വിവാഹ തട്ടിപ്പ്; സുഹൈര്‍ ചുങ്കത്തറക്കെതിരെ നിരവധി പേര്‍ രംഗത്ത്

Posted on: November 15, 2016 6:05 am | Last updated: November 15, 2016 at 12:17 am

തിരൂരങ്ങാടി: സ്ത്രീധന രഹിത വിവാഹത്തിന്റെ പേരില്‍ മുജാഹിദ് മൗലവിക്കെതിരെ നിരവധി പേര്‍ രംഗത്ത്. ജിന്ന് വിഭാഗം മുജാഹിദ് നേതാവ് സുഹൈര്‍ ചുങ്കത്തറക്കെതിരെയാണ് പരാതിയുമായി തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ കൂടുതലാളുകള്‍ എത്തിയത്.
എറണാകുളം കലൂര്‍ സ്വദേശിയാണ് ഇന്നലെ പരാതിയുമായെത്തിയത്. ഇയാള്‍ സുഹൈര്‍ ചുങ്കത്തറയുടെ സഹയാത്രികനും അറിയപ്പെട്ട മുജാഹിദ് പ്രഭാഷകനുമായ മൗലവിയുടെ മകളെയാണ് വിവാഹം ചെയ്തത്. സ്ത്രീധന രഹിത വിവാഹത്തിന്റെ മഹത്വം പറഞ്ഞ് ധരിപ്പിച്ചായിരുന്നു വിവാഹം. ഇതില്‍ ആറ് വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്. യുവാവിന്റെ പേരിലുള്ള 32 ലക്ഷം രൂപവിലവരുന്ന രണ്ടര സെന്റ് സ്ഥലം ഭാര്യയുടെയും യുവാവിന്റേയും പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് സമ്മതിച്ചില്ല. തുടര്‍ന്ന് ഭാര്യയേയും കുട്ടിയേയും ഭാര്യാ പിതാവിന്റെ വീട്ടില്‍ നിര്‍ത്തുകയും യുവാവിന്റെ പേരില്‍ സ്ത്രീ പീഡനത്തിന് കേസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വീട്ടീല്‍ വന്ന് മൗലവിമാരായ ഭാര്യാ സഹോദരന്‍മാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന്റെ പേരില്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ കേസ് കൊടുക്കുകയും ചര്‍ച്ചവിളിക്കുകയും ചെയ്തു. എന്നാല്‍ അക്രമിച്ച ഭാര്യാ സഹോദര്‍മാര്‍ക്ക് പകരം ഭാര്യാ പിതാവാണ് ചര്‍ച്ചക്കെത്തിയത്. ഇദ്ദേഹം കരഞ്ഞു പറഞ്ഞ് കൊണ്ട് കേസ് പിന്‍വലിക്കുകയായിരുന്നു. അതിനിടെ തന്റെ കൂടെയില്ലാത്ത ഭാര്യക്ക് പ്രതിമാസം യുവാവ് ചെലവിന് തുക അയച്ചുകൊടുത്തിരുന്നു. പിന്നീട് അത് കൈപറ്റാതെ അവര്‍ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ഈ വരുന്ന 23ന് അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടതായി യുവാവ് സിറാജിനോട് പറഞ്ഞു.
പ്രശ്‌നം തീര്‍ത്തുതരാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ചുങ്കത്തറ മൗലവി രംഗത്ത് വരികയായിരുന്നു. യുവാവിന്റെ ഭാര്യ പിതാവായ മൗലവി ഒതായിലെ മുജാഹിദ് പള്ളിയിലെ ഖത്വീബാണ്. ഇദ്ദേഹത്തിന്റെ ചെയ്തികള്‍ വിവരിച്ച് പള്ളികമ്മിറ്റിക്ക് യുവാവ് പലതവണ കത്തയച്ചിരുന്നു. എന്നാല്‍ മൗലവി ശിര്‍ക്ക് ചെയ്തിട്ടില്ലല്ലോ എന്നായിരുന്നുവത്രെ കമ്മിറ്റിയുടെ പ്രതികരണം.സുഹൈര്‍ ചുങ്കത്തറയും സംഘവും നടത്തുന്ന വിവാഹ തട്ടിപ്പിനെതിരെ ഇദ്ദേഹം എടക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വെളിമുക്ക് പാലക്കലിലെ യുവാവ് ഒതായിലെ ഭാര്യയെ വിവാഹ മോചനം നടത്തിയ സംഭവത്തില്‍ പണം കൈപറ്റാനായി ചെമ്മാട് എത്തിയ സുഹൈര്‍ ചുങ്കത്തറയെ കയ്യോടെ പിടികൂടി തിരൂരങ്ങാടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഏറെനേരം ഇയാളെ ചോദ്യം ചെയ്തിരുന്നു.
സമാന തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതിക്കാരെ പോലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് എറണാകുളം കലൂര്‍ സ്വദേശ തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഞായറാഴ്ച രാത്രി വിട്ടയച്ച സുഹൈര്‍ ചുങ്കത്തറയോട് ഇന്നലെ വൈകുന്നേരം തിരൂരങ്ങാടി സ്റ്റേഷനില്‍ എത്താന്‍ എസ് ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിട്ടില്ല.