ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ റദ്ദാക്കി

Posted on: November 15, 2016 4:21 pm | Last updated: November 15, 2016 at 8:37 pm

morsiകൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റു മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ റദ്ദാക്കി. മുര്‍സിക്ക് എതിരായ കേസ് പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. മുര്‍സിയോടൊപ്പം വധശിക്ഷക്ക് വിധിക്കപ്പെട്ട മുഹമ്മദ് ബാദി അടക്കം അഞ്ച് മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ വധശിക്ഷയും ഈജിപ്തിലെ പരമോന്നത കോടതി റദ്ദാക്കിയിട്ടുണ്ട്. 2011ലെ ജയില്‍ ഭേദന കേസിലാണ് മുർസി അടക്കം ബ്രദർഹുഡ് നേതാക്കൾക്ക് ഇൗജിപ്ഷ്യൻ കോടതി വധശിക്ഷ വിധിച്ചത്.

ഈജിപ്തില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2013 ജൂലെെയിലാണ് മുര്‍സി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. തുടര്‍ന്ന് സൈന്യം അധികാരം പിടിക്കുകയും ബ്രദര്‍ഹുഡിനെ നിരോധിക്കുകയും ചെയ്തിരുന്നു.

ഒന്നിലധികം കുറ്റങ്ങള്‍ക്ക് മുര്‍സി വിചാരണ നേരിട്ടിരുന്നു. രാജ്യത്തിന്റെ രഹസ്യങ്ങള്‍ വിദേശ ശക്തികള്‍ക്ക് ചോര്‍ത്തി നല്‍കി, 2012ലെ ആഭ്യന്തര കലാപത്തിന് നേതൃത്വം നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് മുര്‍സിക്കെതിരെ ഉണ്ടായിരുന്നത്. ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന് കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് ശേഷമാണ് 2015 മെയില്‍ മുര്‍സിക്ക് വധശിക്ഷ വിധിച്ചത്.