കമുകില്‍നിന്നു ടൈല്‍: സാങ്കേതിക വിദ്യയുമായി പത്തുവയസുകാരന്‍

Posted on: November 15, 2016 12:33 pm | Last updated: November 15, 2016 at 12:33 pm

wyd-14-didul-eldoകല്‍പ്പറ്റ: കമുകുതടിയില്‍നിന്ന ടൈല്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യയുമായി പത്തുവയസുകാരന്‍. വയനാട് മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ദിദുല്‍ എല്‍ദോയുടേതാണ് കേരളത്തിന്റെ വ്യാവസായിക വികസനത്തില്‍ മുതല്‍ക്കൂട്ടാക്കാവുന്ന സാങ്കേതിക വിദ്യ. അടയ്ക്കാത്തൊണ്ട് കിടക്ക, കുഷന്‍ നിര്‍മാണത്തിനു ഉപയോഗപ്പെടുത്തുന്ന വിദ്യയും ഈ ബാലന്‍ വികസിപ്പിച്ചു.
ബോറിക് ആസിഡ്, ബോറാമിന്‍, വെള്ളം എന്നിവ നിശ്ചിത അനുപാതയില്‍ കലര്‍ത്തി തയാറാക്കുന്ന ദ്രാവകത്തില്‍ പുഴുങ്ങി അണുവിമുക്തമാക്കുന്ന കമുകുതടി പീലിംഗിനുശേഷം ഹൈഡ്രാളിക് പ്രസിന്റെ സഹായത്തോടെ ടൈലാക്കുന്ന വിദ്യയാണ് ദിദുല്‍ കണ്ടെത്തിയത്. ശാസ്ത്ര വിഷയങ്ങളില്‍ തത്പരനായ ദിദുല്‍ കേടായ കുമുകുതടികളില്‍ നടത്തിയ പരീക്ഷണങ്ങളാണ് ടൈല്‍ നിര്‍മാണത്തിലേക്ക് നയച്ചത്. കോഴിക്കാട് നല്ലളം പ്ലാന്റില്‍ ബാംബു കോര്‍പറേഷന്‍ മുള ഉപയോഗിച്ചു നടത്തുന്ന ടൈല്‍ നിര്‍മാണം മാതൃകയാക്കിയായിരുന്നു കമുകുതടിയില്‍ ദിദുലിന്റെ പരിക്ഷണങ്ങള്‍. സാധാരണ വലിപ്പമുള്ള കമുകുതടിയില്‍നിന്നു 2.2 അടി നീളവും അത്രതന്നെ വീതിയുമുള്ള ആറ് ടൈലുകള്‍ നിര്‍മിക്കാനാകുമെന്നാണ് ദിദുല്‍ തെളിയിച്ചത്.
അടയ്ക്കാത്തൊണ്ടില്‍നിന്നു നാരുകള്‍ വേര്‍തിരിച്ച് കിടക്കയും കുഷനും നിര്‍മിക്കുന്നതാണ് ദിദുല്‍ വികസിപ്പിച്ച മറ്റൊരു വിദ്യ. വെള്ളത്തില്‍ അഴുകാന്‍ അനുവദിച്ചതിനുശേഷം ഉണക്കിയെടുക്കുന്ന അടയ്ക്കാത്തൊണ്ടില്‍നിന്നു വേര്‍തിരിക്കുന്ന നാരുകള്‍ ബ്ലീച്ചിംഗ് പഡറും സള്‍ഫോണിക് ആസിഡും ഉപയോഗിച്ച് ബ്ലീച്ച് ചെയ്ത് ഉണക്കുന്നതോടെയാണ് കിടക്ക, കുഷന്‍ നിര്‍മാണത്തിനുളള പരുവത്തിലാകുന്നത്. ഇതര നാരുകളെ അപേക്ഷിച്ച് ബലവും ഈടും ഉള്ളതാണ് അടയ്ക്കാത്തൊണ്ടില്‍നിന്നു ലഭിക്കുന്നത്.
കമുകില്‍നിന്നു കിടുന്ന അടയ്ക്ക, പാള, ഇല എന്നിവ പാന്‍മസാലകള്‍, പെയിന്റ്, പാത്രങ്ങള്‍, ചൂല്‍ എന്നിവയുടെ നിര്‍മാണത്തിനു നിലവില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പാഴ്‌വസ്തു എന്ന നിലയില്‍ ഉപേക്ഷിക്കുന്ന അടയ്ക്കാത്തൊണ്ടും തടിയും വ്യാവസായികാടിസ്ഥാനത്തില്‍ മൂല്യവര്‍ധിത വസ്തു നിര്‍മാണത്തിനു പ്രയോജനപ്പെടുന്നത് കമുകുകൃഷിയിലൂടെയുള്ള വരുമാന വര്‍ധനവിനും ധാരാളം തൊഴിലവസരങ്ങളുടെ സൃഷ്ടിക്കും ഉതകുമെന്നാണ് ദിദുലിന്റെ പക്ഷം. കൃഷി വകുപ്പിന്റെ 2014–15ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 96686 ഹെക്ടറിലാണ് കമുകുകൃഷി. കൃഷിയില്‍ 17 ശതമാനം ഓരോ വര്‍ഷവും നശിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
മീനങ്ങാടി പൂവത്തിങ്കല്‍ എല്‍ദോ-ദിവ്യ ദമ്പതികളുടെ മൂത്ത മകനാണ് ദിദുല്‍. സഹോരന്‍ നിഥുലും ഉള്‍പ്പെടുന്നതാണ് കുടുംബം. മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനമാണ് ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്ന് ദിദുല്‍ പറയുന്നു.