ട്രംപ്, അങ്ങയെ തന്നെയാണ് അമേരിക്ക അര്‍ഹിക്കുന്നത്

Posted on: November 10, 2016 6:50 am | Last updated: November 10, 2016 at 12:43 am

trump-speechഅമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അപ്രതീക്ഷിതമെന്നും അട്ടിമറിയെന്നുമാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അത് ഒരു കുറ്റസമ്മതമാണ്. അമേരിക്കന്‍ ജനതയില്‍ സംഭവിക്കുന്ന സൂക്ഷ്മ വ്യതിയാനങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെന്ന മാധ്യമങ്ങളുടെ കുറ്റസമ്മതം. യു എസിലെ പ്രമുഖ പത്രങ്ങളെല്ലാം ഹിലരി ക്ലിന്റണ് വേണ്ടി പരസ്യമായി രംഗത്തുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ സര്‍വേകളെല്ലാം ഹിലാരിയുടെ വിജയം പ്രവചിച്ചു. ഫ്‌ളോറിഡയിലും നോര്‍ത്ത് കരോലിനയിലും ഓഹിയോയിലുമൊക്കെ ട്രംപ് വിജയമുറപ്പിച്ചതോടെ തന്നെ ഒഴുക്ക് വ്യക്തമായതാണ്. നിര്‍മാണ തൊഴില്‍ മേഖലയില്‍ വന്‍ പ്രതിസന്ധി അനുഭവിച്ച വിസ്‌കോന്‍സിന്‍, മിഷിഗണ്‍ തുടങ്ങിയ സ്റ്റേറ്റുകളില്‍ ട്രംപിന്റെ മുന്നേറ്റം ഉറപ്പായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രചാരണ കാലം കടന്നാണ് ട്രംപ് എന്ന ‘അധികപ്രസംഗി’ വൈറ്റ് ഹൗസിലെത്തുന്നത്. കള്ളി, വിവരമില്ലാത്തവള്‍, ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തവള്‍ തുടങ്ങി എതിരാളിക്കെതിരെ ട്രംപ് പ്രയോഗിച്ച വാക്കുകള്‍ക്ക് ലക്കും ലഗാനുമുണ്ടായിരുന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഹിലാരിയും ‘അവസരത്തി’നൊത്തുയര്‍ന്നു. ലൈംഗികതയും പണാപഹരണവും വഞ്ചനയും നികുതി വെട്ടിപ്പുമെല്ലാം ആരോപണങ്ങളായി പറന്നു നടന്നു. വൃത്തി കെട്ട തന്ത്രങ്ങള്‍ ഇരു പക്ഷവും പയറ്റി. ജനാധിപത്യ മര്യാദയുടെയും കുലീനതയുടെയും വലിപ്പത്തരങ്ങള്‍ പറഞ്ഞാല്‍ അമേരിക്കയെ ഇനി ലോകം വെറുതെ വിടില്ല. അമേരിക്കന്‍ ജനാധിപത്യത്തിന് ഈ 21ാം നൂറ്റാണ്ടിലും ഒരു വനിതയെ പ്രസിഡന്റാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തുല്യാവകാശത്തെ കുറിച്ചും അവര്‍ മിണ്ടരുത്.
സത്യത്തില്‍ ആധുനിക അമേരിക്ക അര്‍ഹിച്ചയാള്‍ തന്നെയാണ് ട്രംപ്. എബ്രഹാം ലിങ്കന്റെ സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇന്നില്ലല്ലോ. ലിബറല്‍, സോഷ്യലിസ്റ്റ് ധാരയില്‍ നിലയുറപ്പിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുമില്ല. ഹിരോഷിമാ, നാഗസാക്കി തൊട്ട് ലിബിയ വരെയുള്ള ആയിരക്കണക്കിന് ക്രൂരതയുടെ ചോരയില്‍ കുളിച്ച ആ രാജ്യം തങ്ങളുടെ ജനതയെ അപകടകരമായ ‘ആന്റി എസ്റ്റാബ്ലിഷ്‌മെന്റ്’ അവബോധത്തില്‍ എത്തിച്ചിരിക്കുന്നു. ആഫ്രോ വംശജനായ മനുഷ്യന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെ വംശീയതയുടെ മറ്റൊരു തരംഗം ആഞ്ഞടിക്കുകയായിരുന്നു അവിടെ. കറുത്ത വര്‍ക്കാര്‍ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിവേചനത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഈ സ്ഥിതിവിശേഷം ആഫ്രിക്കന്‍ വംശജരെ ഗുരുതരമായ അന്യവത്കരണത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഭീകരഭാവം കൈവരിച്ച മുസ്‌ലിംവിരുദ്ധത അയിത്തത്തിന്റെ നിലയിലേക്ക് മാറിയിരിക്കുകയാണ്. മുസ്‌ലിംകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ സംവിധാനങ്ങള്‍ വേണമെന്നും ഓരോ മുസ്‌ലിമിനെയും പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കണമെന്നും വിവിധ സ്റ്റേറ്റ് ഭരണകൂടങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരിക്കുന്നു. പള്ളികള്‍ അടക്കം മുസ്‌ലിംകള്‍ ഒത്തു ചേരുന്ന മുഴുവന്‍ ഇടങ്ങളും പഴുതടച്ച നിരീക്ഷണത്തിലാണ്. മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തനം തീര്‍ത്തും പരിമിതപ്പെടുത്തിയിരിക്കുന്നു. സ്‌കൂളില്‍ സയന്‍സ് പ്രോജക്ടിലേക്ക് ക്ലോക്ക് ഉണ്ടാക്കി കൊണ്ടുവന്ന ബാലനെ ബോംബ് കൊണ്ടുവന്നുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുന്നു. പര്‍ദയണിഞ്ഞ് സ്‌കൂളില്‍ വന്ന പതിമൂന്ന് കാരിയുടെ വസ്ത്രം പൊക്കി നോക്കി ടീച്ചര്‍ ചോദിക്കുന്നു: അകത്ത് ബോംബൊന്നുമില്ലല്ലോയെന്ന്. ഇതിന്റെ തുടര്‍ച്ചയായാണ് ട്രംപ് മുസ്‌ലിം വിരുദ്ധതയുടെ ആക്രോശം നടത്തുന്നത്. ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍: ‘മുസ്‌ലിംകള്‍ അമേരിക്കന്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മുസ്‌ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. സന്ദര്‍ശനത്തിനെത്തുന്നവരെ വരെ വിലക്കണം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്‌ലിംകള്‍’. യോര്‍ക്ക് ടൗണിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഈ ആക്രോശം.
അദ്ദേഹം ബിസിനസ്സുകാരനാണ്. എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. ബരാക് ഒബാമയെന്ന കറുത്തവന്‍ പ്രസിഡന്റ്പദമേറിയതോടെ ആരംഭിച്ച വംശീയ, തീവ്രവലതുപക്ഷ, മുസ്‌ലിംവിരുദ്ധ, കുടിയേറ്റവിരുദ്ധ സെന്റിമെന്റ്‌സിന്റെ ചാമ്പ്യനാകുകയാണ് ട്രംപ് ചെയ്തത്. ട്രംപ് റിപ്പബ്ലിക്കനേ അല്ലായിരുന്നു. അയാള്‍ക്ക് എന്തും വിളിച്ചു കൂവാം. അക്രമാസക്തനാകാം. അസിഹിഷ്ണുവാകാം. മാന്യത സമ്പൂര്‍ണമായി ഉപേക്ഷിക്കാം. എല്ലാ നെഗറ്റീവ് പ്രചാരണങ്ങളും അദ്ദേഹത്തിന് ഗുണകരമാകുകയാണ് ചെയ്തത്. ഫാസിസ്റ്റുകളെ നിങ്ങള്‍ എത്ര രൂക്ഷമായി വിമര്‍ശിക്കുന്നോ അത്രക്ക് അവര്‍ അനുയായികളെ സൃഷ്ടിക്കുകയാണ് ചെയ്യുക. നരേന്ദ്ര മോദിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ അതിന്റെ വകഭേദമാണല്ലോ കണ്ടത്. സോണിയാ ഗാന്ധിയെ വിദേശിയെന്ന് വിളിച്ച ബി ജെ പിയെ ഓര്‍മയില്ലേ. ഒബാമ അമേരിക്കനല്ലെന്ന് പറഞ്ഞാണ് ട്രംപും പ്രചാരണം തുടങ്ങിയത്. അന്യരെ സൃഷ്ടിക്കുക, ആട്ടിയോടിക്കുക, അതിര്‍ത്തിയടക്കുക. ഇതാണ് നയം. അവര്‍ അക്രമാസക്ത ദേശീയത കത്തിച്ചു നിര്‍ത്തി മനുഷ്യനെ തൊടുന്ന എല്ലാ പ്രശ്‌നങ്ങളെയും കരിച്ചു കളയും.
ലോകത്താകെ ആഞ്ഞടിക്കുന്ന നവ നാസിസത്തിന്റെ തരംഗമാണ് അമേരിക്കയിലും കണ്ടത്. ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് ഹിതപരിശോധന വിജയിച്ചപ്പോള്‍ ലോകം അത് കണ്ടു. ജര്‍മനിയില്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി സമീപനമെടുത്ത ആഞ്ചലാ മെര്‍ക്കലിന്റെ പാര്‍ട്ടി തിരിച്ചടി നേരിടുകയാണ്. പോളണ്ടില്‍ ഭരണം കൈയാളുന്നത് ദി ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയെന്ന തീവ്രവലതുപക്ഷ സംഘമാണ്. ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഫിഡസ് പാര്‍ട്ടിക്ക് പാര്‍ലിമെന്റില്‍ കേവല ഭൂരിപക്ഷമുണ്ട്. നോര്‍വേയില്‍ ദി പോര്‍ച്ചുഗീസ് പാര്‍ട്ടി, ഫിന്‍ലാന്‍ഡില്‍ ദി ഫിന്‍സ് പാര്‍ട്ടി, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ദി സ്വിസ്സ് പീപ്പിള്‍സ് പാര്‍ട്ടി, സ്വീഡനില്‍ ദി സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി…. ഇവയൊക്കെ ഇന്ത്യയിലെ ആര്‍ എസ് എസിനോട് സാമ്യപ്പെടുത്താവുന്ന ഫാസിസ്റ്റ് സംഘടനകളാണ്. എല്ലാവരും അടിക്കടി വിജയം നേടുന്നു. അവിടങ്ങളിലെല്ലാം മതേതര ജനാധിപത്യ ശക്തികള്‍ പകച്ച് നില്‍ക്കുകയാണ്.
ട്രംപിസത്തെ പിന്തുടരുകയോ പകര്‍ത്തുകയോ ചെയ്യുകയായിരുന്നു ഹിലരി. അവര്‍ ഒരിക്കലും ഡെമോക്രാറ്റിക് മൂല്യങ്ങള്‍ മുറുകെ പിടിച്ചിട്ടില്ല. ബേര്‍ണി സാന്‍ഡേഴ്‌സായിരുന്നു ഡെമോക്രാറ്റിക് നോമിനിയെങ്കില്‍ ചിത്രം മാറിയേനെ. സത്യത്തില്‍ ട്രംപ് നന്ദി പറയേണ്ടത് ഒബാമയോടാണ്. അദ്ദേഹം സൃഷ്ടിച്ച പ്രതീക്ഷാ നഷ്ടമാണ് ജനങ്ങളെ ഇങ്ങനെ അരാജകത്വത്തിലേക്ക് തള്ളിവിട്ടത്. അങ്ങനെയാണ് അവര്‍ അവ്യവസ്ഥയുടെ ആള്‍രൂപമായ കോടീശ്വരനെ തിരഞ്ഞെടുത്തത്.