ജനത്തെ വലച്ച പരിഷ്‌കാരം

Posted on: November 15, 2016 6:00 am | Last updated: November 14, 2016 at 11:58 pm

SIRAJകേന്ദ്ര സര്‍ക്കാറിന്റെ നോട്ട് ആസാധുവാക്കല്‍ നടപടി ജനങ്ങളെ കൊടും ദുരിതത്തിലാക്കിയിരിക്കുന്നു. ഉപയോഗ ശൂന്യമായ നോട്ടുകളുമായി ആളുകള്‍ നെട്ടോട്ടത്തിലാണെവിടെയും. നോട്ട് മാറ്റി വാങ്ങാനായി ജോലികള്‍ ഉപേക്ഷിച്ചു ബേങ്കുകള്‍ക്ക് മുമ്പില്‍ നീണ്ട വരികള്‍ ദൃശ്യമാണ് രാജ്യത്തെങ്ങും. മാറി നല്‍കാന്‍ ബേങ്കുകളില്‍ ആവശ്യത്തിന് നോട്ടുകളില്ലാത്തിതിനാല്‍ മണിക്കൂറുകളോളം ക്യൂനിന്ന് കഷ്ടപ്പെട്ട ശേഷം പലര്‍ക്കും നിരാശരായി മടങ്ങേണ്ടിവരുന്നു. ബേങ്കുകള്‍ നല്‍കുന്നത് ഏറെയും 2000-ത്തിന്റെ നോട്ടുകളാണെന്നതും ജനങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്. ബാക്കി നല്‍കാന്‍ ചില്ലറ നോട്ടുകളില്ലാത്തതിനാല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ വാങ്ങാന്‍ വ്യാപാരികള്‍ വിസമ്മതിക്കുന്നു. നിര്‍മാണ മേഖലയും മത്സ്യബന്ധന മേഖലയും സതംഭനത്തിലാണ്. എ ടി എമ്മില്‍ നിന്ന് 2500 രൂപ വരെ പിന്‍വലിക്കാമെങ്കിലും നിറക്കാന്‍ ബേങ്കുകളില്‍ പണമില്ലാത്തതിനാല്‍ മിക്കതും പ്രവര്‍ത്തന രഹിതമാണ്. പണം നിറക്കുന്ന ചുരുക്കം എ ടി എമ്മുകളില്‍ മണിക്കൂറുകളോളം ക്യൂനില്‍ക്കേണ്ടിവരികയും ചെയ്യുന്നു.
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ നിവൃത്തിയില്ലാതെ മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ഗ്രാമത്തില്‍ ജനങ്ങള്‍ കഴിഞ്ഞ ദിവസം റേഷന്‍ഷാപ്പ് കൊള്ളയടിക്കുകയുണ്ടായി. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ റേഷന്‍ വ്യാപാരി വിസമ്മതിക്കുകയും പകരം നോട്ടുകള്‍ കൈയിലില്ലാതിരിക്കുയും ചെയ്ത സാഹചര്യത്തില്‍ ഗതികേടിലായ ഉപഭോക്താക്കള്‍ കടയിലേക്ക് കയറി അരിയും ഗോതമ്പും പഞ്ചസാരയുമെല്ലാം എടുത്തു കൊണ്ടുപോകുകയായിരുന്നു. നോട്ടുകളുടെ കുറവ് അടുത്ത ദിവസങ്ങളിലൊന്നും പരിഹരിക്കാന്‍ ഇടയില്ലാത്തതിനാല്‍ രാജ്യത്ത് അരാജകത്വവും കൊള്ളയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയില്‍ പണം നല്‍കാനില്ലാത്തത് മൂലം ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്ന രോഗികള്‍ നിരവധിയാണ്. ബേങ്കുകള്‍ക്ക് മുമ്പില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് ക്ഷീണിതരായി കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങളും ഉണ്ട്. മതിയായ തോതില്‍ ചെറിയ നോട്ടുകള്‍ ബേങ്കുകളിലെത്തിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരുമെന്നിരിക്കെ പ്രതിസന്ധി അടുത്ത ദിവസങ്ങളിലൊന്നും അവസാനിക്കില്ല.
മുന്നൊരുക്കങ്ങളില്ലാതെ അസാധുവാക്കിയതാണ് പ്രതിന്ധിക്ക് കാരണമായത്. രാജ്യത്ത് വിതരണം ചെയ്യുന്ന നോട്ടുകളില്‍ 80 ശതമാനവും അഞ്ഞൂറിന്റേതാണ്. എന്നാല്‍ 500ന്റെ പുതിയ നോട്ടുകള്‍ അച്ചടി പോലും തുടങ്ങാതെയാണ് പഴയ നോട്ടിന് നിരോധനമേര്‍പ്പെടുത്തിയത്. പിന്‍വലിച്ച നോട്ടിന്റെ കുറവ് പരിഹരിക്കാനാവശ്യമായതിന്റെ നാലിലൊന്ന് പോലും നൂറിന്റെയും അമ്പതിന്റെയും നോട്ടുകള്‍ രാജ്യത്തില്ല. ഈ ഘട്ടത്തില്‍ പൊടുന്നനെ ഒരു പാതിരാത്രി നോട്ടുകള്‍ പിന്‍വലിച്ചാലുണ്ടാകുന്ന പ്രത്യാഘാതം റിസര്‍വ് ബേങ്കിന് അറിയാതെയുമല്ല. സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ബേങ്ക് വഴിപ്പെടേണ്ടി വരികയായിരുന്നു. കള്ളനോട്ട് തടയാന്‍ കൂടുതല്‍ സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയതെന്ന സര്‍ക്കാര്‍ വാദവും പൊള്ളയാണെന്നറിയുന്നു. അസാധുവാക്കിയ നോട്ടുകളിലെ സുരക്ഷാ സവിശേഷതകള്‍ മാത്രമേ പുതിയ നോട്ടുകളിലുമുള്ളുവെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. അസാധുവാക്കല്‍ നടപടി അതീവ രഹസ്യമായാണെന്ന സര്‍ക്കാര്‍ വാദവും പൊളിഞ്ഞു. നിരോധ വാര്‍ത്ത ഏഴ്മാസം മുമ്പ് ഗുജറാത്തിലെ പത്രത്തില്‍ വന്നതും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ബി ജെ പി ബംഗാള്‍ ഘടകം അക്കൗണ്ടിലേക്ക് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതും ബി ജെ പിയുമായി അടുത്ത കേന്ദ്രങ്ങള്‍ ഇത് നേരത്തെ അറിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
കള്ളപ്പണക്കാര്‍ക്കെതിരെ ധീരമായ നടപടി സ്വീകരിച്ച ഭരണാധികാരിയെന്ന പ്രതിച്ഛായക്ക് വേണ്ടി നടപ്പാക്കിയ നടപടി ഒടുവില്‍ മോദിക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്. ഒരാഴ്ച കൊണ്ട് അദ്ദേഹത്തിന്റെ പ്രതിച്ഛായ വന്‍തോതില്‍ ഇടിഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാജ്യമെമ്പാടും ജനങ്ങള്‍ കേന്ദ്രത്തിനും മോദിക്കുമെതിരെ ശാപവാക്കുകള്‍ ചൊരിയുകയാണ്. തുടക്കത്തില്‍ നോട്ട് നിരോധത്തെ അനുകൂലിച്ചവര്‍ അബദ്ധമായെന്ന മാറ്റിപ്പറയാന്‍ തുടങ്ങിയിട്ടുണ്ട്. പുറമെ സര്‍ക്കാറിനെ ന്യായീകരിക്കുന്നുവെങ്കിലും മുന്നറിയിപ്പില്ലാതെ നടത്തിയ നടപടി തുഗ്ലക്ക് പരിഷ്‌കാരമായിപ്പോയെന്ന് ഭരണകക്ഷിക്കുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നതായും വാര്‍ത്തയുണ്ട്.
ദേശീയ താത്പര്യം അവകാശപ്പെട്ടത് കൊണ്ടോ, വിമര്‍ശകരെ കള്ളപ്പണക്കാരുടെ ആളുകളായി മുദ്രയടിച്ചത് കൊണ്ടോ നോട്ട് നിരോധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാനോ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്താനോ കഴിയില്ല. അന്‍പത് ദിവസം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് മോദി പറയുന്നത്. അത്രയും ദിവസം ജനങ്ങള്‍ എന്ത് ചെയ്യണം? പട്ടിണി കിടന്നു നരകിക്കണോ? ചികിത്സ കെട്ടാതെ ജീവന്‍ നഷ്ടപ്പെടുത്തണോ? മുഖ്യമന്ത്രി പിണറായി നിര്‍ദേശിച്ചത് പോലെ നൂറിന്റെയും അന്‍പതിന്റെയും നോട്ടുകള്‍ മതിയായ തോതില്‍ ബേങ്കുകളില്‍ എത്തിക്കുകയും പുതിയ അഞ്ഞൂറിന്റെ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകുകയും ചെയ്യുന്നത് വരെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയാണ് പ്രശ്‌നത്തിന് പരിഹാരം.