സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം: എ സി മൊയ്തീന്‍

Posted on: November 15, 2016 9:43 am | Last updated: November 15, 2016 at 9:43 am

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ അനാവശ്യ വിവാദം ഉണ്ടാക്കി കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ചില കോണുകളില്‍ നിന്ന് ശ്രമം നടക്കുന്നതായി സഹകരണമന്ത്രി എ സി മൊയ്തീന്‍. സംസ്ഥാനത്തെ സഹകരണ മേഖലയില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നു എന്ന പ്രചാരണത്തിലൂടെ ഇതാണ് ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ക്കാകെ മാതൃകയാണ് കേരളത്തിലെ സഹകരണ മേഖയെന്നും അദ്ദേഹം പറഞ്ഞു. 63ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ നിന്ന് സഹകരണമേഖലയെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. സംസ്ഥാന ധനമന്ത്രി ഇക്കാര്യങ്ങള്‍ കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച നടത്തി. സഹകരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് കേന്ദ്രത്തെയും റിസര്‍വ് ബേങ്കിനെയും അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അനുകൂല തീരുമാനം ഉണ്ടാകുന്നതിന് കേന്ദ്രസര്‍ക്കാറിനെ സമീപിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എം പിമാരോട് അഭ്യര്‍ഥിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നോട്ട് പിന്‍വലിക്കലിലൂടെ രാജ്യം പ്രതിസന്ധി നേരിടുകയാണ്. രാജ്യത്ത് കള്ളപ്പണത്തിന്റെ ഇടപാടുകള്‍ നടക്കുന്നില്ലെന്ന് ആരും പറയുന്നില്ല. അത് പിടിച്ചെടുത്ത് രാജ്യ പുരോഗതിക്ക് പ്രയോജനപ്പെടുത്തുന്നതിലും ആരും എതിരല്ല. നാടകീയമായി പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അതിനുപകരം ആവശ്യമായ മുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ വിജയകരമായി പര്യവസാനിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു.