Connect with us

Kerala

'500, 1000 രൂപ നോട്ടുകള്‍ എടുക്കില്ല'; ജനം വലയുന്നു

Published

|

Last Updated

500, 1000 രൂപ നോട്ടുകൾ എടുക്കില്ലെന്ന് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ സ്ഥാപിച്ച ബോർഡ്. ചിത്രം: സയ്യിദ് അലി ശിഹാബ്

500, 1000 രൂപ നോട്ടുകൾ എടുക്കില്ലെന്ന് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ സ്ഥാപിച്ച ബോർഡ്. ചിത്രം: സയ്യിദ് അലി ശിഹാബ്

കോഴിക്കോട്: 500, ആയിരം രൂപ നോട്ടുകള്‍ മുന്നറിയിപ്പ് കൂടാതെ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ജനങ്ങളെ വിഷമവൃത്തത്തിലാക്കുന്നു. ഇരുട്ടി വെളുത്തപ്പോഴേക്കും വെറും കടലാസ് കഷണങ്ങളായി മാറിയ ഈ നോട്ടുകള്‍ എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങള്‍ പരക്കംപായുകയാണ്. പെട്രോള്‍ പമ്പുകളില്‍ നോട്ടുകള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ രാവിലെ മുതല്‍ തന്നെ പലരും പമ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് കാണാമായിരുന്നു. ഹോട്ടലുകളിലും മറ്റു ചില വ്യാപാര സ്ഥാപനങ്ങളിലും 500, 1000 രൂപ നോട്ടുകള്‍ എടുക്കില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ചില്ലറ കൈയിലില്ലാത്തവര്‍ക്ക് പട്ടിണി കിടക്കേണ്ട സ്ഥിതിയാണ്. ബാങ്കുകളും എടിഎമ്മുകളും ഇന്ന് പ്രവര്‍ത്തിക്കാത്തതോടെ ചില്ലറ കണ്ടെത്താനുള്ള വഴികളും അടഞ്ഞു.

കള്ളപ്പണക്കാരെ ലക്ഷ്യമിട്ടുള്ള സര്‍ജിക്കല്‍ അറ്റാക്ക് എന്ന് വിശേഷിപ്പിക്കുന്ന തീരുമാനം പക്ഷേ പൊതുജനങ്ങള്‍ക്കാണ് തിരിച്ചടിയായത്. ബാങ്ക് ഇടപാടുകള്‍ നടത്താത്ത നല്ലൊരു ശതമാനം ഗ്രാമീണര്‍ തീര്‍ത്തും സാമ്പത്തിക അടിയന്തരാവസ്ഥ നേരിടുകയാണ്. നിത്യചെലവിന് പോലും പലരുടെയും കൈയില്‍ പണമില്ല. മരുന്ന് വാങ്ങണമെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ ഈ പണം ഉപയോഗപ്പെടുത്താം. പക്ഷേ, അതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം.

പ്രഖ്യാപനം മുന്നില്‍ കണ്ട് എടിഎമ്മുകളില്‍ പത്ത് ശതമാനം നൂറ് രൂപാ നോട്ടുകള്‍ നിറയ്ക്കണമെന്ന് ബാങ്കുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബാങ്കുകള്‍ ഇത് ഗൗരവത്തില്‍ എടുത്തില്ല.