Connect with us

International

മിഷേല്‍ ഒബാമക്കെതിരെ വംശീയാധിക്ഷേപം നടത്തിയ ക്ലേ കൗണ്ടി മേയര്‍ രാജിവെച്ചു

Published

|

Last Updated

ചാള്‍സ്റ്റണ്‍: അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമക്കെതിരെ ഫേസ്ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ വെസ്റ്റ് വെര്‍ജീനിയയിലെ മേയര്‍ രാജിവെച്ചു. ക്ലേ കൗണ്ടി മേയര്‍ ബെവര്‍ലി വേലിങ്ങാണ് രാജി വെച്ചത്.

വെര്‍ജീനിയ ഡെവലപ്‌മെന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ്‌ലര്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിറകെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. വൈറ്റ് ഹൗസില്‍ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേല്‍ക്കുന്നതില്‍ സന്തോഷം തോന്നുന്നു. ഹൈഹീല്‍ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപോയി എന്നായിരുന്നു പമേലയുടെ ഫേസ്ബുക് പോസ്റ്റ്.

പോസ്റ്റിനെ അനുകൂലിച്ച് ക്‌ളേ കൗണ്ടി മേയര്‍ ബെവര്‍ലി വേലിങ് കുറിപ്പിട്ടത് വിവാദം ആളിക്കത്താനിടയാക്കി. വിസാസ് ടിവി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത നൂറുക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. പിന്നീട് ഈ പോസ്റ്റ് രണ്ടുപേരും ഡിലീറ്റ് ചെയ്തു എന്നു മാത്രമല്ല, ഫേസ്ബുക്കില്‍ നിന്ന് ഇവരുടെ അക്കൗണ്ടുകള്‍ തന്നെ അപ്രത്യക്ഷമായി.

വംശീയ അധിക്ഷേപം നടത്തിയ രണ്ട് വനിതകളേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയില്‍ ശക്തമായി ആവശ്യമുയര്‍ന്നിരുന്നു. ഇവരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി ലഭിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞിരുന്നു. അതേ തുടര്‍ന്നാണ് മേയര്‍ രാജിവെച്ചത്.

---- facebook comment plugin here -----

Latest