Connect with us

Kozhikode

വിദ്യാര്‍ഥികള്‍ കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോ മാര്‍ച്ച് നടത്തി

Published

|

Last Updated

 താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കുന്നു

താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കുന്നു

താമരശ്ശേരി: കെ എസ് ആര്‍ ടി സി ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി. താമരശ്ശേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും അണ്ടോണ ചക്കിക്കാവ് പാലാട്ട് സുരേഷിന്റെയും ബിന്ദുവിന്റെയും മകളുമായ അരുണിമയുടെ മരണത്തിന് കാരണക്കാരനായ കെ എസ് ആര്‍ ടി സി ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ഥികളുടെ ജീവന്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ഐ എച്ച് ആര്‍ ഡി കോളജിലെയും വിദ്യാര്‍ഥികള്‍ മൂന്ന് സംഘങ്ങളായി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തിയത്.
എസ് എഫ് ഐ പ്രവര്‍ത്തകരുടെ മാര്‍ച്ചിന് പിന്നാലെ ഐ എച്ച് ആര്‍ ഡി കോളജ് വിദ്യാര്‍ഥികളും ഇതിന് പിന്നാലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും ഡിപ്പോ ലക്ഷ്യമാക്കി നീങ്ങിയത് പോലീസിനെ വട്ടം കറക്കി. ഡിപ്പോക്ക് മുന്നില്‍ പോലീസ് നിലയുറപ്പിച്ചെങ്കിലും എസ് എഫ് ഐ മാര്‍ച്ച് പുതിയ ബസ്സ്റ്റാന്‍ഡ് ഭാഗത്തേക്ക് നീങ്ങിയതോടെ പോലീസ് അങ്ങോട്ട് കുതിച്ചു. എന്നാല്‍ ഇവര്‍ ബസ്സ്റ്റാന്‍ഡ് ചുറ്റി വീണ്ടും ദേശീയ പാതയിലൂടെ കെ എസ് ആര്‍ ടി സി ഡിപ്പോക്കു മുന്നിലെത്തി. തിരിച്ചെത്തിയ പോലീസ് ഇവരെ തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ ദേശീയ പാത ഉപരോധിച്ചു. ഇതിനിടെ ഐ എച്ച് ആര്‍ ഡി കോളജിലെ വിദ്യാര്‍ഥികള്‍ ബസ്സ്റ്റാന്‍ഡിലൂടെ കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇതോടെ വിദ്യാര്‍ഥികള്‍ ബസ്സ്റ്റാന്‍ഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാര്‍ച്ചും ഡിപ്പോക്കു മുന്നിലെത്തിയതോടെ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ഡി വൈ എസ് പി. കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് ഏറെ പാടുപെട്ടാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.
സംഭവത്തില്‍ കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ മുക്കം നടുതൊടുകയില്‍ എന്‍ ഷിബുവിനെതിരെ ഐ പി സി 304 എ പ്രകാരം നരഹത്യക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും പോലീസ് കേസെടുത്തു. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ അറസ്റ്റ് ഒഴിവാക്കാന്‍ പോലീസില്‍ സമ്മര്‍ദം ചെലുത്തുന്നതായി ആരോപണമുണ്ട്.
ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു.

Latest