Connect with us

Kerala

അഴിമതി: വില്ലേജ് ഓഫീസര്‍ക്കും ഇടനിലക്കാരനും കഠിനതടവ്

Published

|

Last Updated

തിരുവനന്തപുരം: കരം അടച്ച രസീത് നല്‍കാന്‍ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കേസില്‍ മുന്‍ മണമ്പൂര്‍ വില്ലേജ് ഓഫീസര്‍ക്കും ഇടനിലക്കാരനും തടവുശിക്ഷ. മുന്‍ വില്ലേജ് ഓഫീസര്‍ ബാലരാമപുരം തന്നിമൂട് സ്വദേശി ഉണ്ണിക്കൃഷ്ണന്‍, ഇടനിലക്കാരനായ ചിറയിന്‍കീഴ് മൂങ്ങോട് സ്വദേശി സാബു എന്നിവര്‍ക്കാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ബദറുദീന്‍ കഠിനതടവും പിഴയും വിധിച്ചത്. 2008 ഏപ്രിലില്‍ ആലംകോട് നിസാര്‍ മന്‍സിലില്‍ രജില തന്റെയും ഭര്‍ത്താവിന്റെയും വസ്തു ഈടുവച്ച് വായ്പ എടുക്കാന്‍ കരം അടച്ച രസീതിന് സമീപിച്ചപ്പോള്‍ അടുത്തുള്ള ആധാരം എഴുത്തുകാരനായ സാബുവിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആധാരം എഴുത്തുകാരന്‍ രജിലയില്‍നിന്ന് 1000 രൂപ കൈക്കൂലി വാങ്ങി വില്ലേജ് ഓഫീസര്‍ക്ക് നല്‍കി. എന്നാല്‍, ഈ തുക പോരെന്നും 2500 രൂപ വേണമെന്നും വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രജില വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ നോട്ട് രജില ആധാരം എഴുത്തുകാരന് കൈമാറി. തുടര്‍ന്ന് ആധാരം എഴുത്തുകാരന്‍ കരം അടച്ച രസീത് കൈമാറി. പണം വാങ്ങിയ ആധാരം എഴുത്തുകാരനെയും വില്ലേജ് ഓഫീസറെയും വിജിലന്‍സ് കൈയോടെ പിടികൂടി.

Latest