മധ്യപൗരസ്ത്യ രാജ്യങ്ങള്‍ എണ്ണപ്രകൃതിവാതക ഉത്പാദനം വര്‍ധിപ്പിക്കുന്നു

Posted on: November 10, 2016 6:08 pm | Last updated: November 14, 2016 at 11:31 pm

unnamedമധ്യപൗരസ്ത്യ മേഖലയിലെ എണ്ണയുല്‍പാദനത്തില്‍ 2024 ആകുമ്പോഴേക്കും 7.9 ശതമാനം വളര്‍ച്ച നേടുമെന്ന് പഠനങ്ങള്‍. 2015 മുതല്‍ ഘട്ടംഘട്ടമായി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ മേഖലയിലെ എണ്ണയുല്‍പാദക രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. ബിസിനസ് മോണിറ്റര്‍ ഇന്റര്‍നാഷണല്‍ (ബി എം ഐ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മേഖലയില്‍ സാമ്പത്തിക വൈവിധ്യം വര്‍ധിപ്പിക്കുന്നിന്റെ ഭാഗമായാണിത്. മധ്യപൗരസ്ത്യ മേഖലയിലെ ആഭ്യന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ ഡിമാന്റും വര്‍ധിച്ചു വരുന്നുണ്ട്. 2015 മുതല്‍ ദിവസേന 2.91 കോടി ബാരല്‍ എണ്ണ ഉല്‍പാദിപ്പിച്ചു വരുന്നത് 2024 ആകുമ്പോള്‍ ഉല്‍പാദന ശേഷി 3.14 കോടി ബാരലിലെത്തും.
എണ്ണയുല്‍പാദനത്തോടൊപ്പം മിഡിലീസ്റ്റ് രാജ്യങ്ങളുടെ പ്രകൃതി വാതക ഉല്‍പാദനവും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ 611 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകമാണ് മേഖലയിലെ രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. 2025 ആകുമ്പോള്‍ 23.5 ശതമാനം വളര്‍ച്ച നേടി ഉല്‍പാദന ശേഷി 754 ബില്യണ്‍ ക്യുബിക് മീറ്ററാകും.
കഴിഞ്ഞ ദിവസം അബുദാബിയില്‍ തുടക്കം കുറിച്ച അബുദാബി അന്താരാഷ്ട്ര പെട്രോളിയം പ്രദര്‍ശന (അഡിപെക്)ത്തില്‍ ആഗോളതലത്തില്‍ തന്നെ എണ്ണയുല്‍പാദനം വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
വ്യവസായവാണിജ്യ, വിനോദസഞ്ചാര മേഖലക്കൊപ്പം എണ്ണയുല്‍പാദനത്തിലൂടെയും യു എ ഇയുടെ സമ്പദ് മേഖലയില്‍ വലിയ കുതിപ്പുണ്ടാകാന്‍ രാജ്യത്തെ പ്രധാന ട്രേഡ്‌ലോജിസ്റ്റിക് ഹബ്ബായ ജബല്‍ അലി ഫ്രീസോണ്‍ അഡിപെകില്‍ പങ്കെടുക്കുന്നുണ്ട്. മിഡിലീസ്റ്റിലേയും ആഫ്രിക്കയിലേയും പെട്രോകെമിക്കല്‍ഊര്‍ജ മേഖലയിലെ പ്രമുഖ കമ്പനികളെ ഫ്രീസോണിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ദുബൈയിലെ ഫ്രീസോണ്‍ കേന്ദ്രീകരിച്ച് മുന്‍നിര കമ്പനികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതുവഴി യു എ ഇയുടേയും വിശിഷ്യാ ദുബൈയുടേയും സാമ്പത്തിക മേഖലക്ക് വലിയ നേട്ടമുണ്ടാക്കും.
77 രാജ്യങ്ങളില്‍ നിന്നായി 850 ഓയില്‍ഗ്യാസ് പവര്‍ ഹൗസുകള്‍ ജബല്‍ അലി ഫ്രീസോണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജബല്‍ അലി തുറമുഖത്തിന്റേയും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റേയും സാന്നിധ്യം കൂടുതല്‍ അന്താരാഷ്ട്ര കമ്പനികളെ ഫ്രീസോണിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദര്‍ശനങ്ങള്‍ക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലധികമായി മേഖലയിലെ പ്രധാന ഊര്‍ജ ഹബ്ബായി ‘ജഫ്‌സ’ പ്രവര്‍ത്തിച്ചുവരികയാണെന്ന് ദുബൈ പോര്‍ട് വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം പറഞ്ഞു. നൂതനമായ വാണിജ്യ സംരംഭങ്ങളുടേയും പ്രധാന നിക്ഷേപ കേന്ദ്രമായും ദുബൈയെ മാറ്റുന്നതില്‍ ശൈഖ് മുഹമ്മദിന്റെ പങ്ക് ശ്ലാഘനീയമാണെന്ന് ബിന്‍ സുലൈം വ്യക്തമാക്കി.
അഡിപെകിലെ സാന്നിധ്യത്തിലൂടെ മിഡിലീസ്റ്റിലേയും ആഫ്രിക്കയിലേയും ദക്ഷിണേഷ്യയിലേയും ഊര്‍ജ വ്യവസായ രംഗത്തെ കമ്പനികള്‍ ഫ്രീസോണിലേക്കെത്തുമെന്ന ശുഭ പ്രതീക്ഷയും സുലൈം പ്രകടമാക്കി.
ലോകത്തിലെ മുന്‍നിര എണ്ണപ്രകൃതിവാതക കമ്പനികളായ സി ഇ എഫ് സി, ജി ഇ എനര്‍ജി, ഡി ഒ ഡബ്ല്യു, ടോട്ടല്‍, സി എന്‍ പി സി തുടങ്ങിയവയുടെ സാന്നിധ്യം ഇപ്പോള്‍തന്നെ ഫ്രീസോണിലുണ്ട്. ഊര്‍ജ മേഖലയില്‍ മാത്രം 16,000 തൊഴിലാളികളാണ് ഫ്രീസോണില്‍ ജോലി ചെയ്യുന്നത്. മൊത്തം ഫ്രീസോണ്‍ തൊഴിലാളികളുടെ 12 ശതമാനം വരുമിത്.
അതേസമയം ജി സി സിയിലെ പെട്രോകെമിക്കല്‍ ഉല്‍പാദക രാജ്യങ്ങള്‍ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ഉല്‍പാദനം 40 ശതമാനം വര്‍ധിപ്പിക്കുമെന്ന് ദ ഗള്‍ഫ് പെട്രോകെമിക്കല്‍സ് ആന്‍ഡ് കെമിക്കല്‍ അസോസിയേഷന്‍ പറയുന്നു. 2018 ആകുമ്പോള്‍ പ്രതിവര്‍ഷം 19.95 കോടി ടണ്‍ ഉല്‍പാദന ശേഷി കൈവരിക്കും. അപ്പോള്‍ യു എ ഇയിലെ പെട്രോകെമിക്കല്‍ ഉല്‍പാദനം രണ്ടിരട്ടിയായി വര്‍ധിച്ച് ഒരു കോടി ടണ്‍ ആയി മാറും. 490 കോടി ഡോളറിന്റെ ഉല്‍പാദനമാണ് യു എ ഇ കൈവരിക്കുക. മൊത്തം ജി സി സി ഉല്‍പാദനത്തിന്റെ ഏഴ് ശതമാനവും യു എ ഇയില്‍ നിന്നാകും. ഇതോടെ മേഖലയില്‍ നിന്ന് 5,550 കോടി ഡോളറിന്റെ പെട്രോ കെമിക്കല്‍ ഉല്‍പന്നങ്ങള്‍ ലോകമെങ്ങുമുള്ള 177 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. പ്രധാനമായും ഏഷ്യന്‍ മാര്‍ക്കറ്റുകളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കുക.
പാരമ്പര്യമായി തന്നെ എണ്ണപ്രകൃതിവാതക വ്യവസായത്തിന്റെ പ്രധാന ഹബ്ബാണ് മിഡിലീസ്റ്റ്. എന്നിരുന്നാലും മേഖലയില്‍ സുസ്ഥിര സാമ്പത്തിക വളര്‍ച്ച നേടാന്‍ എണ്ണയിതര വരുമാന മാര്‍ഗങ്ങളും മിഡിലീസ്റ്റ് രാജ്യങ്ങള്‍ നോക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി എണ്ണവിലയില്‍ ഇടിവുണ്ട്. 2017 ആകുമ്പോള്‍ എണ്ണ വ്യവസായത്തിന് പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്നാണ് ഈ രംഗത്തെ പ്രമുഖരുടെ വിലയിരുത്തല്‍. അമേരിക്കയില്‍ ഇപ്പോള്‍ എണ്ണയുല്‍പാദനം ഇരട്ടിയായിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഉണ്ടാക്കുന്ന ഷെയ്ല്‍ പെട്രോള്‍ ആണ് അതിന് ഒരു പ്രധാന കാരണം. ഇത് അമേരിക്കയുടെ പെട്രോളിയം ഇറക്കുമതി വലിയ തോതില്‍ കുറക്കാന്‍ കാരണമായി. ഇതുകാരണം അമേരിക്കയിലേക്ക് എണ്ണ കയറ്റിയയക്കുന്ന നൈജീരിയ, അള്‍ജീരിയ, സഊദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ കയറ്റുമതിയില്‍ ഉണ്ടായ ഇടിവ് നികത്തുന്നതിനു വേണ്ടി മറ്റു രാജ്യങ്ങളിലേക്ക് എണ്ണ കയറ്റിയയക്കാന്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയെ കൂടാതെ കാനഡ, റഷ്യ പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ പെട്രോളിയം ഉല്‍പാദനം കൂട്ടി ലോകവിപണിയില്‍ ഒപെക് രാജ്യങ്ങളുമായി മത്സരിക്കുകയാണ്. ഇത് ലോകവിപണിയില്‍ പെട്രോളിയം സുലഭമായി ലഭിക്കാന്‍ ഇടയാക്കി. ഒപെക് രാജ്യങ്ങള്‍ എണ്ണയുല്‍പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിഞ്ഞ മാസം 28, 29 തിയതികളില്‍ വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗത്തിലേക്ക് റഷ്യയെ കൂടി ക്ഷണിച്ചിരുന്നു.
ഗള്‍ഫ് മേഖലയില്‍ രാഷ്ട്രീയ അസ്ഥിരത ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകാറുള്ള പെട്രോളിയം വിലക്കയറ്റം ഇത്തവണ സംഭവിക്കാത്തത് ചെറിയ തോതില്‍ തിരിച്ചടിയായി. സഊദിയുടേയും ഇറാന്റേയും കൊമ്പുകോര്‍ക്കലും ലിബിയ, സിറിയ, ഇറാഖ്, യമന്‍, ഐ എസ് പ്രശ്‌നങ്ങളൊക്കെ പെട്രോളിയം വിലക്കയറ്റത്തിന് കാരണമാകുമായിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല.
അതേസമയം യു എ ഇ ഇതര വരുമാന മാര്‍ഗങ്ങള്‍ വിപുലപ്പെടുത്തിയതും ഖത്വറും കുവൈത്തും ചെറിയ രാജ്യങ്ങളായതും എണ്ണവിലയിടിവ് പ്രതിസന്ധിയൊന്നും ഈ മൂന്ന് രാജ്യങ്ങളെ ബാധിക്കില്ല.
യു എ ഇ വിഷന്‍2021, സഊദി വിഷന്‍2030, ബഹ്‌റൈന്‍ വിഷന്‍2030, ഒമാന്‍ വിഷന്‍2020 എന്ന പേരിലുള്ള ജി സി സി രാജ്യങ്ങളുടെ വികസന പദ്ധതികള്‍ എണ്ണയിതര വരുമാനത്തില്‍ വലിയ ഉണര്‍വുണ്ടാക്കുമെന്ന് തീര്‍ച്ച. പക്ഷേ സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ യു എ ഇ ഒഴികെ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരും. വര്‍ഷങ്ങള്‍ക്കു മുമ്പ് യു എ ഇക്ക് 90 ശതമാനം വരുമാനവും പെട്രോളിയത്തില്‍നിന്നാണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ദേശീയ ഉല്‍പാദനത്തില്‍ പെട്രോളിയത്തിന്റെ പങ്ക് 25 ശതമാനമാണ്. വ്യോമയാന മേഖലയില്‍ അസൂയാവഹമായ നേട്ടമാണ് ദുബൈ കൈവരിച്ചത്. മേഖലയിലെ ഗതാഗതചരക്കു ഗതാഗതത്തിന്റെയും വ്യാവസായികവിനോദസഞ്ചാരത്തിന്റേയും കടിഞ്ഞാണ്‍ ദുബൈ കൈപിടിയിലൊതുക്കിയിട്ടുണ്ട്. ഇത് യു എ ഇക്ക് വലിയ നേട്ടമാണ്.