മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക; പോലീസ് പിന്നാലെ

Posted on: November 15, 2016 6:04 am | Last updated: November 15, 2016 at 12:05 am

asതിരുവനന്തപുരം: മാലിന്യമുക്ത കേരളത്തിനായുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന്, പൊതുസ്ഥലങ്ങള്‍ മാലിന്യ മുക്തമാക്കാന്‍ ഇനി പോലീസ് ഇടപെടലും. പൊതുസ്ഥലങ്ങളില്‍ ഖരമാലിന്യങ്ങള്‍ കൊണ്ടിടുന്നവര്‍ക്കെതിരെയും മാലിന്യങ്ങളും മലിനജലവുമൊഴുക്കി ജലാശയങ്ങളും കനാലുകളും മലിനമാക്കുന്നവര്‍ക്കെതിരെയും പ്ലാസ്റ്റിക്കും അപകടകരമായ വിഷവസ്തുക്കളും പൊതുസ്ഥലങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി കൈക്കൊള്ളാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസിന് നിര്‍ദ്ദേശം നല്‍കി.
പൊതുസ്ഥലങ്ങളില്‍ ഖരമാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും മലിനജലമൊഴുക്കിയും അപകടകാരികളായ പാഴ്‌വസ്തുക്കള്‍ കത്തിച്ചും ജല-വായു മലിനീകരണം നടത്തുന്നവര്‍ക്കെതിരെയും നടപടി കൈക്കൊള്ളാനാണ് നിര്‍ദ്ദേശം. ഇവക്കൊപ്പം കേരള മുന്‍സിപ്പല്‍ ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകള്‍ പ്രകാരമുള്ള നടപടികളും കൈക്കൊള്ളും.
ശുചിത്വമിഷന്റെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും സഹകരണത്തോടെയാണ് ഈ പ്രവര്‍ത്തനം ആവിഷ്‌കരിച്ചിട്ടുള്ളത്. നാല്ഘട്ടമായി ഇതു നടപ്പില്‍ വരുത്താനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. ആദ്യഘട്ടമായി, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അധികൃതര്‍, ശുചിത്വമിഷന്‍, ആരോഗ്യ വകുപ്പ്, മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരില്‍ നിന്നായി ഓരോ പോലീസ് സ്റ്റേഷന്‍ പ്രദേശത്തും ഖരമാലിന്യങ്ങള്‍ കൂടുതലായി വലിച്ചെറിയപ്പെടുന്ന സ്ഥലങ്ങള്‍, വലിയതോതില്‍ ജല മലിനീകരണം നടക്കുന്ന സ്ഥലങ്ങള്‍, പ്ലാസ്റ്റിക്കും അപകടകരമായ പദാര്‍ഥങ്ങളും വലിയതോതില്‍ കത്തിച്ച് വായുമലിനീകരണമുണ്ടാക്കുന്ന സ്ഥലങ്ങള്‍ എന്നിവ സംബന്ധിച്ച് വിവരം ശേഖരിക്കും.
രണ്ടാം ഘട്ടമായി ഇത്തരം സ്ഥലങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായത്തോടെ മാലിന്യ പ്രശ്‌നത്തിന്റെ സാമൂഹിക-ആരോഗ്യ-പരിസ്ഥിതി പ്രശനങ്ങളും നിയമ പ്രശ്‌നങ്ങളും സംബന്ധിച്ച ബോധവത്കരണം സംഘടിപ്പിക്കും. അടുത്ത ഘട്ടത്തില്‍ ഇത്തരം സ്ഥലങ്ങളിലെ മലിനീകരണ തോത് മറ്റ് ഏജന്‍സികളുടെ സഹായത്തോടെ വിലയിരുത്തി തുടര്‍ന്നും മലിനീകരണം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി മുന്നറിയിപ്പ് നല്‍കും. തുടര്‍ന്നും മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ജല-വായു മലിനീകരണം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളും.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, സി ഐമാര്‍, ഡി വൈ എസ് പിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്കായി ഓരോതലത്തിലുമുള്ള ഏകോപന നടപടികളും ഇതിന്റെ ഭാഗമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഞ്ച് ഐ ജിമാര്‍, സോണല്‍ എ ഡി ജി പിമാര്‍ എന്നിവര്‍ ഈ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.