എഫ് ബി ഐ കണക്കുകള്‍ പറയുന്നു. മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദ്വേഷ ആക്രമണങ്ങളില്‍ 53 ശതമാനവും ജൂതര്‍ക്കെതിരായുള്ളതാണ്.
1053 കേസുകളാണ് ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിവാദങ്ങളുടെ തോഴനായ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ഉടനെയാണ് വിദ്വേഷ ആക്രമണങ്ങളെ സംബന്ധിച്ചുള്ള എഫ് ബി ഐ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നതും ശ്രദ്ധേയമാണ്.
എന്തായാലും, ട്രംപ് അധികാരത്തിലേറിയ ശേഷമുള്ള അമേരിക്കയിലെ മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും കുടിയേറ്റക്കാരുടെയും ജീവിതം കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നു തന്നെയാണ് ആശങ്കപ്പെടുന്നത്. ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത് മുസ്‌ലിംകള്‍ക്കെതിരെയും മറ്റു ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വ്യാപകമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.