കര്‍ണാടകയിലെ അശ്ലീല വിവാദം

Posted on: November 16, 2016 9:02 am | Last updated: November 16, 2016 at 9:02 am

ടിപ്പുജയന്തി ആഘോഷത്തിനിടെ മന്ത്രി മൊബൈലില്‍ നോക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനും അത് പ്രക്ഷേപണം ചെയ്ത പ്രാദേശിക ചാനലിനും എതിരെ കേസെടുത്തി രിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. റായ്ച്ചൂരില്‍ നടന്ന ടിപ്പുജയന്തി ആഘോഷത്തിനിടെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍സേട്ട് അശ്ലീല വീഡിയോ കാണുന്നതായി ആരോപിച്ച് ദൃശ്യങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച യാണ് പ്രാദേശിക ചാനല്‍ പുറത്തുവിട്ടത്. ദൃശ്യം വ്യക്തമല്ലെങ്കിലും മന്ത്രി കാണുന്നത് അശ്ലീലചിത്ര മാണെന്ന വിവരണത്തോടെയായിരുന്നു വാര്‍ത്ത. എന്നാല്‍ മനഃപൂര്‍വമല്ല ചിത്രം തുറന്നതെന്നും വാട്‌സ്ആപ്പില്‍ വന്ന ചിത്രം തുറന്നപ്പോഴാണ് അത് അശ്ലീലമാണെന്ന് മനസിലായതെന്നുമാണ് മന്ത്രി പറയുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചാനല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഉത്തരവാദപ്പെട്ട നേതാക്കള്‍ അരുതാത്തത് ചെയ്യുകയും അത് വാര്‍ത്തയാകുമ്പോള്‍ നിഷേധിക്കുകയും ചെയ്യുന്നത് സാധാരണമാണ്. മാത്രമല്ല, അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവരെ ഭരണ സ്വാധീനമുപയോഗിച്ചു കുരുക്കില്‍ അകപ്പെടുത്തുകയും ചെയ്യുന്നു. ഇതിനിടെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലിനെതിരെ ബംഗാളിലെ മമതാ സര്‍ക്കാര്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. ബംഗാളിലെ മമതാ സര്‍ക്കാറിലെ അഴിമതി ഒളിക്യാമറയിലൂടെ വെളിച്ചത്ത് കൊണ്ട് വന്നതിനെ തുടര്‍ന്ന് വ്യാജരേഖയുണ്ടാക്കല്‍ (ഐ പി സി 469) അപകീര്‍ത്തിപ്പെടുത്തല്‍ (ഐ പി സി 500) തുടങ്ങിയ കുറ്റങ്ങളായിരുന്നു ആരോപിച്ചിരുന്നത്. ഇതടിസ്ഥാനത്തില്‍ കഴിഞ്ഞ ആഗസ്തില്‍ അമേരിക്ക യാത്ര കഴിഞ്ഞു തിരിച്ചു വരവെ ഡല്‍ഹി പോലീസ് മാത്യു സാമുവലിനെ ക്‌സറ്റഡിയിലെടുക്കുകയുമുണ്ടായി. വ്യാജ കമ്പനിയുടെ പേരില്‍ രാഷ്ട്രീയ നേതാക്കളെ സമീപിച്ച മാത്യുവിനോട് മുതിര്‍ന്ന തൃണമൂല്‍ നേതാവ് അടക്കമുള്ളവര്‍ കൈക്കൂലി ആവശ്യപ്പെടുന്ന രംഗങ്ങളായിരുന്നു അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി ചാനലില്‍ പ്രസിദ്ധീകരിച്ചത്.
ജയലളിതയെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വാര്‍ത്ത നല്‍കിയ മാധ്യമ പ്രവ്രര്‍ത്തകര്‍ക്കുമെതിരെ അടിക്കടി മാനനഷ്ടക്കേസ് കൊടുക്കുന്ന എ ഐ എ ഡി എം കെ സര്‍ക്കാറിന്റെ നിലപാടും ഈ ഗണത്തില്‍ പെടുന്നു. ജയലളിതയുടെ പ്രധാന എതിരാളികളായ ഡി എം കെ ക്കെതിരെ –85-ഉം ഡി എം ഡി കെക്കെതിരെ 68- ഉം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ–55-ഉം കേസുകള്‍ ഉള്‍പ്പെടെ 213 കേസുകളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തിന്റെ ഭരണസംവിധാനങ്ങളെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും ദുരുപയോഗപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്തത്. ഈ പ്രവണതയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നാല്‍ അതിനോട് ആരോഗ്യകരമയി പ്രതികരിക്കുകയും മറുപടി നല്‍കുകയും ചെയ്യുന്നതിന് പകരം ഭരണ സംവിധാനമുപയോഗിച്ചു വിമര്‍ശകരെ കേസില്‍ അകപ്പെടുത്തുന്നത് അഭിപ്രായ സ്വതന്ത്യത്തിനെതിരായ കടന്നുകയറ്റവും ജനാധിപത്യത്തിന് നിരക്കാത്തതുമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. അപകീര്‍ത്തി നിയമം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പരമോന്നത കോടതി ഉണര്‍ത്തി.
മനഃപൂര്‍വമല്ല അശ്ലീല വിഡിയോ തുറന്നതെന്ന കര്‍ണടക മന്ത്രിയുടെ വാദം ശരിയായിരിക്കാം. എങ്കിലും ഉത്തരവാദപ്പെട്ട നേതാക്കള്‍ ജീവിതത്തില്‍ വളരെയേറെ സുക്ഷ്മത പാലിക്കേണ്ടതുണ്ട്. വ്യക്തിജീവിതത്തില്‍ അവര്‍ ദുഷിച്ച സ്വാധീനങ്ങളില്‍ അകപ്പെടുകയോ പൊതുജീവിതത്തില്‍ മാന്യതക്കും അന്തസ്സിനും നിരക്കാത്ത ചെയ്തികളിലേര്‍പ്പെടുകയോ അരുത്. മൊബൈല്‍ ഫോണുകളും ക്യാമറകളും കണ്ണ് മിഴിച്ചിരിക്കുകയാാണ് എവിടെയും ഏത് നേരത്തും. പൊതുവേദികളില്‍ വിശേഷിച്ചും. കര്‍ണാടകയില്‍ തന്നെ 2012ല്‍ ബി ജെ പി ഭരണകാലത്ത് നിയമസഭാസ മ്മേളനത്തിനിടെ രണ്ടു മന്ത്രിമാര്‍ മൊബൈല്‍ ഫോണില്‍ അശ്ലീലം കാണ്ടത് മാധ്യമങ്ങള്‍ ഒപ്പിയെടുക്കുകയും സംഭവം വിവാദത്തിനിടയായതുമാണ.് പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അവര്‍ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു.
വാര്‍ത്തകള്‍ പകര്‍ത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരും കൃത്യനിര്‍വഹണത്തില്‍ നീതി ബോധവും സത്യസന്ധതയും പുലര്‍ത്തേണ്ടതുണ്ട്. ഒരാളുടെ വ്യക്തിത്വത്തിന് കളങ്കമേല്‍പിക്കാവുന്ന വാര്‍ത്ത നല്‍കുമ്പോള്‍ അത് പൂര്‍ണമായും വസ്തുതാപരമാണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സെന്‍സേഷന് വേണ്ടി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും വിവാദ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്യുന്നത് ശരിയല്ല. കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ സത്യസന്ധതയും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളെക്കുറിച്ചു ഉത്തമവിശ്വാസവുമായിരിക്കണം മാധ്യമ പ്രവര്‍ത്തകരുടെ കൈമുതല്‍. മാധ്യമങ്ങള്‍ക്ക് തെറ്റ് സംഭവിക്കാം. എങ്കില്‍ അത് തിരുത്താനുള്ള സന്മനസ്സ് കാണിക്കണം. ഈ ധര്‍മം നിറവേറ്റുന്ന എത്ര മാധ്യമങ്ങളുണ്ട് രാജ്യത്ത്? ഉന്നതരെക്കുറിച്ചുള്ള അപകീര്‍ത്തികരമായ വാര്‍ത്തകളും പരാമര്‍ശങ്ങളും അവരുടെ ജീവിതത്തില്‍ എന്നും ഒരു കറുത്ത പാടായി അവശേഷിക്കുമെന്ന വസ്തുത മാധ്യമ ലോകം ഓര്‍ത്തിരിക്കേണ്ടതാണ്.

ALSO READ  രാഷ്ട്രീയമാകരുത് ശിക്ഷാ ഇളവിന് മാനദണ്ഡം