National
57 പിടികിട്ടാപ്പുള്ളികളെ കൈമാറണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: വായ്പ തിരിച്ചടക്കാതെ മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യ ഉള്‍പ്പെടെ 57 പിടികിട്ടാപ്പുള്ളികളെ കൈമാറണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടു. ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌യുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിജയ് മല്യക്ക് പുറമെ അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട് കേസിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍, ഗുജറാത്ത് കലാപക്കേസില്‍ ഉള്‍പ്പെട്ട സമീര്‍ അലി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ഇന്ത്യയിലുള്ള പതിനേഴ് പേരെ കൈമാറണമെന്ന് ബ്രിട്ടന്‍ ഇന്ത്യയോടും ആവശ്യപ്പെട്ടു.
പാരമ്പര്യേതര ഊര്‍ജ മേഖലകളിലും വ്യാപാര രംഗത്തും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പരസ്പര പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ഇന്ത്യ- യു കെ സാങ്കേതിക ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തെരേസ മെയ്‌യുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ജൂലൈയില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം യൂറോപ്പിന് പുറത്ത് തെരേസ മെയ് നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനവുമാണിത്. ഇന്ന് ബെംഗളൂരുവിലേക്ക് തിരിക്കുന്ന ഇവര്‍ അവിടെ ടെക് ഹബ് സന്ദര്‍ശിക്കുന്നുണ്ട്.
വ്യാപാര വ്യവസായ മേഖലകളില്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് തെരേസ മെയ് ഉറപ്പ് നല്‍കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് കമ്പനികള്‍ ഒമ്പത് ബില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ തീരുമാനമായെന്നും ഇതുസംബന്ധിച്ച കരാര്‍ പൂര്‍ത്തിയായതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സൗരോര്‍ജവുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിന് ഉന്നതകേന്ദ്രം സ്ഥാപിക്കാനും തീരുമാനമായി.
നിയമവിരുദ്ധമായി ബ്രിട്ടനില്‍ തുടരുന്ന മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ തിരിച്ചുപോകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നിര്‍ദേശിച്ചു. വിസ ചട്ടങ്ങളില്‍ ഇളവനുദിക്കുമെന്ന് വ്യക്തമാക്കിയ ഇവര്‍, ഇതു സംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി ഇന്ത്യയും ബ്രിട്ടനും ചേര്‍ന്ന് പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിസ നിയമങ്ങള്‍ കര്‍ക്കശമാക്കിയ നടപടിയില്‍ ഇന്ത്യ ബ്രിട്ടനെ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.
വിസ നിയമങ്ങള്‍ കര്‍ക്കശമാക്കിയത് പഠനത്തിന് ശേഷം ബ്രിട്ടനില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഐ ടി മേഖലയിലുള്ള ഇന്ത്യക്കാരെയും ഈ നടപടി ബാധിക്കും.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകുന്ന പശ്ചാത്തലത്തില്‍, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ദ്വിദിന സന്ദര്‍ശനത്തിന് മെയ് ഇന്ത്യയിലെത്തിയത്.
നാല്‍പ്പത് വ്യവസായികളുമായാണ് തെരേസ മെയ്‌യുടെ ഇന്ത്യാ സന്ദര്‍ശനം.






